പക്ഷിപ്പനി കോവിഡിനേക്കാൾ നൂറുമടങ്ങ് അപകടകാരി, ജാഗ്രത വേണം; ആശങ്ക പങ്കുവെച്ച് ശാസ്ത്രജ്ഞർ
ന്യൂയോർക്ക്: യു.എസിൽ മിഷിഗണിലും ടെക്സാസിലും പക്ഷിപ്പനി പടരുന്നതിൽ ആശങ്ക പങ്കുവെച്ച് ശാസ്ത്രജ്ഞർ. പക്ഷിപ്പനി പടർന്ന ഫാമുകളിലൊന്നിലെ ജീവനക്കാരന് വൈറസ് ബാധയേറ്റതോടെയാണ് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ), രോഗകാരിയായ എച്ച്5എൻ1 വൈറസിനെ പഠനവിധേയമാക്കിയത്. ഉയർന്ന മരണനിരക്കിന് കാരണമാകുന്ന എച്ച്5എൻ1 വൈറസ്, കോവിഡ്-19 വൈറസിനേക്കാൾ നൂറുമടങ്ങ് അപകടകാരിയെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി.
അസാധാരണമാംവിധം മരണനിരക്ക് ഉയർത്താൻ കഴിയുന്ന അപകടകാരിയായാണ് മ്യൂട്ടേഷൻ സംഭവിച്ച എച്ച്5എൻ1 വൈറസ്. വൈറസിനെ കൈകാര്യം ചെയ്യുന്നതിൽ ചെറിയ പാളിച്ചയുണ്ടായാൽ തന്നെ, അത് വേഗം ലോകം മുഴുക്കെ പടരുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
പക്ഷിപ്പനി ബാധിക്കുന്നതിൽ പകുതിപേരും മരിക്കുന്നതായാണ് 2003 മുതലുള്ള ഡബ്ലു.എച്ച്.ഒ. കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം, നിലവിൽ കോവിഡ് മരണനിരക്ക് വെറും 0.1 ശതമാനംമാത്രമാണ്. കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ മരണനിരക്ക് 20 ശതമാനം ആയിരുന്നു. പക്ഷിപ്പനി ബാധിതരിലെ ഉയർന്ന മരണനിരക്ക് ആശങ്കയുളവാക്കുന്നതാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
മനുഷ്യൻ അടക്കമുള്ള സസ്തനികളിലേക്ക് വേഗത്തിൽ പകരാൻ സാധ്യതയുള്ള വൈറസാണ് എച്ച്5എൻ1 എന്ന് പിറ്റ്സ്ബർഗ് യൂണിവേഴ്‌സിറ്റിയിലെ പക്ഷിപ്പനി ഗവേഷകനായ ഡോ. സുരേഷ് കുച്ചിപുടി പറഞ്ഞു. മനുഷ്യനിലേക്ക് പടർന്നുതുടങ്ങിയ സ്ഥിതിക്ക് വൈറസിനെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഫാമുകളിൽ കൃത്യമായ അണുനശീകരണം നടത്തണം. അല്ലെങ്കിൽ എച്ച്5എൻ1 വൈറസ് ലോകത്താകമാനം പടർന്നുപിടിക്കാൻ അധികം സമയം വേണ്ടിവരില്ലെന്നും ഡോ. സുരേഷ് പറഞ്ഞു.
വരാനിരിക്കുന്ന ഒരു വൈറസിനെക്കുറച്ചല്ല നമ്മൾ ചർച്ച ചെയ്യുന്നത്. നിലവിലുള്ളതും പക്ഷി-മൃഗാദികൾക്കിടയിൽ വലിയ തോതിൽ പടർന്നുകൊണ്ടിരിക്കുന്നതുമായ ഒരു വൈറസിനെക്കുറിച്ചാണ്. ലോകത്തെല്ലായിടത്തും പക്ഷിപ്പനിയുണ്ട്. അതുകൊണ്ടുതന്നെ നമ്മൾ എച്ച്5എൻ1 വൈറസിനെക്കുറിച്ച് കൂടുതൽ പഠിക്കുകയും അതിനെ തടയാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും വേണം – ഡോ. സുരേഷ് പറഞ്ഞു.
എച്ച്5എൻ1 വൈറസ് കോവിഡ്-19 നേക്കാൾ നൂറുമടങ്ങ് അപകടകാരിയാണെന്ന് പഠനത്തിൽ പങ്കാളിയായ ഫാർമസ്യൂട്ടിക്കൽ കമ്പനി കൺസൾട്ടന്റ് ജോൺ ഫൾട്ടൺ പറയുന്നു. എച്ച്5എൻ1 വൈറസിന് ഇനിയും ജനിതകമാറ്റങ്ങൾ സംഭവിക്കുകയും മനുഷ്യനിലേക്ക് പടരുകയും ചെയ്താൽ സ്ഥിതി കൂടുതൽ വഷളാവുമെന്ന് ജോൺ മുന്നറിയിപ്പ് നൽകി. ഡബ്ലു.എച്ച്.ഒ. യുടെ കണക്കനുസരിച്ച് ലോകത്താകെ ഇതുവരെ 887 പേർക്കാണ് പക്ഷിപ്പനി ബാധിച്ചിിട്ടുള്ളത്. അതിൽ 462 പേർ മരിച്ചതായാണ് റിപ്പോർട്ട്.