സോളാര്‍ കേസ് വീണ്ടും കുത്തിപ്പൊക്കാനൊരുങ്ങി ബി.ജെ.പി; കേന്ദ്ര അന്വേഷണ ഏജന്‍സി സരിതയെ സമീപിച്ചു
തിരുവനന്തപുരം: സോളാര്‍ കേസ് വീണ്ടും കുത്തിപ്പൊക്കാനൊരുങ്ങി ബിജെപി കേന്ദ്രനേതൃത്വം. കേസിന്റെ നിലവിലെ സ്ഥിതിവിവരങ്ങള്‍ അന്വേഷിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സരിത എസ് നായരെ സമീപിച്ചു. സരിത തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരെന് പരിചയപ്പെടുത്തിയവര്‍ തിരുവനന്തപുരത്തും ചെന്നൈയിലും സരിതയുമായി കൂടിക്കാഴ്ച നടത്തി. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ താല്‍പര്യപ്രകാരമാണ് അന്വേഷണ ഉദ്യോഗസ്ഥരെത്തിയതെന്നാണ് വിവരം.
എന്നാല്‍ ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി അബ്ദുള്ളക്കുട്ടി എന്നിവരെ സംബന്ധിച്ച വിവരങ്ങള്‍ തേടി. നേതാക്കള്‍ക്കെതിരെയുള്ള അന്വേഷണ പുരോഗതി ആരാഞ്ഞെന്നും സരിത പറഞ്ഞു.
കേസില്‍ തനിക്ക് നീതി ലഭിച്ചിട്ടില്ല. എന്നാല്‍ രാഷ്ട്രീയ ലാഭത്തിനുവേണ്ടി നിന്നുകൊടുക്കാന്‍ താല്‍പര്യവുമില്ലെന്നും സരിത പറഞ്ഞു. ഇപ്പോഴത്തെ അന്വേഷണം ഇഞ്ഞ് നീങ്ങുകയാണ്. അത് എന്തുകൊണ്ടാണെന്ന് അറിയില്ല. സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സരിത കൂട്ടിച്ചേര്‍ത്തു.