കോഴ ആരോപണത്തിൽ വഴിത്തിരിവ്; ഹരിദാസൻ പണം കൈമാറിയില്ലെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കോഴയാരോപണത്തിൽ നിർണായകമായ വഴിത്തിരിവ്. പരാതിക്കാരനായ ഹരിദാസ് അഖിൽ മാത്യുവിന് പണം കൈമാറിയെന്ന് അവകാശപ്പെട്ട ദിവസം ഹരിദാസ് പറഞ്ഞ സ്ഥലത്തുവെച്ച് ആർക്കും പണം കൈമാറിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു.
ഏപ്രില്‍ 10-ന് ഉച്ചകഴിഞ്ഞ് ബാസിതും ഹരിദാസും സെക്രട്ടറിയേറ്റിനു സമീപമെത്തിയ സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. ഇരുവരും അവിടെ നിന്ന ശേഷം മടങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മറ്റാരെങ്കിലുമായി കൂടിക്കാഴ്ച നടത്തുന്നതോ പണം കൈമാറുന്നതോ ദൃശ്യങ്ങളിലില്ല. ഇതോടെ പണം കൈമാറി എന്ന ഹരിദാസൻ്റെ വാദം സംശയനിഴലിലായി. ഏപ്രില്‍ 10-ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ശേഷം അഖിലിന് പണം കൈമാറി എന്നായിരുന്നു ഹരിദാസൻ്റെ വാദം.
ഹരിദാസനും ബാസിതും മന്ത്രി വീണ ജോര്‍ജിന്റെ ഓഫീസിന് സമീപമെത്തി ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ച ശേഷം മടങ്ങി പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. മന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തിറങ്ങി അഖില്‍ മാത്യു പണം കൈപറ്റി എന്ന ഹരിദാസന്റെആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചില്ല. എന്നാല്‍, ആ സമയം അഖില്‍ തിരുവനന്തപുരത്തില്ലായിരുന്നു എന്നത് പോലീസ് നേരത്തെ സ്ഥിരീകരിക്കുകയും ചെയ്തു.
ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അഖിലിന് പകരം ആള്‍മാറാട്ടം നടത്തി മറ്റാരെങ്കിലും പണം വാങ്ങിയോ എന്ന സംശയവും ഇല്ലാതാകുകയാണ്. അതേസമയം കേസിനു പിന്നിലെ ദുരൂഹതകൾ വർദ്ധിക്കുകയും ചെയ്യുന്നു. മലപ്പുറത്തെത്തി പോലീസ് ബാസിതിൻ്റെ മൊഴിയെടുക്കും. ഇതോടെ കേസുമായി ബന്ധപ്പെട്ട ദുരൂഹതകൾ മറനീക്കി പുറത്തുവരുമെന്ന വിശ്വാസത്തിലാണ് പോലീസ്.
ഹരിദാസന്റെ മകന്റെ ഭാര്യക്ക് ആയുഷ് മിഷനില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ ജോലി കിട്ടാന്‍ പത്തനംതിട്ടയിലെ സി.പി.എം. പ്രവര്‍ത്തകനെന്ന് അവകാശപ്പെട്ട അഖില്‍ സജീവും മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന്‍ അഖില്‍ മാത്യുവും ചേര്‍ന്ന് 1.75 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് ഹരിദാസന്റെ പരാതി. പോലീസിന് അത് സംബന്ധിച്ച് ഒരു തെളിവും കണ്ടെത്താനായിട്ടില്ലെങ്കിലും ഹരിദാസ് ഈ മൊഴിയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.