വാവ സുരേഷിനായി മണ്ണാറശാലയില്‍ വഴിപാടുകളുമായി ആരാധകര്‍

മണ്ണാറശാല: പാമ്പുകടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി ഐസിയുവില്‍ കഴിയുന്ന വാവ സുരേഷിന് വേണ്ടി മണ്ണാറശാലയില്‍ വഴിപാട് കഴിപ്പിച്ച് ആരാധകര്‍. വാവ സുരേഷ് ആരോഗ്യവാനായി തിരിച്ച് വരാന്‍ മണ്ണാറശാലയില്‍ പലതരം വഴിപാടുകളാണ് ആരാധകര്‍ നേരുന്നത്.

അതേസമയം വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. 48 മണിക്കൂറായി വാവ സുരേഷ് നിരീക്ഷണത്തില്‍ തുടരുകയാണ്. 72 മണിക്കൂര്‍ നിരീക്ഷണം തുടരുമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ എം എസ് ഷര്‍മദ് അറിയിച്ചു. ഐസിയുവില്‍ തുടരുന്ന വാവ സുരേഷിന് ആന്റിവെനം നല്‍കി വരുകയാണ്.

കഴിഞ്ഞ ദിവസം രാവിലെ പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജംക്ഷനില്‍ വച്ചായിരുന്നു വാവ സുരേഷിന് പാമ്പ് കടിയേറ്റത്. ഒരു വീട്ടിലെ കിണറില്‍നിന്നു പിടിച്ച അണലിയാണ് വാവയെ കടിച്ചത്. കുപ്പിയിലാക്കിക്കൊണ്ടുപോയ അണലിയെ കാണാന്‍ നാട്ടുകാര്‍ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് പുറത്തെടുക്കുന്നതിനിടെ സുരേഷിന്റെ കൈയില്‍ കടിയേല്‍ക്കുകയായിരുന്നു.