29.5 C
Kottayam
Tuesday, May 14, 2024

പിണറായിയുടെ കോരേട്ടന്‍ അക്കാലത്ത് കള്ളുകുടിച്ച് നടക്കുകയായിരുന്നു,മുഖ്യമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് കെ.സുധാകരന്‍

Must read

കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും വീണ്ടും അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. മുല്ലപ്പള്ളിയുടെ പിതാവിനെ പിണറായി ആക്ഷേപിച്ചു. എന്നാൽ ആ കാലത്ത് മുഖ്യമന്ത്രിയുടെ പിതാവ് ചെത്തുകാരനായ കോരേട്ടൻ പിണറായിയിലെ കള്ളുഷാപ്പുകളിൽ കള്ളുകുടിച്ചു നടക്കുകയായിരുന്നു എന്ന് സുധാകരൻ പരിഹസിച്ചു. ഒൻപത് ഉപദേശകരെ വച്ച് ഭരിക്കാൻ പിണറായിക്ക് ബുദ്ധിയും വിവരവുമില്ലേ എന്നും കെ സുധാകരന്‍ ചോദിച്ചു.

കാസര്‍കോട് കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം മരണ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്റെ പരാമർശങ്ങൾ. ‘ഞങ്ങളുടെ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അച്ഛനെ പിണറായി വിളിച്ചത് അട്ടം പരതി ഗോപാലനെന്നാണ്. ഗോപാലന്‍ ഈ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നാടിന്റെ സ്വതന്ത്ര്യത്തിന് വേണ്ടി പടവെട്ടുമ്പോള്‍ പിണറായി വിജയന്റെ ചെത്തുകാരന്‍ കോരേട്ടന്‍ പിണറായില്‍ കള്ളുംകുടിച്ച് പിണറായി അങ്ങാടിയില്‍ തേരാപാര നടക്കുകയായിരുന്നു,’ കെ. സുധാകരന്‍ പറഞ്ഞു. പ്രസംഗത്തിലുടനീളം ചെത്തുകാരൻ്റെ മകൻ പിണറായി എന്ന് സുധാകരൻ ആവർത്തിച്ചു. പിണറായിക്ക് എന്ത് രാഷ്ട്രീയ പാരമ്പര്യമാണ് ഉള്ളതെന്നും സുധാകരൻ ചോദിച്ചു.

മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ നേരത്തെയും കെ.സുധാകരന്‍ രംഗത്തെത്തിയിരുന്നു. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ എന്നാണ് സുധാകരന്‍ അപഹസിച്ചത്. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും സുധാകരന്‍ അപഹസിച്ചു. തലശ്ശേരിയില്‍ നടന്ന യോഗത്തിലായിരുന്നു സുധാകരന്റെ പ്രസംഗം.

സിപിഎം ആക്ടിംഗ് സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനെതിരെ സുധാകരന്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയതും ചര്‍ച്ചയായിരുന്നു. വിജയരാഘവന്‍ ഇരിക്കുന്ന സ്ഥാനത്തെ അപമാനിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും എന്നാല്‍ കനക സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ കനകനോ ശുംഭനോ ശുനകനോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്നുമായിരുന്നു കെ.സുധാകരന്‍ പറഞ്ഞത്.

ചെത്തുകാരന്റെ മകന്‍ എന്നതില്‍ അഭിമാനം മാത്രമാണുള്ളതെന്നായിരുന്നു സുധാകരന്റെ അധിക്ഷേപത്തിന് മുഖ്യമന്ത്രിയുടെ മറുപടി. ചെത്തുകാരന്റെ മകനായതില്‍ ഏതെങ്കിലും തരത്തിലുള്ള അപമാന ബോധമില്ലെന്നും തികഞ്ഞ അഭിമാനമാണുള്ളതെന്നും പിണറായി വ്യക്തമാക്കി.

സുധാകരന്റെ പരാമര്‍ശം തെറ്റായി കാണുന്നില്ല. അച്ഛന്‍ ചെത്തുകാരനായിരുന്നുവെന്നത് താന്‍ തന്നെ പറഞ്ഞിരുന്നു. എന്റെ മൂത്ത ജേഷ്ഠന്‍ ആകാവുന്ന അത്രയും കാലം ചെത്തുകാരനായിരുന്നു. രണ്ടാമത്തെ ജേഷ്ഠനും ചെത്തുജോലി അറിയാമായിരുന്നു. അദ്ദേഹം പിന്നീട് ബേക്കറി ജോലിയിലേക്ക് മാറി. അതായിരുന്നു എന്റെ കുടുംബപശ്ചാത്തലം. ഇതൊക്കെ അഭിമാനമായാണ് ഞാന്‍ കാണുന്നത്. അതൊന്നു ഏതെങ്കിലും അപമാനമായി കാണുന്നില്ല. ബ്രണ്ണന്‍ കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ സുധാകരനെ അറിയാം. ചെത്തുകാരന്റെ മകന്‍ എന്ന് കെ സുധാകരന്‍ പറഞ്ഞത് ആക്ഷേപമായി കാണുന്നില്ല. പരാമര്‍ശത്തില്‍ അപമാനമോ ജാള്യതയോ തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പറഞ്ഞത് എന്തുദേശത്തിലാണ് എന്നാണ് നോക്കുന്നത്. ഷാനിമോള്‍ ഉസ്മാനാണ് പ്രശ്നമുണ്ടാക്കിയത് എന്നു സുധാകരന്‍ തന്നെ പറയുന്നു. അതെന്തു കൊണ്ടാണ്. ചെന്നിത്തലയ്ക്ക് എന്തു കൊണ്ടാണ് തിരുത്തേണ്ടി വരുന്നത്. ചെത്തുകാരന്റെ മകനാണ് എന്ന് പറയുന്നതില്‍ എനിക്കൊരു അപമാനവുമില്ല തികഞ്ഞ അഭിമാനത്തോടെയാണ് ഞാന്‍ അതു കാണുന്നത്. എന്നെ അറിയുന്നവര്‍ക്ക് അറിയാം ഞാന്‍ എന്തു ജീവിതമാണ് ജീവിക്കുന്നതെന്ന്. നമ്മള്‍ വിമാനത്തില്‍ പോലും പോകാന്‍ പാടില്ല ഇതൊക്കെ നോക്കിയാല്‍ കാലത്തിന് അനുസൃതമായ വര്‍ത്തമാനമല്ല ഇതൊന്നുമെന്നും പിണറായി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week