കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം;ആറുപേര്‍ കസ്റ്റഡിയില്‍

തിരുവല്ല: കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ആറുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോണ്‍ട്രാക്ടര്‍, കയര്‍ കെട്ടിയവര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐ സുനില്‍ കൃഷ്ണ പറഞ്ഞു.

തിരുവല്ല മുത്തൂരിലാണ് സംഭവം നടന്നത്. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) ആണ് മരിച്ചത്. മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയിരുന്ന കയര്‍ സെയ്ദിന്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം യാത്ര ചെയ്യവേയായിരുന്നു അപകടം.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും യാതൊരു സുരക്ഷാ മുന്‍കരുതലുകളോ മുന്നറിയിപ്പ് ബോര്‍ഡോ ഇവര്‍ വച്ചിരുന്നില്ലെന്നും സിഐ പറഞ്ഞു.മുത്തൂര്‍ സര്‍ക്കാര്‍ സ്‌കൂള്‍ വളപ്പില്‍ നിന്ന മരം മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

കയര്‍ കഴുത്തില്‍ കുരുങ്ങി റോഡില്‍ വീണ സെയ്ദിന് ഗുരുതരമായി പരിക്കേറ്റു. ഭാര്യയും മക്കളും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം കുടുംബത്തിന് വിട്ടുനല്‍കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News