26.7 C
Kottayam
Tuesday, April 30, 2024

പോസിറ്റിവിറ്റി ഉയര്‍ന്നാല്‍ കേരളത്തിലും നിരോധനാജ്ഞ,സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു

Must read

തിരുവനന്തപുരം : കോവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നാല്‍ തദ്ദേശ സ്ഥാപന പരിധിയില്‍ കളക്ടര്‍മാര്‍ക്ക് 144 ആം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കാവുന്നതാണ്. കഴിഞ്ഞ ദിവസം കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് 144 പ്രഖ്യാപിക്കാന്‍ അനുമതി. ഏപ്രില്‍ 30 വരെയാണ് നിയന്ത്രണങ്ങള്‍. പുതിയ ഉത്തരവില്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ച നിയന്ത്രണങ്ങളുടെ വിശദാംശങ്ങളും ഉണ്ട്.

പുതിയ നിയന്ത്രണങ്ങള്‍ ഇങ്ങനെയാണ്. വിവാഹം ഉള്‍പ്പെടെ അടച്ചിട്ട ഹാളുകളില്‍ നടക്കുന്ന ചടങ്ങുകളില്‍ പരമാവധി 100 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. തുറസ്സായ സ്ഥലങ്ങളില്‍ ആണെങ്കില്‍ 200 പേര്‍ വരെയാകാം. നിശ്ചിത പരിധിയില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കണമെങ്കില്‍ 72 മണിക്കൂറിനുള്ളിലെ ആര്‍ ടി പി സി ആര്‍
നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. വാക്സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും പങ്കെടുക്കാം.

വിവാഹം കൂടാതെ മരണാനന്തര ചടങ്ങ്, സാംസ്കാരിക പരിപാടി, കായിക പരിപാടി, ഉത്സവങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം ഇത് ബാധകമായിരിക്കും. രണ്ടു മണിക്കൂറിനുള്ളില്‍ ചടങ്ങുകളും പരിപാടികളും അവസാനിപ്പിക്കണം. പരിപാടികളിലും ചടങ്ങുകളിലും ഭക്ഷണം വിളമ്ബുന്നത് ഒഴിവാക്കണം. പകരം പാഴ്സലായി ഭക്ഷണം നല്‍കാന്‍ ശ്രദ്ധിക്കണം.

അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞദിവസം 7515 പേര്‍ക്ക് കോവിഡ് – 19 സ്ഥിരീകരിച്ചു. എറണാകുളം – 1162, കോഴിക്കോട് – 867, തൃശൂര്‍ – 690, മലപ്പുറം – 633, കോട്ടയം – 629, തിരുവനന്തപുരം – 579, കണ്ണൂര്‍ – 503, ആലപ്പുഴ – 456, കൊല്ലം – 448, കാസര്‍ഗോഡ് – 430, പാലക്കാട് – 348, പത്തനംതിട്ട – 312, ഇടുക്കി – 259, വയനാട് – 199 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

യു കെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (104), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 112 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 73,441 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.23 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,38,87,699 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കേരളത്തിൽ ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്‍റെ സാന്നിധ്യമുണ്ടെന്ന് ഐജിഐബി. രോഗവ്യാപനത്തില്‍ ഗുരുതര സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ വിനോദ് സ്കറിയ ഡൽഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

വൈറസുകളിലെ ജനിതക വ്യതിയാനത്തെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സിഎസ്ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക് ആന്‍റ് ഇന്‍റ്ഗ്രേറ്റഡ് ബയോളജിയെന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിന്‍റെ പഠനത്തിലാണ് സംസ്ഥാനത്തെ പല ജില്ലകളിലും എൻ440 കെ വകഭേദത്തില്‍പ്പെട്ട വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. പ്രതിരോധ മാര്‍ഗങ്ങളെ മറികടക്കാന്‍ ശേഷിയുള്ള വൈറസ് രോഗ വ്യാപനം തീവ്രമാക്കുമെന്നാണ് ഐജിഐബി ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ രണ്ട് തവണ വാക്സീനെടുത്തവർക്ക് വീണ്ടും കൊവിഡ് വരാനുള്ള സാധ്യതയും ഐജിഐബി തള്ളിക്കളയുന്നില്ല. രണ്ടാംതരംഗത്തിൽ രോഗവ്യാപനമുണ്ടായ ഒഡീഷ, ഛത്തീസ്ഘട്ട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അതേസമയം ഇന്ത്യയിൽ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം ഇന്നും ഒന്നരലക്ഷം കടന്നിട്ടുണ്ട്. ഇന്ത്യയിലേതടക്കം രോഗവ്യാപനത്തില്‍ ആശങ്കയറിയിച്ച ലോകാരോഗ്യസംഘടന ആരോഗ്യസംവിധാനങ്ങള്‍ വലിയ വെല്ലുവിളി നേരിടുകയാണെന്ന് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week