KeralaNews

ടിക് ടോക്കിനെ തരംതാഴ്ത്തുന്നതിനും തകര്‍ക്കുന്നതിനും മെറ്റ വന്‍തോതില്‍ പ്രചാരണ പരിപാടികള്‍ക്ക് പണം ചിലവിട്ടതായി റിപ്പോര്‍ട്ട്; സക്കർബർഗിനെതിരേ ആരോപണം

ടിക് ടോക്കിനെ തരംതാഴ്ത്തുന്നതിനും തകര്‍ക്കുന്നതിനും ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപമായ മെറ്റ വന്‍തോതില്‍ പ്രചാരണ പരിപാടികള്‍ക്ക് പണം ചിലവിട്ടതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ വന്‍കിട രാഷ്ട്രീയ പ്രചാരണ സ്ഥാപനങ്ങളെ കൂട്ടുപിടിച്ചാണ് മെറ്റ രാജ്യവ്യാപകമായ പ്രചാരണ പരിപാടികള്‍ നടത്തിയത്. വാഷിങ്ടണ്‍ പോസ്റ്റാണ് ഈ വിവരങ്ങള്‍ റിപ്പോർട്ട ചെയ്തത്.

ടിക് ടോക്കും ടിക് ടോക്കിന്റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാന്‍സും അമേരിക്കയിലെ കുട്ടികള്‍ക്കും സമൂഹത്തിനും ഭീഷണിയാണെന്ന വിധത്തിലുള്ള പ്രചാരണ പരിപാടികളാണ് മെറ്റ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.

ടിക് ടോക്കിനെതിരായ പത്ര ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുക, പ്രധാന മാധ്യമങ്ങളുടെ എഡിറ്റര്‍മാര്‍ക്ക് കത്തുകള്‍ എഴുതുക, ടിക് ടോക്കിനെതിരായ ഉള്ളടക്കങ്ങള്‍ക്ക് ഫെയ്‌സ്ബുക്കില്‍ പ്രചാരം നല്‍കുക, രാഷ്ട്രീയ റിപ്പോര്‍ട്ടര്‍മാരുടേയും പ്രാദേശിക രാഷ്ട്രീയപ്രവര്‍ത്തകരുടെയും ശ്രദ്ധ ഈ വിഷയത്തിലേക്ക് പിടിച്ചുപറ്റുക തുടങ്ങിയ ഉദ്ദേശങ്ങളോടെയായിരുന്നു മെറ്റായുടെ പ്രചാരണ പരിപാടികള്‍. മുഖ്യമായും ടാര്‍ഗറ്റഡ് വിക്ടറി എന്ന സ്ഥാപനമാണ് ഈ പ്രചാരണ പരിപാടികള്‍ക്ക് മെറ്റായെ സഹായിച്ചത്.

യുവാക്കള്‍ക്കിടയില്‍ പ്രചരിക്കുന്ന അപകടകരമായ ഓണ്‍ലൈന്‍ ചലഞ്ചുകള്‍ക്ക് ടിക് ടോക്കുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനും ആ രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും ചര്‍ച്ചകള്‍ സൃഷ്ടിക്കാനും ടാര്‍ഗറ്റഡ് വിക്ടറി ശ്രമിച്ചിരുന്നു. ഫെയ്‌സ്ബുക്കിലൂടെ ഇത്തരം ഉള്ളടക്കങ്ങള്‍ക്ക് വലിയ പ്രചാരം നല്‍കുകയും ചെയ്തു.

മെറ്റായ്‌ക്കെതിരെയുണ്ടായ സ്വകാര്യത, അവിശ്വാസ ആരോപണങ്ങള്‍ സംബന്ധിച്ച വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുവാനും ടിക് ടോക്കിനെതിരായ ഉള്ളടക്കങ്ങള്‍ ഇവര്‍ ഉപയോഗിച്ചിരുന്നുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

സാധാരണ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കിടയിലാണ് പരസ്പരം തരംതാഴ്ത്തുന്നതിനുള്ള പ്രചാര വേലകള്‍ നടക്കാറുള്ളത്. ഇക്കാര്യത്തില്‍ അഗ്രഗണ്യരായതുകൊണ്ടാവണം രാഷ്ട്രീയ പ്രചാരണ പരിപാടികള്‍ നടത്തുന്ന സ്ഥാപനങ്ങളെയാണ് മെറ്റ ഇതിനായി സമീപിച്ചത്.

യുഎസ്സിൽ ഉള്‍പ്പടെ ഫെയ്‌സ്ബുക്കിനും മെറ്റായുടെ മറ്റ് സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ക്കും കനത്ത വെല്ലുവിളിയാണ് ടിക് ടോക്ക് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടാന്‍ ടിക് ടോക്കിന് സാധിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്കില്‍ നിന്നുള്ള ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്കിനും വരുമാന നഷ്ടത്തിനും ടിക് ടോക്ക് കാരണമായിട്ടുണ്ട്.

വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ ടിക് ടോക്ക് ഉള്‍പ്പടെ എല്ലാ പ്ലാറ്റ് ഫോമുകളും ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് മെറ്റ വക്താവ് ആന്‍ഡി സ്‌റ്റോണ്‍ ഇതെ കുറിച്ച് പ്രതികരിച്ചത്. അതേസമയം ഈ രീതിയില്‍ തങ്ങള്‍ക്കെതിരായ പ്രാദേശിക മാധ്യമവാര്‍ത്തകളില്‍ ആശങ്കയുണ്ടെന്ന് ടിക് ടോക്ക് പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker