32.3 C
Kottayam
Saturday, April 20, 2024

സഭാ ഭൂമി ഇടപാട്: നഷ്ടം 29.5 കോടി രൂപ,താന്‍ ശ്രമിച്ചത് പ്രശ്‌നം ഒഴിവാക്കാനെന്ന് ബിഷപ്പ് ആന്റണി കരിയില്‍

Must read

കൊച്ചി: വൈദികര്‍ക്ക് തുറന്ന കത്തുമായി ബിഷപ് ആന്റണി കരിയില്‍. എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കാന്‍ സിനഡ് വാശി പിടിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. അതിരൂപതയ്ക്ക് കീഴില്‍ ചില രൂപതകളില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കിയെങ്കിലും ഐക്യം ഉണ്ടായിട്ടില്ല. അതിരൂപതയില്‍ കുര്‍ബാന പരിഷ്‌കാരം നടപ്പാക്കിയാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമായിരുന്നു. പ്രശ്‌നം ഉണ്ടാകാതിരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും ബിഷപ്പ് പറയുന്നു.

ചാലക്കുടി ആശ്രമത്തില്‍ നിന്നാണ് കത്ത് എഴുതിയത്. തന്നെ അനുസരണ ഇല്ലാത്തവനായി സിനഡ് ചിത്രീകരിച്ചുവെന്ന് അദ്ദേഹം വിമര്‍ശിക്കുന്നു. സിനഡിനെ അനുസരിച്ചിരുന്നെങ്കില്‍ തനിക്ക് സ്ഥാനം ഉറപ്പാക്കാമായിരുന്നു. സത്യത്തിനും നീതിക്കും വേണ്ടിയാണ് അത് ചെയ്യാതിരുന്നതെന്നും കത്തില്‍ പറയുന്നു. അതിരൂപത മെത്രാപൊലീത്തന്‍ വികാരി ആയത് സിനഡ് ഒപ്പം ഉണ്ടാകും എന്ന ഉറപ്പിലാണെന്നും അദ്ദേഹം പറയുന്നു.

അതിരൂപതയുടെ ഭൂമി വില്പനയില്‍ അതിരൂപതയ്ക്ക് വലിയ നഷ്ടം ഉണ്ടായെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അതിരൂപതയ്ക്ക് 29.51 കോടി രൂപയുടെ നഷ്ടം ആണ് ഉണ്ടായത്. നഷ്ടം ഉണ്ടാക്കിയത് ആരാണെന്ന് അതിരൂപതയ്ക്ക് അറിയേണ്ടതാണ്. അതിരൂപത നേരിട്ട് സിവില്‍ കേസ് കൊടുക്കാന്‍ നിയമോപദേശം കിട്ടിയിട്ടും താന്‍ അത് ചെയ്തില്ല. വിഷയം സഭയ്ക്ക് ഉള്ളില്‍ പരിഹരിച്ച് തീര്‍ക്കാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറയുന്നു.

ഭൂമി വില്‍പ്പന വിവാദത്തിലും, കുര്‍ബാന ഏകീകരണത്തിലുമടക്കം സിനഡ് തീരുമാനങ്ങളെ തള്ളിയുള്ള വൈദിക നീക്കത്തെ പിന്തുണച്ചതിനാണ് ബിഷപ് ആന്റണി കരിയിലിനെതിരായ വത്തിക്കാന്റെ നടപടി. വത്തിക്കാന്‍ സ്ഥാനപതി ദില്ലിയിലേക്ക് വിളിച്ച് രാജി ആവശ്യപ്പെട്ടെങ്കിലും ബിഷപ് ആദ്യം വിസമ്മതിച്ചിരുന്നു. തുടര്‍ന്നാണ് ന്യൂന്‍ഷോ ലെയോപോള്‍ദോ ജെറെല്ലി നേരിട്ട് ബിഷപ്പ് ഹൗസിലെത്തി രാജി എഴുതി വാങ്ങിയത്. എറണാകുളം അങ്കമാലി അതിരൂപതയക്ക് അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി വത്തിക്കാന്‍ പ്രഖ്യാപനവും വന്നു.

തൃശ്ശൂര്‍ അതിരൂപത മെത്രാപോലീത്തന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനാണ് എറണാകുളം അങ്കമാലി അതിരൂപതയുടെ അധിക ചുമതല നല്‍കിയത്. അതിരൂപതയുടെ ദൈനംദിന കാര്യങ്ങള്‍ സിനഡുമായും മേജര്‍ ആര്‍ച്ച് ബിഷപ്പുമായും ആലോചിച്ച് ചെയ്യണം. തീരുമാനങ്ങളെല്ലാം മര്‍പ്പാപ്പയുടെ നേരിട്ടുള്ള അനുവാദത്തോടെയാകണം. വത്തിക്കാന്‍ പ്രഖ്യാപനം വന്നതിന് പിറകെ ബിഷപ് ആന്റണി കരിയില്‍ അധികാരം മാര്‍ ആഡ്രൂസ് താഴത്തിന് കൈമാറി . ബിഷപ് കരിയിലിന് പുതിയ ചുമതല നല്‍കിയില്ല. അതേസമയം വത്തിക്കാന്‍ നടപടിക്കെതിരെ പ്രക്ഷോഭം ആലോചിക്കാന്‍ ആഗസ്റ്റ് ഏഴിന് കൊച്ചിയില്‍ കര്‍ദ്ദിനാള്‍ വിരുദ്ധ വൈദികരും വിശ്വാസികളും മഹാ സംഗമം വിളിച്ചിട്ടുണ്ട്. ആഗസ്റ്റ് 15 മുതല്‍ സിനഡ് സമ്മേളനവും ആരംഭിക്കും. വിമത നീക്കത്തെ ശക്തമായി നേരിടാനാണ് വത്തിക്കാന്‍ സിനഡിന് നല്‍കിയ നിര്‍ദ്ദേശം.

അങ്കമാലി അതിരൂപതയുടെ മെത്രാപൊലീത്തന്‍ വികാരി സ്ഥാനത്ത് നിന്ന് ബിഷപ്പ് ആന്റണി കരിയലിനെ മാറ്റിയത് പ്രശ്‌നപരിഹാരങ്ങളുടെ തുടക്കമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കിയിരുന്നു.ഏകീകൃത കുര്‍ബാന ഉടന്‍ അല്ലെങ്കിലും ഉറപ്പായും നടപ്പിലാകുമെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പുതിയ നേതൃത്വത്തില്‍ പ്രതീക്ഷയുണ്ടെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week