തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിക്കെതിരേ കേന്ദ്ര അന്വേഷണം. വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിനെതിരേ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കമ്പനിക്കെതിരേ ലഭിച്ച പരാതിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. സി.എം.ആർ.എൽ., കെ.എസ്.ഐ.ഡി.സിയും അന്വേഷണ പരിധിയിൽ ഉണ്ട്.
മാസപ്പടി വിവാദത്തിന് പിന്നാലെയാണ് വീണ്ടും എക്സാലോജിക്കിനെതിരേ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് രജിസ്ട്രാർ ഓഫ് കമ്പനീസ് നേരത്തെ അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
സി.എം.ആർ.എല്ലും കെ.എസ്.ഐ.ഡി.സിയും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ, എക്സാലോജിക്കിന്റെ സാമ്പത്തിക സ്രോതസ്സുകൾ ഉൾപ്പെടെ പരിശോധിക്കും. മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തുക. അന്വേഷണം നടത്തി നാലുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യം.