KeralaNews

അഞ്ച് പേര്‍ക്കുള്ള സീറ്റില്‍ 7 പേര്‍,ആരും സീറ്റ് ബെല്‍റ്റ് ധരിച്ചില്ല, കോടികൾ വിലയുള്ള ഓഡി കാറിൻ്റെ എയർ ബാഗും പൊട്ടിയില്ല,ബെംഗളൂരുവിലെ അപകടം അതിദാരുണം

ബെംഗളൂരു:സഞ്ചരിച്ചത് ആഡംബര കാറിൽ. സുരക്ഷാ സംവിധാനങ്ങൾ ഏറെയുള്ള വാഹനം. എന്നാൽ ആ ‘സുരക്ഷ’ അവർ തേടിയില്ല. ഞെട്ടിച്ച അപകടത്തിൽ അവർ ഏഴ് പേരും ദാരുണമായി മരിച്ചു. തലയിലും ശരീരത്തിലുമേറ്റ പരിക്കുകൾ അമിതരക്തസ്രാവത്തിലേക്ക് നയിച്ചതാണ് ബെംഗളൂരു അപകടത്തിൽ പെട്ടവരുടെ മരണകാരണമായതെന്ന് ഡോക്ടർമാർ പറയുന്നു.

അപകടത്തിൽ പരിക്കേറ്റവരെ ചൊവ്വാഴ്ച സെന്റ് ജോൺസ് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. രാത്രി ഏറെ വൈകി മൂന്ന് മണിയോടെയാണ് ഏഴ് പേരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്കെത്തിച്ചതെന്നാണ് ആശുപത്രി ജീവനക്കാർ പറയുന്നത്. ഏഴ് പേരുടേയും നെഞ്ച്, വയർ, തല എന്നീ ഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു. അമിത രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രി റിപ്പോർട്ടിൽ പറയുന്നു.

കുറ്റിപ്പുറം തവനൂർ കടകശ്ശേരി പടിക്കൽ വീട്ടിൽ മുരളീദാസ് പടിക്കലിന്റെ മകൾ ഡോ. ധനുഷ പടിക്കലാണ്(26) മരിച്ച മലയാളി യുവതി. ബെംഗളൂരുവിൽ ദന്തഡോക്ടറാണ് ഡോ. ധനുഷ പടിക്കൽ. അപകടത്തിൽ മരിച്ച ഡോ. സി. ബിന്ദുവും ഡോ. ധനുഷ പടിക്കലും ബെംഗളൂരുവിലെ ഡെന്റൽ കോളേജിൽ സഹപാഠികളായിരുന്നു. ഇവരും മറ്റുസുഹൃത്തുക്കളും ചേർന്ന് കോറമംഗലയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം.

അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്നത് ഡിഎംകെ നേതാവും ഹൊസൂർ എംഎൽഎയുടെ മകനായ കരുണാ സാഗറായിരുന്നു. വിദേശത്ത് പഠനം പൂർത്തിയാക്കി ബെംഗളൂരുവിൽ വ്യാവസായ സ്ഥാപനം നടത്തുകയായിരുന്ന സാഗറിന് കാറുകളോടും ഓട്ടോമൊബൈൽ മേഖലയോടും വലിയ താൽപര്യമായിരുന്നുവെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്ന് വ്യക്തമാണ്. ഡ്യൂക്കാട്ടി, ഹയാബുസ, ബെൻസ് ഉൾപ്പെടെ നിരവധി ആഡംബര ബൈക്കുകളും കാറുകളും ഓടിക്കുന്ന ചിത്രങ്ങൾ സാഗറിന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഔഡി ക്യൂ3 കാറിലാണ് ഏഴ് പേർ സഞ്ചരിച്ചിരുന്നത്. അഞ്ച് സീറ്റുള്ള കാറിൽ ഏഴ് പേർ ഇരുന്നുവെന്നാണ് പോലീസ് പറയുന്നത്. കപ്പാസിറ്റിക്ക് പുറത്തുള്ള ആളുകൾ കയറിയതിനാൽ തന്നെ ഡ്രൈവർ സീറ്റിലുണ്ടായിരുന്ന സാഗർ ഒഴികെയുള്ള ആരും സീറ്റ് ബെൽറ്റും ധരിച്ചിരുന്നില്ല. മുന്നിലുള്ള സീറ്റിൽ ഡോ. ബിന്ദുവും ഡോ.ധനുഷയുമാണുണ്ടായിരുന്നത്. അസൗകര്യപ്രദമായാണ് എല്ലാവരും ഇരുന്നതെന്ന് ആദ്യ കാഴ്ചയിൽതന്നെ മനസ്സിലായെന്നാണ് ട്രാഫിക് പോലീസ് പറഞ്ഞത്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതിയിലാണ് കാർ സഞ്ചരിച്ചതെന്നാണ് കരുതുന്നതെന്നാണ് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനു ശേഷം പ്രതികരിച്ചത്. അപകടത്തിൽ എയർ ബാഗ് തുറന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. റോഡ് വിജനമായിരുന്നു, അമിതവേഗത കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു.

നിയന്ത്രണം വിട്ട കാർ സൈഡിലെ നടപ്പാതയിലേക്ക് ഇരച്ചുകയറുകയായിരുന്നു. നടപ്പാതയ്ക്ക് സമീപത്തെ ഇരുമ്പ് കൈവരിയും തകർത്ത് കാർ അടുത്തുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ മതിലിലേക്ക് ചെന്നിടിച്ചു. മതിൽ തകർന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം തകർന്നു. പിന്നിലേക്ക് ബൗൺസ് ചെയ്തുവന്ന കാർ അഞ്ച്-ആറ് അടിയോളം നീങ്ങി. കാറിന്റെ ഭാഗങ്ങൾ വേർപെട്ടു. പിന്നിലിരുന്നവർ പുറത്തേക്ക് തെറിക്കുകയായിരുന്നു. എർത്ത് മൂവർ ഉപയോഗിച്ചാണ് മതിലിലേക്ക് തകർന്നുവീണ കാറിനെ ട്രാഫിക് പോലീസിന്റെ നേതൃത്വത്തിൽ നീക്കിയത്.

കോറമംഗലയിലെ പ്രദേശവാസികൾക്ക് അതിവേഗത്തിൽ പോവുന്ന കാറുകളുടേയും ബൈക്കുകളുടേയും കാഴ്ച അപരിചിതമല്ല. എന്നാൽ ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ അപകടം വിചിത്രമായ സംഭവമാണെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടസ്ഥലം പുകയിൽ മുങ്ങിപ്പോയതിനാൽ ഒരു വലിയ സ്ഫോടനമായി പലരും തെറ്റിദ്ധരിച്ചു. പുലർച്ചെ 1.45ഓടെ വലിയ ശബ്ദം കേട്ട് പുറത്തേക്കിറങ്ങി നോക്കിയപ്പോൾ കട്ടിപ്പുകയിൽ മൂടിയ ഒരു കാർ കണ്ടുവെന്നാണ് സമീപവാസിയായ പ്രഭു പറഞ്ഞത്. അപകടമാണെന്ന് മനസ്സിലായതോടെ പ്രദേശവാസികളും മറ്റ് വാഹനങ്ങളിലെത്തിയവരും അങ്ങോട്ട് കുതിച്ചു. കാറിലേക്ക് വെള്ളം കോരിയൊഴിച്ചതിനു ശേഷമാണ് അകത്തുള്ളവരെ പുറത്തേക്ക് എടുത്തത്. പിന്നിലെ സീറ്റിലിരുന്ന ഒരാൾ ചുമയ്ക്കുന്നതും രക്തം ഛർദ്ദിക്കുന്നതും കണ്ടു. കാറിന്റെ ഒരു ഭാഗം പൂർണമായും തകർന്നിരുന്നു. കാറിന്റെ ഡോർ തകർന്നതിനാൽ പുറകിലിരിക്കുന്നവരെ പെട്ടന്ന് പുറത്തെടുക്കാനായില്ല. മുൻവശം മുഴുവനും ചോരയിൽ മുങ്ങിയിരുന്നു. സീറ്റിൽ നിന്ന് തെറിച്ച് വിൻഡ്ഷീൽഡിൽ ചേർന്ന് ഇടിച്ചുനിന്ന നിലയിലായിരുന്നു ഒരു പെൺകുട്ടി. ആ കാഴ്ച ഓർക്കുമ്പോൾ തന്നെ പേടിയാവുന്നു. പ്രഭു പറഞ്ഞു.

Mathrubhumi Malayalam News
അഡുഗോഡി ട്രാഫിക് പോലീസ് ആണ് ആദ്യം സംഭവസ്ഥലത്തെത്തിയത്. പോലീസ് എത്തി ജീവനുണ്ടായിരുന്ന ആളെ ഓട്ടോയിൽ കയറ്റി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടിരുന്നു.

കുറ്റിപ്പുറം തവനൂർ കടകശ്ശേരി പടിക്കൽ വീട്ടിൽ മുരളീദാസ് പടിക്കലിന്റെ മകൾ ഡോ. ധനുഷ പടിക്കൽ(26) എംഎൽഎ വൈ. പ്രകാശിന്റെ മകൻ കരുണ സാഗർ പ്രകാശ് (28), ഭാര്യ ഡോ. സി. ബിന്ദു (28), സുഹൃത്തുക്കളായ അക്ഷയ് ഗോയൽ (24), ഹുബ്ബള്ളി സ്വദേശി രോഹിത് ലാഡ്വ (23), ഹരിയാണ സ്വദേശി ഉത്സവ് (25), മഹാരാഷ്ട്ര സ്വദേശി യഷിത ബിശ്വാസ് (21) എന്നിവരാണ് അപകടത്തിൽ മരിച്ചവർ. കോറമംഗലയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം. ഇവർ മദ്യലഹരിയിലായിരുന്നോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker