28.4 C
Kottayam
Tuesday, April 30, 2024

ഒന്നര വയസുള്ള കുഞ്ഞ് ജീപ്പില്‍ നിന്ന് തെറിച്ച് വീണതറിയാതെ യാത്ര തുടര്‍ന്ന് മാതാപിതാക്കള്‍; തുണയായത് വനം വകുപ്പിന്റെ സി.സി.ടി.വി( വീഡിയോ കാണാം )

Must read

മൂന്നാര്‍: ഒന്നര വയസുള്ള കുഞ്ഞ് ജീപ്പില്‍നിന്ന് തെറിച്ചു റോഡില്‍ വീണതറിയാതെ മാതാപിതാക്കള്‍ യാത്ര തുടര്‍ന്നു. മാതാപിതാക്കള്‍ കുട്ടി റോഡില്‍ വീണ വിവരമറിഞ്ഞത് മൂന്നു മണിക്കൂറിനു ശേഷമാണ്. വനംവകുപ്പിന്റെ സിസിടിവിയില്‍ റോഡില്‍ കുഞ്ഞിന്റെ ദൃശ്യം പതിഞ്ഞതോടെ വനം വകുപ്പ് ജീവനക്കാര്‍ കുട്ടിയെ രക്ഷപ്പെടുത്തി. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ച് നാലു മണിക്കൂറിനു ശേഷം മാതാപിതാക്കള്‍ക്ക് കൈമാറി. ഞായറാഴ്ച രാത്രി 10 ഓടെയായിരുന്നു സംഭവം. കമ്പിളികണ്ടം സ്വദേശികളായ സതീഷ്- സത്യഭാമ ദമ്പതികള്‍ ഞായറാഴ്ച രാവിലെ പഴനിയില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങുന്നതിനിടയിലായിരുന്നു സംഭവം. വൈകുന്നേരത്തോടെ പഴനിയില്‍ നിന്നും മടങ്ങുന്നതിനിടയില്‍ രാജമല അഞ്ചാം മൈലില്‍ വച്ച് വളവു തിരിയുന്നതിനിടയില്‍ ജീപ്പിന്റെ അരികിലിരുന്ന മാതാവിന്റെ കൈയില്‍ നിന്നു കുട്ടി തെറിച്ചു വീഴുകയായിരുന്നു. കുട്ടി വീണതറിയാതെ ജീപ്പ് മുന്നോട്ടു പോകുകയും ചെയ്തു.

 

ഈ സമയത്ത് രാത്രി കാവല്‍ ഡ്യൂട്ടിയിലേര്‍പ്പെട്ടിരുന്ന വനം വകുപ്പ് ജീവനക്കാരുടെ സിസി ടിവി കാമറയില്‍ എന്തോ ഒന്ന് റോഡില്‍ ഇഴഞ്ഞു നടക്കുന്നത് കണ്ടു. തുടര്‍ന്നാണ് കുട്ടിയാണെന്ന് വ്യക്തമായത്. ഉടന്‍ ഓടിയെത്തി കുട്ടിയെ എടുക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കുട്ടിയെ വനം വകുപ്പ് ഓഫീസിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. തുടര്‍ന്ന് വനം വകുപ്പ് ജീവനക്കാര്‍ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മിയെ വിവരം അറിയിച്ചു. വാര്‍ഡന്റെ നിര്‍ദേശ പ്രകാരം കുട്ടിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാര്‍ പോലീസിനെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരം അറിയിക്കുകയായിരുന്നു.

 

 

ഇതിനിടയില്‍ പന്ത്രണ്ടരയോടെ കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലെത്തി വാഹനത്തില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് കുട്ടി ഇല്ലെന്ന് മനസിലായത്. ജീപ്പിലും പരിസരങ്ങളിലും അന്വേഷിച്ചിട്ട് കാണാത്തതിനെ തുടര്‍ന്ന് വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. വെള്ളത്തൂവല്‍ സ്റ്റേഷനില്‍ നിന്നും മൂന്നാര്‍ പോലീസുമായി ബന്ധപ്പെട്ടപ്പോഴാണ് കുട്ടിയെ ലഭിച്ച വിവരം അറിയുന്നത്. മൂന്നാര്‍ ആശുപത്രിയില്‍ കുഞ്ഞ് സുരക്ഷിതമായുണ്ടെന്ന് വിവരം ധരിപ്പിച്ച ശേഷം മാതാപിതാക്കളെ മൂന്നാറില്‍ വരാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു. കമ്പിളികണ്ടത്തു നിന്നും യാത്ര പുറപ്പെട്ട് പുലര്‍ച്ചെ മൂന്നോടെ മൂന്നാറിലെത്തിയ കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week