NationalNews

ഇന്ത്യയുടെ ആദിത്യ എൽ1 ഭൂമിയുടെ സ്വാധീനവലയത്തിൽ നിന്ന് വിട്ടു; ഇതുവരെ 9.2 ലക്ഷം കി.മീ. യാത്ര

ബെംഗളൂരു: ഇന്ത്യയുടെ സൗര ദൗത്യം ആദിത്യ എൽ1 ഭൂമിയുടെ സ്വാധീനവലയത്തിൽനിന്നു വിട്ടതായി ഐഎസ്ആർഒ. ഭൂമിയിൽനിന്ന് 9.2 ലക്ഷം കിലോമീറ്റർ ദൂരം ആദിത്യ യാത്ര ചെയ്തിട്ടുണ്ട്. ഇപ്പോൾ സൂര്യനും ഭൂമിക്കുമിടയിലുള്ള ഒന്നാം ലെഗ്രാഞ്ചെ ബിന്ദുവിലേക്കുള്ള യാത്രയിലാണെന്നും ഐഎസ്ആർഒ അറിയിച്ചു. ഭൂമിയിൽനിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയാണിത്. ഇവിടെനിന്നു തടസ്സമോ മറവോ കൂടാതെ സൂര്യനെ തുടർച്ചയായി വീക്ഷിക്കാനും പഠിക്കാനും കഴിയും.

സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്ക് 11.50ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് 1480.7 കിലോ ഭാരമുള്ള ആദിത്യയുമായി പിഎസ്എൽവി – എക്സ്എൽസി57 റോക്കറ്റ് കുതിച്ചുയർന്നത്. പിഎസ്എൽവി – എക്സ്എൽസി57 റോക്കറ്റ് ആദിത്യയെ വിജയകരമായി ആദ്യ ഭ്രമണപഥത്തിലെത്തിച്ചു. വിക്ഷേപിച്ച് 64 മിനിറ്റിനു ശേഷം 648.7 കിലോമീറ്റർ ദൂരത്തുവച്ചാണ് ആദിത്യ വേർപെട്ടത്. 

സൗര അന്തരീക്ഷത്തിന്റെ മുകൾഭാഗത്തെ ചൂടും അതുവഴിയുള്ള വികിരണം മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാകുന്ന മാറ്റവും 5 വർഷത്തോളം പഠിക്കും. വിവിധ പഠനങ്ങൾക്കായി വെൽക്, സ്യൂട്ട്, സോളക്സ്, ഹെലിയസ്, അസ്പെക്സ്, പാപ, മാഗ് എന്നീ 7 പേലോഡുകൾ ആദിത്യയിലുണ്ട്. സൗരദൗത്യം നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker