CrimeNationalNews

ആതിഖ് അഹമ്മദിനെ വധിച്ചത് ‘ഡോണാ’കാൻ; പ്രതികള്‍ ഉപയോഗിച്ചത് സിഗാന പിസ്റ്റൾ

ലഖ്‌നൗ: ആതിഖ് അഹമ്മദിനെയും സഹോദരനെയും വെടിവച്ച് കൊല്ലാന്‍ പ്രതികള്‍ ഉപയോഗിച്ചത് തുര്‍ക്കിഷ് നിര്‍മ്മിത സിഗാന പിസ്റ്റള്‍. ആറ് മുതല്‍ ഏഴു ലക്ഷം രൂപ വരെ വില വരുന്ന സിഗാന പിസ്റ്റള്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ളതാണ്.

പാകിസ്ഥാന്‍ വഴിയാണ് ഇവ രാജ്യത്ത് എത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസേവാലയെ കൊന്നതും ഇതേ മോഡല്‍ പിസ്റ്റള്‍ ഉപയോഗിച്ചാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതേസമയം, പ്രതികളായ ലവ്‌ലേഷ് തിവാരി, അരുണ്‍ മൗര്യ, സണ്ണി എന്നിവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രശസ്തരാകാന്‍ വേണ്ടിയാണ് ആതിഖ് അഹമ്മദിനെ കൊന്നതെന്നും കൊലയിലൂടെ യുപിയിലെ മാഫിയ സംഘമാകാനാണ് ശ്രമിച്ചതെന്നും ഇവര്‍ മൊഴി നല്‍കി.

ഇവര്‍ മൂന്ന് പേരെ കൂടാതെ തിരിച്ചറിയാത്ത രണ്ട് പേരെയും പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ യുപി സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്രസേനയെ അയക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. 

അതീവസുരക്ഷ വലയത്തിലായിരുന്ന മുന്‍ എംപിയും ഗുണ്ടാനേതാവുമായ ആതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇന്നലെ രാത്രി പുറത്തു വന്നത്. ഉമേഷ് പാല്‍ കൊലപാതകക്കേസില്‍ ആതിഖിനെ നാല് ദിവസത്തെ ചോദ്യം ചെയ്യലിനായാണ് ഇന്നലെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

രാത്രി മെഡിക്കല്‍ പരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയ മൂന്നു പേര്‍ വെടിവച്ചത്. യൂട്യൂബ് വാര്‍ത്ത ചാനലിന്റെ മൈക്ക് ഐഡിയും ക്യാമറുമായി അരമണിക്കൂര്‍ മുമ്പ് എത്തിയാണ് പ്രതികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം നിന്നത്.

പൊലീസ് കാവല്‍ മറികടന്ന് പോയിന്റ് ബ്ലാങ്കില്‍ നിറയൊഴിച്ചാണ് ഇവര്‍ ആതിഖിനെയും സഹോദരനെയും കൊലപ്പെടുത്തിയത്. കൊലയ്ക്കു ശേഷം കൈകളുയര്‍ത്തി പ്രതികള്‍ കീഴടങ്ങുകയായിരുന്നു. 

കൊലപാതകങ്ങള്‍ക്ക് പിന്നാലെ ഉത്തര്‍പ്രദേശില്‍ കനത്ത ജാഗ്രതാനിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഇന്നത്തെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു. ദ്രുത കര്‍മ്മ സേനയെ പ്രയാഗ് രാജില്‍ വിന്യസിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ നിന്ന് പൊലീസ് സേനയെ പ്രയാഗ് രാജിലേക്ക് എത്തിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാണ്‍പൂരിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ആതിഖിന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന 17 പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായും യുപി സര്‍ക്കാര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker