ശശി തരൂര്‍ എം.പിയെ അയോഗ്യനാക്കണമെന്ന് ബി.ജെ.പി നേതാവ് നിഷാന്ത് ദുബേ
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ശശി തരൂര്‍ എം.പിയെ അയോഗ്യനാക്കണമെന്ന് ബി.ജെ.പി നേതാവ് നിഷാന്ത് ദുബേ. ഇക്കാര്യം ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് നിഷാന്ത് കത്തയച്ചു. ബി.1.617 വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് വിശേഷിപ്പിച്ച് ശശി തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് ദുബേ കത്തയച്ചിരിക്കുന്നത്.
ട്വീറ്റിനെ ഉത്തരവാദിത്വമില്ലായ്മയുടെ അങ്ങേയറ്റത്തെ പെരുമാറ്റം എന്നാണ് ദുബേ വിശേഷിപ്പിച്ചത്. ലോകാരോഗ്യ സംഘടന അത്തരം ഒരു വകഭേദമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും ആ ഘട്ടത്തിലാണ് തരൂരിനെ പോലുള്ള ഒരാള്‍ അശാസ്ത്രീയമായ കാര്യം പറഞ്ഞിരിക്കുന്നതെന്നും ദുബേ കത്തില്‍ ആരോപിക്കുന്നു.
നേരത്തെ കൊവിഡിന് ഇന്ത്യന്‍ വകഭേദമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന അത്തരം പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു.
കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം വ്യാപിക്കുന്നെന്ന് തരത്തില്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഐ.ടി മന്ത്രാലയം പറഞ്ഞു. സൗത്ത് ആഫ്രിക്ക, ബ്രസീല്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലെ വകഭേദങ്ങള്‍ക്ക് ശേഷം കണ്ടെത്തിയ നാലാമത്തെ വകഭേദമാണ് ബി.1.617.