തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസില്‍ ഡിജിപി അനില്‍കാന്തിന്റെ മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് ആണ് മൊഴി രേഖപ്പെടുത്തിയത് മോന്‍സണ്‍ പോലീസ് ക്ലബ്ബില്‍ തങ്ങിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഡിജിപിക്ക് മോന്‍സന്‍ ഉപഹാരം നല്‍കിയ ചിത്രവും പുറത്തു വന്നിരുന്നു. ഇതില്‍ ക്രൈംബ്രാഞ്ച് വ്യക്തത തേടി.
പ്രവാസി മലയാളി ഫെഡറേഷന്റെ ആറ് പേര്‍ തന്നെ കാണാന്‍ വന്നതായി ഡിജിപി മൊഴി നല്‍കി. അക്കൂട്ടത്തില്‍ മോന്‍സനും ഉണ്ടായിരുന്നു. ഇതല്ലാതെ, മോന്‍സണിനെ വ്യക്തിപരമായി അറിയില്ലെന്നാണ് അനില്‍കാന്തിന്റെ മൊഴി. ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കും.
കേസില്‍ ലോക്നാഥ് ബെഹ്റയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. ബീറ്റ് ബോക്സ് വച്ചതിലും, മ്യൂസിയം സന്ദര്‍ശിച്ചതിലും വിവരങ്ങള്‍ തേടി. ട്രാഫിക് ഐജി ലക്ഷ്മണില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. ലക്ഷ്മണും മോന്‍സനും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. ലക്ഷ്മണ്‍ മോന്‍സന്റെ മകളുടെ വിവാഹ നിശ്ചയത്തിനും പങ്കെടുത്തിരുന്നു.
മോന്‍സണിന് ഉന്നത പോലീസ് ബന്ധങ്ങളുണ്ടെന്ന് നേരത്തെ തന്നെ ട്വന്റിഫോര്‍ കണ്ടെത്തിയിരുന്നു. മോന്‍സണ്‍ തട്ടിപ്പുകാരനെന്ന് പൊലീസിനെ അറിയിച്ചത് പ്രവാസി മലയാളിയായ സ്ത്രീയെ അസഭ്യം പറയാന്‍ മോന്‍സണ്‍ പൊലീസിന് നിര്‍ദേശം നല്‍കുന്ന ശബ്ദരേഖ ട്വന്റിഫോറിന് പുറത്ത് വിട്ടിരുന്നു. പരാതിക്കാരി ഇനി വിളിച്ചാല്‍ അസഭ്യം പറയണമെന്ന് ചേര്‍ത്തല സിഐ ശ്രീകുമാറിനോട് മോണ്‍സണ്‍ പറയുന്നു.