‘സുന്ദരിയുടെ ഭരണിപ്പാട്ട്’; കെ. മുരളീധരനെതിരേ പരാതി നല്‍കി ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം: അധിക്ഷേപ പരാമര്‍ശം നടത്തിയ കെ. മുരളീധരന്‍ എം.പിക്കെതിരേ പരാതി നല്‍കി തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍. മ്യൂസിയം പോലീസിലാണ് പരാതി നല്‍കിയത്. പരാതിയില്‍ പോലീസ് കേസെടുത്തിട്ടില്ല. നിയമോപദേശം ലഭിച്ചശേഷമായിരിക്കും എംപിക്കെതിരേ കേസെടുക്കുക.

സൗന്ദര്യമുണ്ടെങ്കിലും മേയറുടെ വായില്‍ നിന്നു വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണെന്ന പരാമര്‍ശമാണ് മുരളീധരന്‍ കഴിഞ്ഞ ദിവസം നടത്തിയത്. കോര്‍പറേഷനിലെ നികുതിതട്ടിപ്പ് സംഭവത്തില്‍ യുഡിഎഫ് നടത്തുന്ന സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു മുരളീധരന്റെ വിവാദ പരാമര്‍ശം.

ഇങ്ങനെയുള്ള ഒരുപാടു പേരെ ഈ നഗരസഭ കണ്ടിട്ടുണ്ടെന്നും ആറ്റുകാല്‍ പൊങ്കാലയെ നോണ്‍ വെജിറ്റേറിയന്‍ പൊങ്കാലയാക്കിയ ഇന്ത്യയിലെ ഏക മേയര്‍ എന്ന നേട്ടം ആര്യ രാജേന്ദ്രനാണെന്നും മുരളി പറഞ്ഞു. മേയറെ കുറിച്ച് കെ. മുരളീധരന്‍ നടത്തിയ പ്രസ്താവന സ്ത്രീവിരുദ്ധമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News