
അങ്കമാലി: അങ്കമാലിയില്‍ തടിലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ട്രാവലറിന്റെ ഡ്രൈവര്‍ മരിച്ചു. പാലക്കാട് സ്വദേശി അബ്ദുല്‍ മജീദ് (59) ആണ് മരിച്ചത്. കാറ്ററിങ്ങ് സര്‍വീസ് തൊഴിലാളികള്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. 19 സ്ത്രീകളാണ് ട്രാവലറിലുണ്ടായിരുന്നത്. പരിക്കേറ്റ 19 പേരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
വെള്ളിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അങ്കമാലി എം.സി റോഡില്‍ വച്ച് അപകടമുണ്ടായത്. റാന്നിയില്‍ കാറ്ററിങ്ങ് പരിപാടി കഴിഞ്ഞ് പാലക്കാട്ടേക്ക് പോവുകയായിരുന്നു ട്രാവലര്‍. പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോയ തടി ലോറിയുമായി എതിര്‍ ദിശയില്‍ വന്ന ട്രാവലര്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ട്രാവലറിന്റെ ഡ്രൈവറായ അബ്ദുല്‍ മജീദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ ട്രാവലിന്റെ പകുതിഭാഗം പൂര്‍ണമായും തകര്‍ന്നു.