KeralaNews

അസഫാക് ആലമിന്റെ വധശിക്ഷ വിയ്യൂർ സെൻട്രൽ ജയിലിൽ; നടപടിക്രമങ്ങള്‍ ഇങ്ങനെ

കൊച്ചി: അസഫാക് ആലമിന് വധശിക്ഷ നല്‍കിയെങ്കിലും അത് നടപ്പാക്കണമെങ്കില്‍ നടപടിക്രമങ്ങള്‍ ഏറെ ബാക്കിയുണ്ട്. വിചാരണ കോടതി വിധിച്ച വധശിക്ഷയ്ക്ക് ഹൈക്കോടതി അംഗീകാരം നല്‍കണം. സുപ്രീംകോടതി അപ്പീല്‍ തള്ളിയാലും ദയാഹര്‍ജിയുമായി പ്രതിക്ക് രാഷ്ട്രപതിയെ സമീപിക്കാം. തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വധശിക്ഷ നടപ്പാക്കാനുള്ള ബ്ലാക് വാറണ്ട് പുറപ്പെടുവിക്കും. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് അഅസഫാക് ആലമിന്റെ വധശിക്ഷ നടപ്പാക്കുക.

വധശിക്ഷ നല്‍കിയ വിധി ഉള്‍പ്പടെയുള്ള നടപടിക്രമങ്ങളുടെ രേഖകള്‍ വിചാരണ കോടതി ഹൈക്കോടതിക്ക് കൈമാറും. വിചാരണ കോടതി വിധിക്കെതിരെ പ്രതിഭാഗത്തിന് അപ്പീല്‍ നല്‍കാം. പ്രൊസിക്യൂഷന് ഡിഫന്‍സ് കൗണ്‍സിലും ഹൈക്കോടതിയിലും വാദമുയര്‍ത്തും. ഇതിന് ശേഷമാകും വധശിക്ഷ അംഗീകരിക്കുന്ന കാര്യത്തില്‍ ഹൈക്കോടതിയുടെ തീരുമാനം. വധശിക്ഷ ശരിവെച്ചാല്‍ പ്രതിഭാഗം അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കും

വധശിക്ഷ ഒഴിവാക്കിയാല്‍ പ്രൊസിക്യൂഷനാകും അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കുക. വധശിക്ഷ സുപ്രീംകോടതി അംഗീകരിച്ചാല്‍ രാഷ്ട്രപതിക്ക് നല്‍കുന്ന ദയാഹര്‍ജിയാണ് അടുത്ത വഴി. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയാല്‍ തിരുത്തല്‍ ഹര്‍ജിയുമായി പ്രതിക്ക് വീണ്ടും സുപ്രീംകോടതിയെ സമീപിക്കാം. വിചാരണ കോടതിയുടെ വിധി മുതല്‍ ദയാഹര്‍ജി വരെയുള്ള നടപടിക്രമങ്ങളില്‍ വീഴ്ചയില്ലെങ്കില്‍ തിരുത്തല്‍ ഹര്‍ജി തള്ളും. ഇതോടെ പ്രതിക്ക് ലഭിക്കേണ്ട അവസാന നീതിയും ലഭ്യമാക്കിയെന്നര്‍ത്ഥം. തിരുത്തല്‍ ഹര്‍ജി തള്ളിയാല്‍ തുടര്‍ന്ന് വധശിക്ഷ നടപ്പാക്കും.

അസഫാക് ആലമിനെ പാര്‍പ്പിക്കുന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് വധശിക്ഷ നടപ്പാക്കേണ്ടത്. വധശിക്ഷ നടപ്പാക്കാന്‍ തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ബ്ലാക് വാറണ്ട് അഥവാ മരണ വാറണ്ട് പുറപ്പെടുവിക്കും. ശിക്ഷാവിധി നടപ്പാക്കുന്ന സമയം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ബ്ലാക് വാറണ്ടിലുണ്ടാകും. തുടര്‍ന്ന് തൂക്കൂകയര്‍ ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കും. കേരളത്തില്‍ 32 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഏറ്റവുമൊടുവില്‍ വധശിക്ഷ നടപ്പാക്കിയത്. അസഫാക് ആലമിന്റെ കാര്യത്തില്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കപ്പെടാന്‍ അതിവേഗ വിചാരണയുടെ വേഗം പ്രതീക്ഷിക്കാനാവില്ല.

എറണാകുളം പ്രത്യേക പോക്‌സോ കോടതിയാണ് അസഫാക് ആലത്തിന് വധശിക്ഷ വിധിച്ചത്. 302-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ പ്രഖ്യാപിച്ചത്. മറ്റ് അഞ്ച് വകുപ്പുകളില്‍ ജീവപര്യന്തം ശിക്ഷയും കോടതി വിധിച്ചു. നൂറ്റിപത്താമത്തെ ദിവസമാണ് ശിക്ഷാവിധി പുറത്ത് വന്നിരിക്കുന്നത്. പോക്‌സോ നിയമം നിലവില്‍ വന്ന ദിവസം തന്നെയാണ് പ്രതിക്കെതിരായ ശിക്ഷാവിധി പറഞ്ഞിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ശിശുദിനത്തിൽ പുറപ്പെടുവിച്ച ശിക്ഷാവിധി കേള്‍ക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker