അതിരാവിലെ വെറും വയറ്റില്‍ ഗോമൂത്രം വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കൂ, കൊവിഡിനെ പ്രതിരോധിക്കാം! അവകാശവാദവുമായി ബി.ജെ.പി എം.എല്‍.എ
ലഖ്‌നൗ: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ പുതിയ അവകാശ വാദവുമായി ബി.ജെ.പി എം.എല്‍.എ. ഗോമൂത്രം കുടിച്ചാല്‍ കൊവിഡിനെ തടയാമെന്നാണ് പുതിയ വാദം. ഉത്തര്‍പ്രദേശിലെ എംഎല്‍എയായ സുരേന്ദ്ര സിങാണ് പുതിയ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
കൊവിഡിനെ പ്രതിരോധിക്കാന്‍ ഗോമൂത്രം കുടിക്കാന്‍ പറഞ്ഞുകൊണ്ട് ബിജെപി എംഎല്‍എ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ ബയിരിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് സുരേന്ദ്ര സിങ്.
ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഇദ്ദേഹം ഗോമൂത്രം കുടിക്കുന്നതും മറ്റുള്ളവരോട് കുടിക്കാന്‍ നിര്‍ദേശിക്കുന്നതും കാണാം. ശരീരത്തിന്റെ ആരോഗ്യത്തിന് ഗോമൂത്രം മികച്ച ഔഷധമാണെന്നാണ് സുരേന്ദ്ര സിങ്ങിന്റെ അഭിപ്രായം.
പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ദിവസം 18 മണിക്കൂര്‍ ജോലി ചെയ്തിട്ടും താന്‍ ഊര്‍ജസ്വലനായിരിക്കുന്നതിനു പിന്നില്‍ ഗോമൂത്രമാണെന്നാണ് എംഎല്‍എ അവകാശപ്പെടുന്നു. അതിരാവിലെ വെറും വയറ്റില്‍ ഗോമൂത്രം വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കണമെന്നും അര മണിക്കൂര്‍ മറ്റൊന്നും കഴിക്കരുതെന്നും എംഎല്‍എ വീഡിയോയില്‍ പറയുന്നുണ്ട്.
കൊവിഡിനെതിരെ മാത്രമല്ല, ഹൃദ്രോഗമുള്‍പ്പെടെ മറ്റ് പല രോഗങ്ങള്‍ക്കും ഈ പാനീയം വളരെ ഫലപ്രദമാണെന്നും സുരേന്ദ്ര സിങ് കൂട്ടിച്ചേര്‍ത്തു. തന്റെ ഈ സന്ദേശം ലോകം മുഴുവന്‍ പ്രചരിപ്പിക്കണമെന്നും അങ്ങനെ എല്ലാവരും കോവിഡില്‍ നിന്ന് രക്ഷപ്പെടണണെന്നും സുരേന്ദ്ര സിങ് വീഡിയോയില്‍ പറയുന്നുണ്ട്.