KeralaNews

മകന്‍ ഇതരമതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചു: പൂരക്കളി കലാകാരനായ അച്ഛനെ വിലക്കി ക്ഷേത്രക്കമ്മറ്റി; മകനെയും ഭാര്യയെയും വീട്ടില്‍ നിന്നും മാറ്റിനിര്‍ത്താന്‍ നിര്‍ദേശം

കണ്ണൂര്‍: മകന്‍ ഇതരമതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചു എന്നാരോപിച്ച് ക്ഷേത്രത്തിലെ പൂരക്കളിയില്‍ നിന്ന് കലാകാരനായ അച്ഛനെ വിലക്കിയതായി റിപ്പോര്‍ട്ട്. കരിവെള്ളൂരിലെ വിനോദിനെയാണ് ക്ഷേത്രത്തില്‍ പൂരോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പൂരക്കളിയില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. കരിവെള്ളൂര്‍ കുണിയന്‍ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പൂരക്കളി പണിക്കരാണ് വിനോദ്. ഇതര മതത്തില്‍പ്പെട്ട യുവതി വീട്ടില്‍ ഇരിക്കുമ്പോള്‍ പണിക്കരെ ക്ഷേത്രത്തില്‍ കൊണ്ടുപോകാന്‍ സാധിക്കില്ലെന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ നിലപാട്.

കഴിഞ്ഞ 36 വര്‍ഷമായി വിനോദ് ക്ഷേത്രങ്ങളില്‍ പൂരക്കളി കളിക്കാറുണ്ട്. മകന്‍ അന്യമതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചതോടെയാണ് ക്ഷേത്ര കമ്മിറ്റി പൂരക്കളിയില്‍ നിന്ന് വിനോദിനെ മാറ്റി നിര്‍ത്തിയത്. വിനോദിന് പൂരക്കളി കളിക്കണമെങ്കില്‍ ക്ഷേത്ര കമ്മിറ്റി ഒരു നിര്‍ദേശവും മുന്നോട്ട് വെച്ചിരുന്നു. അന്യമതത്തില്‍ നിന്ന് വിവാഹം കഴിച്ച മകനെയും ഭാര്യയെയും മാറ്റിനിര്‍ത്തണമെന്നതായിരുന്നു അത്. എന്നാല്‍ ആ നിര്‍ദ്ദേശം വിനോദ് സ്വീകരിക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് ക്ഷേത്രത്തിലെ പൂരക്കളിയില്‍ നിന്ന് വിനോദിനെ മാറ്റി നിര്‍ത്തിയത്.

സംഭവത്തില്‍ പ്രതിഷേധവുമായി പുരോഗമന കലാസാഹിത്യ സംഘം പയ്യന്നൂര്‍ മേഖലാ കമ്മിറ്റി പ്രസ്താവനയുമായി രംഗത്തെത്തി. ‘കുടുംബത്തിലൊരാള്‍ തികച്ചും മതേതരമായ ജീവിതരീതി സ്വീകരിച്ചു എന്നതിന്റെ പേരില്‍, നേരത്തെ നിശ്ചയിച്ച പണിക്കര്‍ സ്ഥാനത്ത് നിന്ന് നീക്കി കലാകാരനെ ബഹിഷ്‌കരിക്കുന്ന ഏത് ക്ഷേത്രാധികാരിയും കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാനാവാത്ത അപരിഷ്‌കൃത മനോഭാവമാണ് വെച്ചുപുലര്‍ത്തുന്നത്.

കലയും സാഹിത്യവുമെല്ലാം ആത്യന്തികമായി മനുഷ്യ പുരോഗതിക്ക് വേണ്ടിയുള്ളതാണ്. സമൂഹത്തെ പിന്‍നടത്തുന്ന ഇത്തരം തീരുമാനങ്ങള്‍ വിശ്വാസികള്‍ ഒന്നടങ്കം എതിര്‍ത്തുതോല്‍പിക്കണം,’ പുരോഗമന കലാസാഹിത്യ സംഘം പയ്യന്നൂര്‍ മേഖലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

പ്രസ്താവനയുടെ പൂര്‍ണരൂപം:

പൂരക്കളി പണിക്കര്‍ക്ക് വിലക്ക് തീരുമാനം പുനപ്പരിശോധിക്കുക. മകന്‍ ഇതര മതസ്ഥയെ വിവാഹം ചെയ്തതിന്റെ പേരില്‍ ഒരു കലാകാരന് പൂരക്കളി കളിക്കാനുള്ള അവകാശം കുണിയന്‍ ശ്രീ പറമ്പത്ത് ഭഗവതി ക്ഷേത്ര കമ്മറ്റി നിഷേധിച്ചുവെന്ന വാര്‍ത്ത അങ്ങേയറ്റം അമ്പരപ്പുളവാക്കുന്നതാണ്.

പൂരക്കളി പണിക്കന്മാരെ അവരുടെ വിജ്ഞാനത്തിന്റെയും കലാചാതുരിയുടേയും അടിസ്ഥാനത്തില്‍ ബഹുമാനത്തോടെ കാണുന്ന സമൂഹമാണ് നമ്മുടേത്. കുടുംബത്തിലൊരാള്‍ തികച്ചും മതേതരമായ ജീവിതരീതി സ്വീകരിച്ചു എന്നതിന്റെ പേരില്‍, നേരത്തെ നിശ്ചയിച്ച പണിക്കര്‍ സ്ഥാനത്ത് നിന്ന് നീക്കി കലാകാരനെ ബഹിഷ്‌കരിക്കുന്ന ഏത് ക്ഷേത്രാധികാരിയും കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാനാവാത്ത അപരിഷ്‌കൃത മനോഭാവമാണ് വെച്ചുപുലര്‍ത്തുന്നത്.

കലയും സാഹിത്യവുമെല്ലാം ആത്യന്തികമായി മനുഷ്യ പുരോഗതിക്ക് വേണ്ടിയുള്ളതാണ്. സമൂഹത്തെ പിന്‍നടത്തുന്ന ഇത്തരം തീരുമാനങ്ങള്‍ വിശ്വാസികള്‍ ഒന്നടങ്കം എതിര്‍ത്തു തോല്‍പിക്കണം. ആധുനിക സാംസ്‌കാരിക കേരളത്തിന്റെ അന്തസത്തക്കു ചേരാത്ത ഈ പ്രവൃത്തിയെ പുരോഗമന കലാസാഹിത്യ സംഘം തള്ളിപ്പറയുന്നു. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ബന്ധപ്പെട്ട ക്ഷേത്ര കമ്മറ്റി ഇക്കാര്യം പുനപരിശോധിച്ച് അടിയന്തരമായി തിരുത്തല്‍ വരുത്തണമെന്ന് പുരോഗമന കലാ സാഹിത്യ സംഘം പയ്യന്നൂര്‍ മേഖലാ കമ്മിറ്റി ആവശ്യപ്പെടുന്നു. കെ.വി. പ്രശാന്ത് കുമാര്‍(സെക്രട്ടറി), ആര്‍. മുരളീധരന്‍(പ്രസിഡന്റ്) പുരോഗമന കലാസാഹിത്യ സംഘംപയ്യന്നൂര്‍ മേഖലാ കമ്മിറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker