FootballKeralaNewsSports

കേരള ബ്ലസ്റ്റേഴ്സിൻ്റെ വിജയക്കുതിപ്പിന് വിരാമം,ബെംഗളൂരു എഫ്.സിയ്ക്ക് ജയം

തിലക് മൈതാൻ: ഇന്ത്യൻ സൂപ്പർ ലീഗിലെ ബ്ലാസ്റ്റേഴ്സിന്റെ അപരാജിതക്കുതിപ്പ് അവസാനിപ്പിച്ച് ബെംഗളൂരു എഫ്.സി. ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിന് ബെംഗളൂരു പരാജയപ്പെടുത്തി. ബെംഗളൂരുവിനായി റോഷൻ സിങ് നയോറം വിജയഗോൾ നേടി.

തുടർച്ചയായ പത്തുമത്സരങ്ങളിൽ തോൽക്കാതെ ബെംഗളൂരുവിനെതിരേ കളിക്കാനിറങ്ങിയ മഞ്ഞപ്പടയ്ക്ക് പിഴച്ചു. കോവിഡ് ഏൽപ്പിച്ച ആഘാതം ടീമിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു. 18 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ടീം ബെംഗളൂരുവിനെതിരേ കളിക്കാനിറങ്ങിയത്.

ഈ വിജയത്തോടെ ബെംഗളൂരു പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി. 14 മത്സരങ്ങളിൽ നിന്ന് 20 പോയന്റാണ് ടീമിനുള്ളത്. തോറ്റെങ്കിലും ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടരുന്നു. 12 മത്സരങ്ങളിൽ നിന്ന് 20 പോയന്റാണ് ടീമിനുള്ളത്.

മത്സരം തുടങ്ങിയപ്പോൾ തൊട്ട് ബ്ലാസ്റ്റേഴ്സ് തനത് ശൈലിയിൽ ആക്രമിച്ച് കളിച്ചു. ഛേത്രിയുടെ നേതൃത്വത്തിൽ ബെംഗളൂരുവും ആക്രമണ ശൈലിയിലുള്ള കളിയാണ് പുറത്തെടുത്തത്. ഏഴാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ പെരേര ഡയസിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് സൈഡ് നെറ്റിലിടിച്ചു.

10-ാം മിനിറ്റിൽ ബെംഗളൂരുവിന് സുവർണാവസം ലഭിച്ചു. ബ്ലാസ്റ്റേഴ്സ് ബോക്സിന് തൊട്ടുപുറത്തുനിന്ന് മികച്ചൊരു ഫ്രീകിക്ക് അവസരമാണ് ബെംഗളൂരുവിനെ തേടിവന്നത്. എന്നാൽ താരത്തിന്റെ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 11-ാം മിനിറ്റിൽ ബെംഗളൂരുവിന്റെ പ്രിൻസ് ഇബാറയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചു.

20-ാം മിനിറ്റിൽ ബെംഗളൂരുവിന്റെ ഡാനിഷ് ഫാറൂഖിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല. തൊട്ടുപിന്നാലെ 24-ാം മിനിറ്റിൽ ഇബാറയുടെ ഹെഡ്ഡർ ബ്ലാസ്റ്റേഴ്സ് ഗോൾപോസ്റ്റിന് പുറത്തേക്ക് പോയി.

37-ാം മിനിറ്റിൽ ബെംഗളൂരു ഗോളടിച്ചെന്ന് തോന്നിച്ചെങ്കിലും ഗോൾ ലൈനിൽ വെച്ച് സേവ് നടത്തി ബ്ലാസ്റ്റേഴ്സിന്റെ നിഷുകുമാർ ടീമിന്റെ രക്ഷകനായി. 41-ാം മിനിറ്റിൽ ബെംഗളൂരുവിന്റെ പരാഗ് ശ്രീനിവാസിന്റെ തകർപ്പൻ ലോങ്റേഞ്ചർ ബ്ലാസ്റ്റേഴ്സിന്റെ ക്രോസ് ബാറിനെ തൊട്ടുരുമ്മി കടന്നുപോയി.

43-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ നിഷു കുമാറിന്റെ മികച്ച ലോങ്റേഞ്ചർ ബെംഗളൂരു പോസ്റ്റിനെ ചുംബിച്ച് കടന്നുപോയി. വൈകാതെ ആദ്യ പകുതി അവസാനിച്ചു.രണ്ടാം പകുതിയിൽ 54-ാം മിനിറ്റിൽ സഹലിന് മികച്ച അവസരം ലഭിച്ചു. എന്നാൽ താരത്തിന് അത് ലക്ഷ്യത്തിലെത്തിക്കാനായില്ല. 55-ാം മിനിറ്റിൽ ബെംഗളൂരുവിന് ബ്ലാസ്റ്റേഴ്സ് ബോക്സിന് തൊട്ടുപുറത്തുനിന്ന് ഫ്രീകിക്ക് ലഭിച്ചു.

കിക്കെടുത്ത റോഷൻ സിങ് നയോറമിന് തെറ്റിയില്ല. തകർപ്പൻ കിക്കിലൂടെ പന്ത് വലയിലെത്തിച്ച് റോഷൻ ബെംഗളൂരുവിന് ലീഡ് സമ്മാനിച്ചു. റോഷന്റെ പന്ത് രക്ഷപ്പെടുത്താൻ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗില്ലിന് സാധിച്ചില്ല. റോഷന്റെ സീസണിലെ ആദ്യ ഗോളാണിത്.69-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് നായകൻ ഖാബ്ര പന്ത് നെഞ്ചിലിറക്കി തകർപ്പൻ ഷോട്ടുതിർത്തെങ്കിലും ഗോൾകീപ്പർ ഗുർപ്രീത് കൈയ്യിലൊതുക്കി. 71-ാം മിനിറ്റിൽ ലൂണയ്ക്ക് ഓപ്പൺ ചാൻസ് ലഭിച്ചു. ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ പന്ത് ലഭിച്ചിട്ടും ലൂണയുടെ കിക്ക് അവിശ്വസനീയമായി ഗുർപ്രീത് തട്ടിയകറ്റി.

79-ാം മിനിറ്റിൽ പകരക്കാരനായി വന്ന ബെംഗളൂരുവിന്റെ ക്ലെയിറ്റൺ സിൽവയ്ക്ക് സുവർണാവസരം ലഭിച്ചു. ഗോൾകീപ്പർ ഗിൽ മാത്രം മുന്നിൽ നിൽക്കെ അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ഗിൽ തട്ടിയകറ്റി. ഗോൾ വഴങ്ങിയ ശേഷം ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങളെല്ലാം ദുർബലമായി. ഇൻജുറി ടൈമിൽ ബെംഗളൂരുവിന്റെ റാമിറസിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. വൈകാതെ മത്സരം ബെംഗളൂരു സ്വന്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker