‘ഇടവേള എടുക്കുകയല്ല വ്യക്തിഗത കരിയർ ആരംഭിക്കുന്നു എന്ന് മാത്രം’തെറ്റായി വിവർത്തനം ചെയ്യപ്പെട്ടു:ബിടിഎസ്’
പ്രശസ്ത ദക്ഷിണകൊറിയന്‍ പോപ്പ് ബാന്‍ഡായ ബിടിഎസ് പിരിയുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി പറഞ്ഞ് ബാന്‍ഡ്.തങ്ങളുടെ വീഡിയോ തെറ്റായി വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇടവേള എടുക്കുകയല്ല, തങ്ങള്‍ വ്യക്തിഗത പരിപാടികളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് എന്ന വിശദീകരണമാണ് സംഘം നല്‍കുന്നത്. ബിടിഎസ് ഗായകന്‍ ജുങ്കുക്ക് സംസാരിക്കുന്നതാണ് വീഡിയോ.
കൊറിയന്‍ ഭാഷയില്‍ നല്‍കിയ വിശദീകരണം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ സംഭവിച്ച ആശയകുഴപ്പമാണെന്ന് തെറ്റിദ്ധാരണകള്‍ക്ക് കാരണമായതെന്ന് ജുങ്കുക്ക് പറയുന്നു. തങ്ങള്‍ വ്യക്തിഗത പരിപാടികളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും, അതേ സമയം ഒന്നിച്ചു പരിപാടികള്‍ ചെയ്യുമെന്നും ജുങ്കുക്ക് വ്യക്തമാക്കി. തങ്ങള്‍ക്ക് തല്‍ക്കാലം വേര്‍പിരിയാന്‍ ഉദ്ദേശമില്ലെന്നും ജുങ്കുക്ക്.
ബിടിഎസിലെ അംഗങ്ങള്‍ തങ്ങളുടെ ആദ്യ ആല്‍ബത്തിന്റെ ഒന്‍പതാം വാര്‍ഷികം ആഘോഷിക്കാന്‍ ചേര്‍ന്ന അത്താഴവിരുന്നിന് ശേഷമാണ് വ്യക്തിഗത പരിപാടികളെക്കുറിച്ചുള്ള തീരുമാനം അറിയിച്ചത്. അതിന് പിന്നാലെ സംഘം വേർപിരിയുകയാണ് എന്ന തരത്തിൽ പ്രചാരണങ്ങൾ ഉണ്ടായി.
ബാൻഡിന് പിന്നിൽ പ്രവർത്തിക്കുന്ന വിനോദ കമ്പനിയായ ‘ബിഗ്ഹിറ്റും’ ഇതിൽ വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്. “ബിടിഎസ് വേർപിരിയുന്നില്ല. വ്യക്തിഗത പരിപാടികളിലേയ്ക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന് മാത്രം.”
വീഡിയോ പുറത്ത് വന്നതോടെ ബിടിഎസ് ആർമി എന്നറിയപ്പെടുന്ന ലോകമെമ്പാടുമുള്ള ബിടിഎസ് ആരാധകർ കടുത്ത നിരാശയിലായിരുന്നു. ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് ‘പ്രൂഫ്’ എന്ന സംഗീത ആൽബം ബിടിഎസ് പുറത്ത് വിട്ടത്. ആദ്യ ദിവസം തന്നെ പ്രൂഫിൻ്റെ ഇരുപത് ലക്ഷത്തിലധികം കോപ്പികളാണ് വിറ്റുപോയത്.
ഇപ്പോഴത്തേതിനേക്കാൾ പക്വതയോടെ ബിടിഎസ് തിരികെ വരുമെന്നായിരുന്നു ഒൻപതാം വാർഷികത്തോട് അനുബന്ധിച്ചുള്ള അത്താഴ വിരുന്നിലെ വീഡിയോയിൽ ബിടിഎസ് പറഞ്ഞത്.