EntertainmentKeralaNews

വിവാഹത്തിന് മുമ്പ് ഭര്‍ത്താവ് നല്‍കിയ സമ്മാനം, 27 വര്‍ഷങ്ങള്‍ക്ക് ശേഷവും നിധി പോലെ സൂക്ഷിക്കുന്നു; പ്രണയകാല ഓര്‍മ്മകള്‍ പങ്കിട്ട് ആശാ ശരത്ത്

കൊച്ചി:നര്‍ത്തകിയായും അഭിനേത്രിയായും മലയാളികളുടെ മനസ്സ് കവര്‍ന്ന താരമാണ് ആശ ശരത്ത്. സീരിയല്‍ രംഗത്തു കൂടി അഭിനയത്തിലേയ്ക്ക് എത്തിയ ആശ നിരവധി ചിത്രങ്ങളിലൂടെ ആരാധകരെ സമ്പാദിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ നര്‍ത്തകി കൂടെയായ ആശയുടെ നൃത്തത്തിനും ഏറെ ആരാധകരാണ്. ദുബായില്‍ എഞ്ചിനീയറായി ജോലി ചെയ്ത് വരുന്ന ശരത്ത് ആണ് ആശയുടെ ഭര്‍ത്താവ്. സൂപ്പര്‍ താരങ്ങളുടെ നായികയായി വരെ താരം എത്തി. ഇപ്പോള്‍ പതിനെട്ടാം വയസ്സില്‍ വിവാഹിതയായ വ്യക്തിയാണ് താന്‍ എന്ന് ആശ പറയുന്നു. മാത്രമല്ല വിവാഹത്തിന് മുമ്പ് ശരത്ത് തനിക്ക് നല്‍കിയ സമ്മാനം 27 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും താന്‍ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നു എന്നും ആശ പറയുന്നു. ഒരു ചാനലില്‍ അതിഥിയായി എത്തിയപ്പോഴാണ് ആശ തന്റെ പ്രണയകാല ഓര്‍മ്മകള്‍ പങ്കുവെച്ചത്.

‘ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഓര്‍മ വരും. 18 വയസ്സില്‍ വിവാഹം കഴിച്ച ആളാണ് ഞാന്‍. ടിവിയിലൂടെ ഒരു ഡാന്‍സ് കണ്ട് ഇഷ്ടപ്പെട്ടാണ് ശരത്തേട്ടന്‍ ആലോചനയുമായി വരുന്നത്. വിവാഹനിശ്ചയമൊക്കെ കഴിഞ്ഞ് വിവാഹത്തിനു കുറച്ചു ദിവസം മുന്‍പു മാത്രമാണ് ഞങ്ങള്‍ നേരിട്ട് കണ്ടത്. കാണുന്നതിനു മുന്‍പ് അദ്ദേഹം ആദ്യമായി കാസറ്റില്‍ ഈ പാട്ട് പാടി മസ്‌കറ്റില്‍ നിന്നും അയച്ചു തന്നിരുന്നു. അദ്ദേഹത്തിന് പാടാനുള്ള കഴിവൊന്നുമില്ല. പക്ഷേ ആ പാട്ടില്‍ ഓരോ വരികളിലും അദ്ദേഹത്തിന്റെ മനസ്സുണ്ടായിരുന്നു.’

‘മലയാളം അത്ര നന്നായി സംസാരിക്കാന്‍ അറിയില്ല അദ്ദേഹത്തിന്. പാട്ടിനു മുന്‍പ് മലയാളത്തില്‍ ഒരു ഡയലോഗ് ഉണ്ട്. അതൊക്കെ കഷ്ടപ്പെട്ട് പറഞ്ഞ് പാട്ടുപാടിയാണ് അയക്കുന്നത്. ശരത്തേട്ടന്റെ അമ്മ അന്ന് നാസിക്കിലാണ്. പാട്ടെനിക്ക് അയച്ചു കഴിഞ്ഞ് ശരത്തേട്ടന്‍ അമ്മയോട് പറഞ്ഞു, ‘ഞാനിങ്ങനെ ഒരു പാട്ട് പാടി ആശയ്ക്ക് അയച്ചിട്ടുണ്ടെന്ന്’. ‘അതെയോ? എന്നാ പിന്നെ പോവേണ്ടി വരില്ല, അവര് വേണ്ടാ എന്നു വെച്ചിട്ടുണ്ടാവും,’ എന്നായിരുന്നു അമ്മയുടെ മറുപടി.’ ആശ ശരത്ത് പറയുന്നു. ഇന്നും താന്‍ ആ കാസറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും 27 വര്‍ഷമായിട്ടും താന്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച പാട്ടാണിതെന്നും ആശ കൂട്ടിച്ചേര്‍ക്കുന്നു.

വിവഹത്തിന് ശേഷമാണ് ആശ അഭിനയത്തിലേക്ക് എത്തുന്നത്. പ്രീഡിഗ്രി പഠന കാലത്ത് കമലദദളം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണം ലഭിച്ചെങ്കിലും മാതാപിതാക്കളുടെ താത്പര്യ കുറവ് കാരണം ആശ വേഷം നിരസിച്ചു. ദുബായില്‍ റേഡിയോ ഏഷ്യയില്‍ റേഡിയോ ജോക്കിയായും പരിപാടികളുടെ നിര്‍മ്മാതാവായും ആശ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൈരളി കലാകേന്ദ്ര എന്ന പേരില്‍ ഒരു നൃത്തവിദ്യാലയവും ആശയ്ക്കുണ്ട്. ദൃശ്യം 2വില്‍ തന്റെ കഥാപാത്രമായി വീണ്ടും എത്തുന്നുണ്ട് ആശാ ശരത്ത്. വലിയ ആകാംക്ഷകളോടെയാണ് ചിത്രത്തിന് വേണ്ടി ആരാധകര്‍ കാത്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker