മലയാളത്തിലേക്ക് ഓസ്കർ കൊണ്ടുവരുന്ന സിനിമ,’ആടുജീവിതം’ ട്രെയ്‍ലറിന് പ്രശംസ
കൊച്ചി:ലോക സിനിമയിൽ അടയാളപ്പെടുത്താനാകുന്ന ഒരു മികച്ച കലാസൃഷ്ടിയാണ് ‘ആടുജീവിതം’ എന്ന് അടിവരയിട്ട് പറയുകയാണ് പ്രേക്ഷകരും സിനിമ പ്രവർത്തകരും. കഴിഞ്ഞ ദിവസം ചോർന്ന ചിത്രത്തിന്റെ ഫെസ്റ്റിവൽ ട്രെയ്‍ലർ മോശമായ ക്വളിറ്റിയിൽ കാണേണ്ട എന്ന് പറഞ്ഞുകൊണ്ടാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ യൂട്യൂബ് പേജിൽ ട്രെയ്‍ലർ ഇന്നലെ പങ്കുവെച്ചത്.
ബെന്യാമിന്റെ വാക്കുകളിലൂടെ മാത്രം മനസിൽ കണ്ടറിഞ്ഞ നജീബിന്റെ കഥ സാരാംശമായി മൂന്ന് മിനുറ്റ് ട്രെയ്‍ലറിലൂടെ ആവിഷ്കരിക്കുകയായിരുന്നു. പൃഥ്വിരാജിന്റെ ഗംഭീര മേക്കോവറും പ്രകടനവും ബ്ലെസിയുടെ സംവിധാന മികവും എ ആർ റഹ്മാൻ, റസൂൽ പൂക്കുട്ടി എന്നിവരുടെ സംഗീതവും സാങ്കേതികവൈഭവങ്ങളും തന്നെയാണ് കാണികളെ അത്ഭുതപ്പെടുത്തുന്നത്.
പ്രേക്ഷകർ ട്രെയ്‍ലറിന് നൽകുന്ന പ്രതികരണങ്ങൾ ഇങ്ങനെ, ഈ ചിത്രത്തിന് അർഹമായ അംഗീകാരം ലഭിക്കണമെന്നും ഇന്ത്യയുടെ അസാധാരണമായ ചലച്ചിത്രനിർമ്മാണത്തെ ലോകവേദിയിൽ എത്തണമെന്നും ആഗ്രഹിക്കുന്നു, ആടുജീവിതം ഓസ്കറിൽ എത്തണം, ദേശീയ പുരസ്കാരം ഉറപ്പിക്കാം.
ഒരു ഇന്റർനാഷണൽ മെറ്റീരിയൽ, മികച്ച പ്രകടനത്തിനും അർപ്പണബോധത്തിനും കഠിനാധ്വാനത്തിനുമൊക്കെയാണ് ബഹുമതികൾ നൽകുന്നത് എങ്കിൽ തീർച്ചയായും ആടുജീവിതം അതിനർഹമാണ്, ചിത്രം ഓസ്കറിൽ എത്തും. ഇന്ത്യയുടെ അഭിമാനമായി പൃഥ്വിരാജ് മാറും, ഇത് മലായളം സിനിമയ്ക്ക് മാത്രമല്ല, മുഴുവൻ ഇന്ത്യക്കും അഭിമാനിക്കാവുന്ന ഏറ്റവും മികച്ച കലാസൃഷ്ടിയാണ്.
This team’s persistence and endurance 🌺🌺🌺🫡 https://t.co/EZcR1jlyuf
— A.R.Rahman (@arrahman) April 7, 2023
A glimpse of our labour of love #aadujeevitham #GoatLife #blessy @PrithviOfficial @arrahman watch this: https://t.co/c7EvenbpVl pic.twitter.com/CfO08crqJ0
— resul pookutty (@resulp) April 7, 2023
സിനിമയുടെ ട്രെയ്‍ലർ കണ്ട് രോമാഞ്ചം വന്നുവെന്നാണ് ആന്റോ ജോസഫ് സമൂഹ മാധ്യമത്തിൽ പ്രതികരിച്ചത്. അണിയറക്കാർ അവരുടെ ഹൃദയവും ആത്മാവും സിനിമയ്ക്കായി സമർപ്പിച്ചിട്ടുണ്ടെന്ന് ഇതുകാണുമ്പോൾ വ്യക്തമാണ്, മലയാള സിനിമയെ ഇത് അടുത്ത തലത്തിലെത്തിക്കുമെന്നും അദ്ദേഹം കുറിച്ചു. പ്രശംസിച്ച് എ ആർ റ്ഹമാൻ, റസൂൽ പൂക്കുട്ടി, ബെന്യാമിൻ തുടങ്ങിയവരും പ്രതികരിച്ചു.
മലയാളത്തിൽ ഏറ്റവുമധികം നാളുകൾ ചിത്രീകരണം നീണ്ടുനിന്ന സിനിമകളിലൊന്നാണ് ആടുജീവിതം. 2018 മാർച്ചിൽ ആരംഭിച്ച ഷൂട്ട് നാലരവര്‍ത്തിന് ശേഷം കഴിഞ്ഞ വർഷം ജൂലൈ 14നാണ് അവസാനിച്ചത്. പത്തനംതിട്ടയിൽ നിന്ന് തുടങ്ങി പാലക്കാടും പിന്നീട് ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു. കൊവിഡ് ചിത്രീകരണത്തെ പ്രതികൂലമായി ബാധിച്ചുവെങ്കിലും കാത്തിരുന്നു തന്നെ ചിത്രീകരണം പുനരാരംഭിക്കുകയായിരുന്നു.
2022 മാര്‍ച്ച് പതിനാറിന് സഹാറ, അൾജീരിയ എന്നിവിടങ്ങളിലും നാല്‍പതു ദിവസം സഹാറ മരുഭൂമിയിലും 35 ദിവസത്തോളം ജോര്‍ദാനിലെ വാദിറാമിലും ആണ് ചിത്രീകരണം പൂർത്തിയാക്കി. സിനിമയ്ക്കായി ശരീരഭാരം കുറച്ചതിന്റെ കഷ്ടപ്പാടുകളെ കുറിച്ചും അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചും പൃഥ്വി പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു
എങ്കിലും അതിന്റെ ആഴം എത്രത്തോളമെന്ന് ട്രെയ്‍ലറിലൂടെ ബോധ്യമാവുകയാണ്. പൃഥ്വിരാജിനെ കൂടാതെ അമലാപോളും ശോഭാ മോഹനുമാണ് മലയാളത്തില്‍ നിന്നുള്ള മറ്റു താരങ്ങള്‍. കെഎസ് സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടിയാണ്.