CrimeKeralaNews

‘സെക്‌സ് ഫോട്ടോ’ പദ്ധതി ചീറ്റി,അധ്യാപികയുടെ കല്യാണം മുടക്കിയ സഹപ്രവര്‍ത്തകന്‍ അകത്ത്‌

കണ്ണൂര്‍:കൂടെ ജോലി ചെയ്യുന്ന യുവതി വേറെ വിവാഹം കഴിക്കുന്നത് തടയാൻ യുവതിയുടെ അശ്ളീല ചിത്രങ്ങൾ വ്യാജമായി നിർമിച്ച അധ്യാപകൻ അറസ്റ്റിൽ. അശ്ലീല ചിത്രങ്ങൾ വ്യാജമായി നിർമ്മിക്കുക മാത്രമല്ല അത് യുവതിയുടെ പ്രതിശ്രുത വരന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.

യുവതിയുടെ വിവാഹം മുടക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി പ്രവർത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. കണ്ണൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അദ്ധ്യാപകനായ കണ്ണൂർ പള്ളിക്കുന്ന് വിഘ്‌നേശ്വര ഹൗസിൽ പ്രശാന്ത് (40) ആണ് പിടിയിലായത്. 

സ്ഥാപനത്തിൽ പ്രശാന്തിനൊപ്പം അദ്ധ്യാപനം നടത്തുന്ന യുവതിയുടെ ചിത്രങ്ങളാണ് ഇയാൾ മോർഫ് ചെയ്തത്. യുവതി ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറിൽ നിന്നും ഇയാൾ തന്നെയാണ് ചിത്രങ്ങൾ ശേഖരിച്ചതെന്നാണ് വിവരം. യുവതി കമ്പ്യൂട്ടറിലൂടെ തൻ്റെ സുഹൃത്തുമായി നടത്തിയ ചാറ്റുകളിൽ നിന്നുമാണ് പ്രതി ഫോട്ടോ ശേഖരിച്ചത്.

ലോഗ്ഔട്ട് ചെയ്യാത്ത അക്കൗണ്ട് വീണ്ടും തുറന്ന് യുവതിയുടെ ചിത്രങ്ങളെടുത്ത് പ്രശാന്ത് വ്യാജ അശ്ളീല ചിത്രങ്ങൾ നിർമിക്കുകയായിരുന്നു. തുടർന്ന് ചിത്രങ്ങൾ യുവതിയുടെ ഭാവി വരന് അയച്ചുകൊടുക്കുകയും ചെയ്തു. 

അടുത്ത മാസമായിരുന്നു യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. പ്രതി യുവതിയുടെ പ്രതിശ്രുത വരന് കൊറിയറിലൂടെയാണ് ചിത്രങ്ങൾ അയച്ചുകൊടുത്തതെന്നും പൊലീസ് പറയുന്നു. ചിത്രങ്ങൾ കണ്ട് ഞെട്ടിയ വരനും ബന്ധുക്കളും വിവാഹം വേണ്ടെന്നു വച്ച് യുവതിയുടെ വീട്ടിലെത്തുകയായിരുന്നു.

വരനും ബന്ധുക്കളും എത്തിയപ്പോൾ മാത്രമാണ് യുവതിയും വീട്ടുകാരും ഈ വിഷയങ്ങൾ അറിയുന്നത്. എന്നാൽ അത്തരത്തിൽ ഒരു പ്രശ്നവുമില്ലെന്ന് യുവതി ഉറപ്പിച്ചു പറയുകയും ചെയ്തു. തുടർന്നാണ് ഈ വിഷയത്തിൽ പൊലീസിന് പരാതി നൽകുവാൻ തീരുമാനിച്ചത്. 

പിന്നാലെ എടച്ചേരി പൊലീസിൽ യുവതിയുടെ വീട്ടുകാർ പരാതി നൽകുകയായിരുന്നു. ഏതു കൊറിയർ ഏജൻസി വഴിയാണ് വരൻ്റെ വീട്ടിൽ കത്ത് എത്തിയതെന്ന് പൊലീസ് അന്വേഷിച്ചു. തുടർന്ന് ഏജൻസി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. കൊറിയർ സർവീസ് കേന്ദ്രം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രശാന്ത് പിടിയിലായത്.

കൊറിയർ സ്ഥാപനത്തിലെ കാമറ പരിശോധിച്ച പൊലീസ് കവർ കെെമാറാൻ എത്തിയ വ്യക്തിയെ കണ്ടെത്തി. എന്നാൽ അതാരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. കാരണം കവർ കൈമാറാൻ എത്തിയ വ്യക്തി തൊപ്പിയും കറുത്ത മാസ്കം ധരിച്ചിരുന്നു. 

തുടർന്ന് തിരിച്ചറിയുന്നതിനായി യുവതിയെ കൊറിയർ സ്ഥാപനത്തിൽ പൊലീസ് എത്തിക്കുകയായിരുന്നു. മാസ്‌കും തൊപ്പിയും ധരിച്ചിരുന്ന പ്രതി സഹപ്രവ‌ർത്തകനാണെന്ന് യുവതി തിരിച്ചറിഞ്ഞതോടെയാണ് സംഭവത്തിൽ ദുരൂഹത നീങ്ങിയത്.

തുടർന്ന് പൊലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിനുശേഷം റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker