അച്ഛൻ പട്ടാളച്ചിട്ടയോട് കൂടിയാണ് വളർത്തിയത്, വളരെ സ്ട്രിക്റ്റാണ്: വിജയ്
ചെന്നൈ:നടൻ വിജയ് യുടെ കൃത്യനിഷ്ഠമായ ശീലങ്ങൾ സിനിമയ്ക്ക് പുറത്ത് എപ്പോഴും ചർച്ചയാവാറുണ്ട്. ഏതൊരു പരിപാടിക്കും പറഞ്ഞ സമയത്തിന് മുൻപ് തന്നെ എത്തിച്ചേരണം എന്നത് വിജയ് ഇന്നും പാലിക്കുന്ന ശീലമാണ്. അത്തരമൊരു ശീലം തന്റെ ജീവിത്തത്തിൽ ഉണ്ടാക്കിയെടുത്തത് അച്ഛനാണെന്നും അത് ഇനി ഒരിക്കലും മാറ്റാൻ പറ്റില്ലെന്നും തുറന്ന് പറഞ്ഞ് വിജയ്.
‘അച്ഛൻ പട്ടാളച്ചിട്ടയോട് കൂടിയാണ് വളർത്തിയത്, വളരെ സ്ട്രിക്റ്റാണ്. രാവിലെ ആറ് മണിക്കുള്ള പരിപാടിയിൽ അഞ്ച്മിനിറ്റ് വൈകി ചെന്നാലും എന്തോ തെറ്റ് ചെയ്ത ഫീലാണ് ഉണ്ടാവുക. കാരണം കൃത്യനിഷ്ഠ അച്ഛൻ അത്രത്തോളം എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഡ്രൈവർ അഞ്ച് മിനിറ്റ് ലേറ്റ് ആയാലും ഞാൻ ദേഷ്യപ്പെടും, ആറ് മണിക്ക് ഷൂട്ടിന് എത്തിയാലും 7 മണിക്കേ ചിലപ്പൊ ഷൂട്ട് തുടങ്ങൂ. പക്ഷേ അതൊന്നും എന്നെ ബാധിക്കാറില്ല. അവർ പറഞ്ഞ സമയത്ത് നമ്മൾ അവിടെയയുണ്ടായിരിക്കണം.” വിജയ് പറഞ്ഞു.
നിലവിൽ തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും താരമൂല്യമുള്ള നടനാണ് വിജയ്. തമിഴ് സംവിധായകൻ എസ്. എ ചന്ദ്രശേഖറിന്റെ മകനായി പതിനെട്ടാം വയസിൽ ‘നാളയ തീർപ്പ്’ എന്ന അച്ഛൻ തന്നെ സംവിധാനം ചെയ്ത സിനിമയിലൂടെയായിരുന്നു നായകനായുള്ള വിജയ്ന്റെ സിനിമ ലോകത്തേക്കുള്ള അരങ്ങേറ്റം.
ചെറുപ്പത്തിൽ വളരെ ഉത്സാഹത്തോടെ എല്ലാം ചെയ്തു നടന്നിരുന്ന വിജയ് തന്റെ അനിയത്തി വിദ്യയുടെ അപ്രതീക്ഷിതമായ മരണത്തോടെയാണ് വളരെ ഒതുങ്ങികൂടിയ പ്രകൃതമായി മാറിയത്. രണ്ട് വർഷത്തോളം കഴിഞ്ഞാണ് വിജയ് അതിൽ നിന്നും പുറത്തുവന്നതെന്നും താരത്തിന്റെ അമ്മ ഒരിക്കൽ പറയുകയുണ്ടായി. വിജയ് യുടെ വിവി പ്രൊഡക്ഷൻ ഹൌസ് സഹോദരി വിദ്യക്കുള്ള സമർപ്പണമാണ്.