ഐശ്വര്യയെ സിനിമകൾ ചെയ്യാൻ അനുവദിക്ക്; നിങ്ങൾ മകളെ നോക്കൂ; കമന്റിന് മറുപടിയുമായി അഭിഷേക് ബച്ചൻ

മുംബൈ:ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ലോക സുന്ദരിയായി ഇന്നും അറിയപ്പെടുന്ന ഐശ്വര്യയെ ജീവിത സഖിയാക്കാൻ കഴിഞ്ഞത് അഭിഷേക് ബച്ചനാണ്. ബച്ചൻ കുടുംബത്തിലേക്കുള്ള ഐശ്വര്യയുടെ വരവ് അന്നേറെ ചർച്ചയായിരുന്നു.

കരിയറിൽ സൂപ്പർ ഹിറ്റ് നായിക നടിയായി തിളങ്ങി നിൽക്കുകയായിരുന്നു ഐശ്വര്യ. അന്താരാഷ്ട്ര ബ്രാൻഡുകളുടെ പരസ്യങ്ങളിൽ വരെ കാണുന്ന മുഖം. ലോക പ്രശസ്തയാണ് ഐശ്വര്യയെങ്കിൽ അഭിഷേകിന്റെ കരിയറിന് അന്ന് അത്രമാത്രം താരത്തിളക്കമുണ്ടായിരുന്നില്ല.

അമിതാഭ് ബച്ചന്റെ മകനായ അഭിഷേക് സഹനായക വേഷങ്ങളിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ സിനിമയിലെ നായകനല്ല ജീവിതത്തിലെ ഹീറോയെയാണ് ഐശ്വര്യ തെരഞ്ഞെടുത്തതെന്ന് പിന്നീട് ആരാധകർക്ക് വ്യക്തമായി. നീണ്ട പതിനാറ് വർഷമായി സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ആരാധ്യ എന്ന മകളും ഇരുവർക്കും പിറന്നു.

Aishwarya Rai

കരിയറിനൊപ്പം തന്നെ തന്റെ കുടുംബത്തെയും ചേർത്ത് നിർത്താനാണ് ഐശ്വര്യ റായ് ശ്രമിക്കുന്നത്. മകൾ ആരാധ്യയെ പിരിഞ്ഞിരിക്കാൻ നടിക്കിഷ്ടമല്ല. മിക്കയിടങ്ങളിലും ആരാധ്യയെ ഐശ്വര്യ ഒപ്പം കൂട്ടുന്നു. സിനിമാ പ്രൊമോഷൻ ചടങ്ങുകളിലും ആഘോഷ പരിപാടികളിലുമെല്ലാം ആരാധ്യയെ ഐശ്വര്യക്കൊപ്പം കാണാം. പൊതുവെ സെലിബ്രറ്റികൾ മക്കളെ ലൈം ലൈറ്റിൽ നിന്ന് മാറ്റി നിർത്താൻ ശ്രമിക്കുമെങ്കിലും ഐശ്വര്യ ഇതിന് തയ്യാറായിട്ടില്ല.

നാല് വർഷം സിനിമകളിൽ നിന്ന് ഇതിനിടെ ഐശ്വര്യ മാറി നിന്നു. കുടുംബത്തോടൊപ്പമുള്ള സമയത്തിനാണ് ഐശ്വര്യ അന്ന് പ്രാധാന്യം കൊടുത്തത്. ഇടവേള അവസാനിപ്പിച്ച് പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ ഉ​ഗ്രൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് ഐശ്വര്യ റായ്. സിനിമയുടെ രണ്ട് ഭാ​ഗങ്ങളിലും ഐശ്വര്യ തിളങ്ങി. നന്ദിനി എന്ന കഥാപാത്രം ഐശ്വര്യയേക്കാൾ മികച്ചതായി ചെയ്യാൻ മറ്റാരുമില്ലെന്ന് ഏവരും പറയുന്നു.

കരിയറിൽ അഭിഷേക് ബച്ചനും ഐശ്വര്യക്ക് വലിയ പിന്തുണ നൽകുന്നു. ഇപ്പോഴിതാ ഒരാളുടെ സോഷ്യൽ മീഡിയയിലെ കമന്റിന് അഭിഷേക് ബച്ചൻ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. പൊന്നിയിൻ സെൽവൻ രണ്ടാം ഭാ​ഗത്തെ പുകഴ്ത്തി ട്വീറ്റിട്ടതായിരുന്നു അഭിഷേക്. ഭാര്യയിൽ അഭിമാനിക്കുന്നെന്നും അഭിഷേക് ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു.

‘നിങ്ങൾ അഭിമാനിക്കണം, ഇനി ഐശ്വര്യയെ കൂടുതൽ സിനിമകൾ ചെയ്യാൻ അനുവദിക്കുക, നിങ്ങൾ ആരാധ്യയെ നോക്കുകയും ചെയ്യുക’ എന്ന
കമന്റ് ഇതിന് താഴെയായി വന്നു. അഭിഷേക് ഇതിന് മറുപടി നൽകുകയും ചെയ്തു. ‘അവളെ അനുവദിക്കെന്നോ? സർ, അവൾക്ക് എന്ത് ചെയ്യാനും എന്റെ അനുവാദം വേണ്ട. പ്രത്യേകിച്ചും അവൾക്കിഷ്ടമുള്ള കാര്യം,’ എന്നാണ് അഭിഷേകിന്റെ മറുപടി. നടന്റെ നിലപാടിന് കൈയടിച്ചിരിക്കുകയാണ് ആരാധകർ.

ഐശ്വര്യയും അഭിഷേകും മാതൃകാ ദമ്പതികളാണെന്ന് പലരും അഭിപ്രായപ്പെട്ടു. 2007 ഏപ്രിൽ മാസത്തിലാണ് ഐശ്വര്യയും അഭിഷേക് ബച്ചനും വിവാഹം കഴിച്ചത്. ഇരുവരും ഒരുപിടി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അഭിഷേക് തന്റെ നല്ല സുഹൃത്ത് കൂടിയാണെന്നാണ് ഐശ്വര്യ മുമ്പ് പറഞ്ഞത്.

നാല് വർഷത്തെ ഇടവേള അവസാനിപ്പിച്ച് ഐശ്വര്യ വീണ്ടും കരിയറിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ്. നടിയുടെ പുതിയ സിനിമകളുടെ ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ട്. പ്രഖ്യാപനമൊന്നും വന്നിട്ടില്ല. കരിയറിൽ അടയാളപ്പെടുത്താൻ പറ്റുന്ന കഥാപാത്രമാണ് പൊന്നിയിൻ സെൽവനിലൂടെ ഐശ്വര്യക്ക് ലഭിച്ചിരിക്കുന്നത്.

നടിയും മണിരത്നവും ഒരുമിച്ച് പ്രവർത്തിച്ച മിക്ക സിനിമകളും ഹിറ്റാണ്. രാവണൻ, ​ഗുരു, ഇരുവർ തുടങ്ങിയ മണിരത്നം സിനിമകളിലും ഐശ്വര്യ റായ് നേരത്തെ തിളങ്ങിയിട്ടുണ്ട്. ബോളിവുഡിനൊപ്പം തന്നെ തെന്നിന്ത്യൻ സിനിമകൾക്കും ഐശ്വര്യ എന്നും പ്രാധാന്യം നൽകിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News