കാനഡ അതിർത്തിയിൽ ബോട്ടപകടം, ഇന്ത്യക്കാരടക്കം എട്ട്പേർ മരിച്ച നിലയിൽ
കാനഡ: കാനഡ അതിർത്തിയിൽ ഇന്ത്യക്കാരടക്കം എട്ട്പേർ മരിച്ച നിലയിൽ. കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചവരാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. കാനഡ-യുഎസ് അതിർത്തിക്ക് സമീപമുള്ള ചതുപ്പിൽ മറിഞ്ഞ നിലയില്‍ കാണെപ്പട്ട ബോട്ടിന് സമീപമാണ് റൊമാനിയൻ, ഇന്ത്യൻ കുടുംബങ്ങളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ബോട്ടില്‍ നിന്നും റൊമാനിയൻ കുടുംബത്തിലെ കുഞ്ഞിന്റെ പാസ്പോർട്ട് കിട്ടിയെന്നും കുഞ്ഞിനായി തെരച്ചിൽ നടക്കുന്നുവെന്നും പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച വൈകിട്ടോടെയാണ് ചതുപ്പില്‍ അകപ്പെട്ട നിലയില്‍ ബോട്ട് കണ്ടെത്തിയത്. മരണപ്പെട്ടവരില്‍ ആറ് പേര്‍ രണ്ട് കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്ന് ഡെപ്യൂട്ടി പൊലീസ് മേധാവി ലീ-ആൻ ഒബ്രിയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മരണപ്പെട്ടവരില്‍ ഒരാള്‍ റൊമാനിയന്‍ വംശജരും മറ്റൊരാൾ ഇന്ത്യൻ പൗരനുമാണെന്നാണ് പ്രാഥമിക വിവരം. എല്ലാവരും കാനഡയില്‍ നിന്നും യുഎസിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചവരാണെന്ന് പൊലീസ് വ്യക്തിമാക്കി.
‘മൃതദേഹങ്ങളില്‍ നിന്നും റൊമേനിയന്‍ പൌരയായ ഒരു കുഞ്ഞിന്‍റെ പാസ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞ് ചതുപ്പിലകപ്പെട്ടതായാണ് കരുതുന്നത്’. കുഞ്ഞിനായി പ്രദേശത്ത് തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
പ്രദേശത്ത് വ്യോമസേന നടത്തിയ തെരച്ചിലിലാണ് അപകടത്തില്‍പെട്ട ബോട്ട് കണ്ടെത്തന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആദ്യ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയപ്പോളാണ് മറ്റുള്ളവരുടെ മൃതദേഹം കണ്ടെത്തിയത്.
മോശം കാലാവസ്ഥയായതിനാലാകാം ബോട്ട് മറിഞ്ഞതെന്നാണ് പ്രാഥമിക നിരീക്ഷണം. മഴയായതിനാല്‍ പ്രദേശത്ത് തെരച്ചിലിന് വെല്ലുവിളി നേരിടുന്നുണ്ട്. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
കുടിയേറ്റക്കാരുടെ മരണം വേദനാജനകമാണെന്നും മരണപ്പെട്ടവരുടെ കുടുംബത്തിന്‍റെ ദുഖത്തോടൊപ്പം പങ്കു ചേരുന്നുവെന്നും പ്രധാനമന്ത്രി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കാനഡയിൽ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ മാസം രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.