കൊച്ചി: എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പുറത്തിറക്കിയ ലോക്ക് ഡൗണ്‍ കാലത്തെ കൊച്ചിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ വലിയ പ്രതികരണമാണ് വീഡിയോയ്ക്കു ലഭിക്കുന്നത്. ആളും ആരവങ്ങളും ഒരിക്കലും ഒഴിയാത്ത കൊച്ചിയുടെ ലോക്ക് ഡൗണ്‍ കാലത്തെ ശൂന്യമായ വഴികളും ശാന്തമായ അന്തരീക്ഷവും വ്യത്യസ്തമായ ദൃശ്യാനുഭവമാണ് നല്‍കുന്നത്.
ഫോര്‍ട്ടുകൊച്ചി കടല്‍ത്തീരത്തു നിന്നാരംഭിക്കുന്ന വീഡിയോ മട്ടാഞ്ചേരി ജൂതത്തെരുവ് പോലുള്ള പ്രാചീന തെരുവുകള്‍ പിന്നിട്ട് തോപ്പുപടി പാലം, വൈറ്റില, എം.ജി. റോഡ്, മറൈന്‍ ഡ്രൈവ്, ഗോശ്രീ പാലം, ഇടപ്പള്ളി, കളമശേരി എന്നീ പോയിന്റുകള്‍ കടന്ന് ആലുവയില്‍ അവസാനിക്കുന്നു.
നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നു. വരും തലമുറയ്ക്ക് പാഠമാകേണ്ട ചരിത്രരേഖയാണിതെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നു. ആളും ആരവവുമില്ലാത്ത കൊച്ചിയുടെ അപൂര്‍വ്വ ചിത്രീകരണമാണെന്ന് മറ്റു ചിലര്‍ പറയുമ്പോള്‍ ഇതു വരെ ആസ്വദിച്ചിട്ടില്ലാത്ത കൊച്ചിയുടെ അപൂര്‍വ്വ സൗന്ദര്യമാണ് ദൃശ്യങ്ങളിലെന്ന് പറയുന്നു ചിലര്‍.
ഡ്രോണ്‍ ക്യാമറയും ഗോപ്രോയും ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തിരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിലെ വീഡിയോ സ്ട്രിംഗര്‍ രഘുരാജ് അമ്പലമേടാണ് ദൃശ്യങ്ങള്‍ തയാറാക്കിയത്.