കൊവിഡ് വ്യാപനത്തിനിടയിൽ സി.എ.എ നടപടികളാരംഭിച്ച് കേന്ദ്രം,രാജ്യത്തെത്തിയ മുസ്ലിം ഇതര പൗരന്മാരിൽ നിന്ന് ഇന്ത്യൻ പൗരത്വം നേടുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു
ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടി തുടങ്ങി. ഇതിന്റെ ആദ്യ ചുവടുവെയ്പായി അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയ മുസ്ലിം ഇതര പൗരന്മാരിൽ നിന്ന് ഇന്ത്യൻ പൗരത്വം നേടുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു
ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽലെ 13 ജില്ലകളിൽ താമസിക്കുന്നവരിൽ നിന്നാണ് അപേക്ഷ തേടിയത്. ഇവർ 2014 ഡിസംബർ 31 നുള്ളിൽ ഇന്ത്യയിലെത്തിയവരായിരിക്കണം എന്ന നിബന്ധനയുമുണ്ട്.
സിഎഎ നിയമം 2019 ൽ കൊണ്ടുവന്നപ്പോൾ രാജ്യമൊട്ടാകെ വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. 2020 ന്റെ തുടക്കത്തിലും പ്രതിഷേധം ശക്തമായിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്നാണ് സമരങ്ങൾ തണുത്തത്.
നിയമ പ്രകാരം ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ജെയിൻ, ബുദ്ധിസ്റ്റ്, പാഴ്സി, ക്രിസ്ത്യൻ മത വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ സാധിക്കും. പൗരത്വം മതത്തിന്റെയോ ജാതിയുടെയോ പേരിലാകരുതെന്ന ഭരണഘടനയുടെ അടിസ്ഥാന തത്വം ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു ഇതിനെതിരായ പ്രതിഷേധം.