EntertainmentNews

ഷൂട്ട് കഴിഞ്ഞിട്ടും കുടുങ്ങിക്കിക്കിടന്ന കഥാപാത്രം,’വെറുതേ മോഹിക്കുവാൻ മോഹം’ അതായിരുന്നു സംസ്ഥാന പുരസ്കാരം: മികച്ച നടി ബീന ആർ ചന്ദ്രൻ

കൊച്ചി: ‘വെറുതേ മോഹിക്കുവാൻ മോഹം’ എന്ന് പറയുന്നതുപോലെ മാത്രമാണ് സംസ്ഥാന പുരസ്കാരം ആഗ്രഹിച്ചതെന്നും ലഭിച്ചത് ‘സർപ്രൈസ് ‘ആയി എന്നും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച നടി ബീന ആർ ചന്ദ്രൻ. ഉർവശി ചേച്ചിക്കൊപ്പമാണ് അവാർഡ് എന്നത് ഇരട്ടി മധുരമാണെന്നും അവർ പറഞ്ഞു. സംസ്ഥാന പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ സംസാരിക്കുകയായിരുന്നു ബീന ആർ ചന്ദ്രൻ.

ഫാസിൽ റസാഖ് സംവിധാനം ചെയ്ത ‘തടവ്’ എന്ന ചിത്രത്തിലെ ഗീത എന്ന ടീച്ചറെ അവതരിപ്പിച്ചതിനാണ് ബീന ആർ ചന്ദ്രന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്. പട്ടാമ്പി പരുതൂർ സി.ഇ.യു.പി. സ്കൂളിലെ അധ്യാപികയും നാടക പ്രവർത്തകയും കൂടിയാണ് ബീന.

“ഉർവശി ചേച്ചിക്കൊപ്പമാണ് അവാർഡ് എന്നത് ഇരട്ടി മധുരമാണ്. കാരണം ഞാൻ അത്രത്തോളം ആരാധിക്കുന്ന വ്യക്തിയാണ്. ഉള്ളൊഴുക്ക് കണ്ടിരുന്നു. ഉള്ളൊഴുക്ക് കണ്ടതിന് ശേഷം പലരും പറഞ്ഞിരുന്നു നിങ്ങൾ തമ്മിൽ കടുത്ത മത്സരമാണെന്ന്. എല്ലാവരും ഇതൊക്കെ പറയുന്നുണ്ടായിരുന്നെങ്കിലും ഞാൻ അവാർഡ് പ്രതീക്ഷിച്ചിരുന്നില്ലായെന്നുള്ളതാണ് സത്യം.” – ബീന പറയുന്നു.

“ഐ എഫ് എഫ് കെയിൽ തടവ് പ്രദർശിപ്പിച്ചതിന് ശേഷം മികച്ച പ്രതികരണമാണ് ലഭിച്ചത്. അന്ന് ഒരുപാട് ആൾക്കാർ സംസ്ഥാന അവാർഡ് കിട്ടുമെന്ന് പറഞ്ഞിരുന്നു. പക്ഷേ ഞാൻ അത് എന്റെ മനസിലേക്ക് എടുത്തിട്ടുണ്ടായിരുന്നില്ല. കാരണം ഇത്രയും സീനിയറായ നടിമാർ ഉള്ളപ്പോൾ ഞാൻ അത് മോഹിക്കുന്നത് പോലും ശരിയല്ല എന്നുള്ള തോന്നലായിരുന്നു എനിക്ക്.

പക്ഷേ വെറുതേ മോഹിക്കുവാൻ മോഹം എന്ന് പറയുന്നതുപോലെ മോഹിച്ചിരുന്നു. എന്നാൽ പുരസ്കാരം കിട്ടിയില്ലെങ്കിലും തളരാൻ പാടില്ലെന്ന് എന്റെ മനസിനെ പറഞ്ഞ് പഠിപ്പിക്കുകയും ചെയ്തിരുന്നു. എനിക്ക് നാടകമുണ്ട് കൂട്ടിന് എന്ന് എന്നെ തന്നെ പറഞ്ഞ് പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.”- ബീന ആർ ചന്ദ്രൻ പറഞ്ഞു.

പട്ടാമ്പി സ്വദേശികളായ ബീന, അനിത, സുബ്രഹ്മണ്യൻ എന്നിവർ അടുത്ത സുഹൃത്തുക്കളാണ്. ഇവരുടെ സൗഹൃദത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കിയ ചിത്രമാണ് തടവ്. എന്നാൽ സിനിമയിലും സുഹൃത്തുക്കളായിത്തന്നെ മൂന്നുപേരും എത്തുന്നു എന്നതാണ് തടവ് ന്റെ പ്രത്യേകത.

തടവി’ലെ പ്രധാനകഥാപാത്രമായ ഗീതയെന്ന അംഗനവാടി ടീച്ചറെയാണ് ബീന അവതരിപ്പിച്ചിരിക്കുന്നത്. ബീനയുടെ അയൽക്കാരിയായ സ്കൂൾ അധ്യാപികയായ ഉമയെയാണ് ബീനയുടെ അടുത്ത സുഹൃത്ത് കൂടിയായ അനിത അവതരിപ്പിക്കുന്നത്.

ഇവരുടെ സുഹൃത്തായ ബാങ്ക് ജീവനക്കാരൻ ഹംസയായി സുബ്രഹ്മണ്യനുമെത്തുന്നു. രണ്ട് വിവാഹങ്ങളിലായി രണ്ട് കുട്ടികളുണ്ടെങ്കിലും ഒറ്റയ്ക്കാണ് ഗീതയുടെ താമസം. ഗീതയുടെ എന്താവശ്യത്തിനും ഓടിയെത്തുന്നത് ഈ രണ്ട് സുഹൃത്തുക്കളുമാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ മൂവരും ചേർന്ന് ഒരു കുറ്റംകൃത്യം ചെയ്യാൻ തീരുമാനിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ‘തടവി’ന്റെ ഇതിവൃത്തം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker