വ്യാജപ്രചാരണം: ബ്രസീലില്‍ ടെലഗ്രാം നിരോധിച്ചു
ബ്രസിലിയ: വ്യാജപ്രചാരണങ്ങളെ തടയാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മെസേജിങ് ആപ്പായ ടെലഗ്രാം നിരോധിച്ച് ബ്രസീല്‍. അടുത്ത ഇലക്ഷനായി തീവ്ര വലതുപക്ഷക്കാരനായ പ്രസിഡന്റ് ജെയ്ര് ബോല്‍സൊനാരോ പ്രചരണത്തിന് പ്രധാനമായും ഉപയോഗിക്കുന്ന മാധ്യമമാണ് ടെലഗ്രാം.
തെറ്റായ സന്ദേശങ്ങള്‍ നീക്കം ചെയ്യണമെന്ന നിര്‍ദേശം അംഗീകരിക്കാത്തതിനെത്തുടര്‍ന്നാണ് രാജ്യവ്യാപകമായി ടെലഗ്രാം നിരോധിക്കാന്‍ ജഡ്ജി അലക്സാണ്ടര്‍ ഡി മൊറേസ് നിര്‍ദേശം നല്‍കിയത്. ബ്രസീലിയന്‍ നിയമത്തോട് ടെലഗ്രാം കാണിക്കുന്ന അനാദരവും കോടതി ഉത്തരവുകള്‍ പാലിക്കപ്പെടുന്നതില്‍ വരുത്തുന്ന വീഴ്ചകളും പൂര്‍ണമായും നിയമവാഴ്ചയ്ക്കെതിരാണെന്ന് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ജഡ്ജി പറഞ്ഞു.
ഒക്ടോബറിലാണ് ബ്രസീലില്‍ അടുത്ത തിരഞ്ഞെടുപ്പ്. ജനപ്രീതി വീണ്ടെടുക്കാന്‍ ബോല്‍സൊനാരോ ടെലഗ്രാമില്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനിടെയാണ് നിരോധനം. തെറ്റായ പ്രചാരണങ്ങള്‍ നടത്തിയതിന് ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ബോല്‍സൊനാരോയുടെ പല പോസ്റ്റുകളും ബ്ലോക്ക് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ടെലഗ്രാമില്‍ പ്രചാരണം ശക്തമാക്കാന്‍ ബോല്‍സൊനാരോ നീക്കം തുടങ്ങിയത്.
ബോല്‍സൊനാരോയ്ക്കെതിരെ ഉത്തരവിട്ട അന്വേഷണത്തില്‍ നടപടി ഉണ്ടാകാത്തത് നിരോധന ഉത്തരവില്‍ കോടതി എടുത്തുപറഞ്ഞു. ഈ കേസില്‍ തനിയ്ക്കെതിരെ വ്യക്തിപരമായ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയ്ക്കെതിരെ പ്രസിഡന്റ് പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു.