‘അമേരിക്കയ്ക്ക് അന്യഗ്രഹ വാഹനമുണ്ട്’ വെളിപ്പെടുത്തലുമായി മുൻ ഇന്റലിജെൻസ് ഉദ്യോഗസ്ഥന്‍
വാഷിങ്ടൺ: അമേരിക്കയുടെ പക്കൽ അന്യഗ്രഹ പേടകമുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ ഇൻറലിജെൻസ് ഉദ്യോഗസ്ഥൻ. മുൻ യുഎസ് എയർഫോഴ്സ് ഇന്റലിജൻസ് ഉദ്യോഗസ്ഥനായ മേജർ ജേവിഡ് ഗ്രഷിന്റേതാണ് വെളിപ്പെടുത്തൽ. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങളിൽ നിന്ന് മാത്രമല്ല കോൺഗ്രസിൽ നിന്നും യുഎസ് സർക്കാർ മറച്ചുവെക്കുകയാണെന്നും ഗ്രഷ് ആരോപിച്ചു.യുഎസ് സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ തെളിവെടുപ്പിലാണ് ഗ്രഷ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അതേസമയം ഗ്രഷിന്റെ വെളിപ്പെടുത്തൽ പെന്റഗൺ നിഷേധിച്ചു.
‘1930-കളില്‍ യുഎസ് സര്‍ക്കാര്‍ മനുഷ്യേതര ജീവികളെ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കൻ സർക്കാരിന്റെ കൈവശം അന്യഗ്രഹ പേടകം ഉണ്ടെന്നും അത് പ്രവർത്തിപ്പിച്ചിരുന്ന മനുഷ്യരല്ലാത്ത ജീവികളുടെ അവശിഷ്ടങ്ങള്‍ സര്‍ക്കാരിന് കൈവശമുണ്ടെന്നുമാണ് താൻ വിശ്വസിക്കുന്നത്’, ഗ്രഷ് പറഞ്ഞു. ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ എന്റെ മേലുദ്യോഗസ്ഥരോടും ഒന്നിലധികം ഇൻസ്പെക്ടർ ജനറൽമാരോടും റിപ്പോർട്ട് ചെയ്യാൻ ഞാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് അറിയുന്നവരുടെ അഭിമുഖം താൻ നേരിട്ട് എടുത്തിട്ടുണ്ടെന്നും ഗ്രഷ് പറഞ്ഞു.
ദീർഘകാലയളവിൽ രാജ്യത്തെ സേവിക്കുകയും രാജ്യത്തോട് കൂറ് പുലർത്തുകയും ചെയ്ത വ്യക്തികൾ തനിക്ക് നൽകിയ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്റെ വെളിപ്പെടുത്തൽ.അവരിൽ പലരും ഇതിന്റെ ഫോട്ടോകളും ഡോക്യുമെന്റേഷൻ ഉൾപ്പെടെയുള്ള തെളിവുകളും താനുമായി പങ്കിട്ടിട്ടുണ്ട്,ഗ്രഷ് പറഞ്ഞു.
സർക്കാർ വിവരങ്ങൾ മറച്ചുവെക്കുകയാണെന്ന് തെളിവെടുപ്പിന് ഹാജരായ യുഎസ് പ്രതിനിധി ടിം ബർഷെറ്റും പ്രതികരിച്ചു.ഇത് സർക്കാരിന്റെ സുതാര്യതയുടെ പ്രശ്നമാണ്. ജനങ്ങളെ വിശ്വസിക്കാത്ത ഒരു സർക്കാരിനെ നമുക്കും വിശ്വസിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡേവിഡ് ഗ്രഷിനൊപ്പം മറ്റു 2 പേരെ കൂടി കോൺഗ്രസ് വിസ്തരിച്ചിരുന്നു.
എന്നാൽ അന്യഗ്രഹ പേടകങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തിരിച്ചറിയുന്നതിനായി രൂപീകരിച്ച പെന്റഗൺ ഓഫീസ് മേധാവി ഈ ആരോപണങ്ങൾ തള്ളി. അജ്ഞാത പേടകങ്ങളുടേയും അന്യഗ്രഹ ജീവികളുടേയും സാന്നിധ്യം തിരിച്ചറിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.