കൊവിഡ് ഒന്നാം തരംഗത്തിനിടെ ജീവനൊടുക്കിയത് 8,761 പേര്‍; കണക്ക് പുറത്തുവിട്ട് കേന്ദ്രം
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയുടെ ആദ്യ തരംഗത്തില്‍ രാജ്യത്ത് തൊഴിലില്ലായ്മയും കടബാധ്യതയും മൂലം ജീവനൊടുക്കിയത് 8,761 പേരെന്ന് റിപ്പോര്‍ട്ട്. 2020 ലാണ് ഇത്രയും അധികം പേര്‍ ജീവനൊടുക്കിയതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയില്‍ അറിയിച്ചു.
2018നും 2020നും ഇടയില്‍ സാമ്പത്തിക പ്രതിസന്ധി മൂലം 25,251 പേര്‍ ജീവനൊടുക്കിയിട്ടുണ്ട്. അതേസമയം, 2020 ല്‍ ആത്മഹത്യ ചെയ്ത കുടിയേറ്റ തൊഴിലാളികളുടെ കണക്ക് ലഭ്യമല്ലെന്നും അതിനാല്‍ നഷ്ടപരിഹാരത്തെക്കുറിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
അതേസമയം ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ള കൊവിഡ് കേസുകള്‍ 40 കോടി ( 402,767,162 ) പിന്നിട്ടു. 30 കോടി കേസുകള്‍ തികഞ്ഞ് വെറും ഒരു മാസം പിന്നിട്ടപ്പോഴാണ് 40 കോടിയിലേക്കെത്തിയതെന്ന് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി വ്യക്തമാക്കി. ഒമിക്രോണ്‍ വകഭേദമാണ് കേസുകള്‍ കുത്തനെ ഉയരാന്‍ കാരണം. 2019 അവസാനം മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഒരു വര്‍ഷം കൊണ്ട് 2021 ജനുവരിയിലാണ് 100 ദശലക്ഷം കൊവിഡ് രോഗികള്‍ ലോകത്തുണ്ടായത്.
എന്നാല്‍, ഇപ്പോള്‍ വെറും ആറ് മാസകാലയളവില്‍ കേസുകള്‍ ഇരട്ടിയായി വര്‍ദ്ധിക്കുകയാണ്. 5,785,000ലേറെ മരണങ്ങളാണ് ലോകത്താകെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.അതേ സമയം, ലോകത്ത് കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം ഇതുവരെ കവര്‍ന്നത് 500,000 പേരുടെ ജീവനാണ്. ലോകമെമ്പാടുമുള്ള 13 കോടി പേരെയാണ് ഒമിക്രോണ്‍ പിടികൂടിയതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.