ISL:ബ്ലാസ്റ്റേഴ്സിന് നാല് കോടി രൂപ പിഴ,കോച്ചിന് വിലക്ക്,ടീം പരസ്യമായി മാപ്പു പറയണം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ നോക്കൗട്ട് മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ട കേരള ബ്ലാസ്‌റ്റേഴ്‌സിനും കോച്ചിനും അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ പിഴ ചുമത്തി.

ബ്ലാസ്റ്റേഴ്സിന് നാല് കോടി രൂപയാണ് പിഴശിക്ഷ വിധിച്ചത്. മൈതാനത്ത് നിന്ന് താരങ്ങളെ തിരികെ വിളിച്ച കോച്ച്‌ ഇവാന്‍ വുക്കൊമനോവിച്ച്‌ പത്ത് മത്സരങ്ങളില്‍ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. സംഭവത്തില്‍ പരസ്യമായി മാപ്പ് പറയാനും ബ്ലാസ്റ്റേഴ്സിനോട് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ നിര്‍ദേശിച്ചു. വിധിക്കെതിരെ ബ്ലാസ്റ്റേഴ്സിന് അപ്പീല്‍ പോകാനും അവസരമുണ്ട്.

ഇവാന്‍ വുക്കൊമനോവിച്ചിന് ടീമിന്റെ ഡ്രസിങ് റൂമില്‍ വരെ പ്രവേശന വിലക്ക് ബാധകമാണ്. കോച്ചും മാപ്പ് പറയണമെന്ന് ഫെഡറേഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മാപ്പ് പറഞ്ഞില്ലെങ്കില്‍ പിഴ തുക പത്ത് ലക്ഷമാകും. പത്ത് ദിവസത്തിനകം പിഴയടക്കാനും നിര്‍ദേശമുണ്ട്. താരങ്ങള്‍ കളം വിട്ടതിന്റെ പേരില്‍ മത്സരം ഉപേക്ഷിക്കേണ്ടി വരുന്നത് ലോക ഫുട്ബോളിലെ അത്യപൂര്‍വ സംഭവങ്ങളിലൊന്നാണെന്ന് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ അച്ചടക്ക സമിതി അദ്ധ്യക്ഷന്‍ വൈഭവ് ഗഗ്ഗാര്‍ പറഞ്ഞു.

ബെംഗളൂരു എഫ്‌സിക്കെതിരായ നോക്കൗട്ട് മത്സരത്തിനിടെ സുനില്‍ ഛേത്രി നേടിയ വിവാദ ഗോള്‍ റഫറി അനുവദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ മത്സരം നിര്‍ത്തിവെച്ച്‌ കളംവിട്ടത്. ഗോള്‍ രഹിതമായ നിശ്ചിത സമയത്തിന് ശേഷം എക്‌സ്ട്രാ ടൈമിലായിരുന്നു വിവാദ ഗോള്‍ പിറന്നത്.

എക്‌സ്ട്രാ ടൈമിന്റെ 96-ാം മിനുറ്റില്‍ ലഭിച്ച ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയ്യാറെടുക്കും മുന്‍പ് ഛേത്രി വലയിലാക്കി. എന്നാല്‍ തങ്ങള്‍ തയ്യാറെടുക്കും മുന്‍പാണ് കിക്കെടുത്തതെന്നും അതിനാല്‍ ഗോള്‍ അനുവദിക്കരുതെന്നും ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ വാദിച്ചു. റഫറി തീരുമാനം മാറ്റാന്‍ തയ്യാറാകാതിരുന്നതോടെ കോച്ച്‌ ഇവാന്‍ വുകോമനോവിച്ച്‌ താരങ്ങളെ ഡ്രസ്സിംഗ് റൂമിലേക്ക് തിരികെ വിളിക്കുകയായിരുന്നു.

സംഭവത്തില്‍ ബ്ലാസ്റ്റേഴ്‌സ് കുറ്റക്കാരാണെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എഐഎഫ്‌എഫിന്റെ അച്ചടക്ക കോഡിന്റെ ആര്‍ട്ടിക്കിള്‍ 58 കേരള ബ്ലാസ്റ്റേഴ്‌സ് ലംഘിച്ചെന്നായിരുന്നു കണ്ടെത്തല്‍. സംഭവം അച്ചടക്ക സമിതി വിശദമായി ചര്‍ച്ച ചെയ്തുവെന്നും മത്സരം നിര്‍ത്തിപ്പോകാനുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ തീരുമാനം ഇന്ത്യന്‍ ഫുട്‌ബോളിനെ മോശമായി ബാധിച്ചുവെന്നും വിലയിരുത്തലുണ്ടായിരുന്നു.

ഇന്ത്യയില്‍ തന്നെ ഇതിനു മുന്‍പ് ഒരിക്കല്‍ മാത്രമേ ഇതുപോലൊരു സംഭവമുണ്ടായിട്ടുള്ളൂ. 2012 ഡിസംബര്‍ 9ന് കൊല്‍ക്കത്തയില്‍ നടന്ന ഈസ്റ്റ് ബംഗാള്‍ – മോഹന്‍ ബഗാന്‍ മത്സരത്തിലായിരുന്നു ഇത്. അന്നു കളം വിട്ട മോഹന്‍ ബഗാന്റെ 12 പോയിന്റ് വെട്ടിക്കുറയ്ക്കുകയും 2 കോടി രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News