KeralaNews

തോമസ് ഐസക്കിനെയും ജി. സുധാകരനെയും വെട്ടിനിരത്തി, സി.പി.എമ്മിൽ അതൃപ്തി ഞെട്ടൽ,ഏ.കെ ബാലൻ്റെ ഭാര്യയ്ക്കെതിരെയും മുറുമുറുപ്പ്

ആലപ്പുഴ:മന്ത്രിമാരായ തോമസ് ഐസക്കിനെയും ജി. സുധാകരനെയും വെട്ടിനിരത്തിയതിലെ അതൃപ്തി ശക്തമായിരിക്കെ സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ സ്ഥാനാർത്ഥി പട്ടിക അംഗീകരിക്കാനുള്ള സിപിഎം ആലപ്പുഴ ജില്ലാ നേതൃയോഗങ്ങൾ ഇന്ന് ചേരും. സ്ഥാനാർഥി നിർണ്ണയത്തിനെതിരെ ഐസക് – സുധാകര പക്ഷ നേതാക്കൾ യോഗങ്ങളിൽ വിമർശനം ഉന്നയിച്ചേക്കും. സംസ്ഥാന കമ്മിറ്റി അംഗവും ചെങ്ങന്നൂർ എംഎൽഎയുമായ സജി ചെറിയാന്‍റെ നേതൃത്വത്തിലുള്ള നീക്കമാണ് അപ്രതീക്ഷിത വെട്ടിനിരത്തലിന് പിന്നിലെന്നാണ് ഒരുവിഭാഗം സിപിഎം നേതാക്കൾ പറയുന്നത്.

തോമസ് ഐസക്കിനും ജി. സുധാകരനും വീണ്ടും അവസരം ലഭിക്കാൻ സിപിഎം സംസ്ഥാന നേതൃത്വത്തിന് മേൽ ശക്തമായ സമ്മർദ്ദമാണ് ആലപ്പുഴയിലെ നേതാക്കൾ നടത്തിയത്. ജില്ലയിലെ ആകെ വിജയസാധ്യതയ്ക്ക് പോലും മങ്ങലേൽക്കുന്ന തീരുമാനമെന്നാണ് യോഗത്തിൽ പങ്കെടുത്ത ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ വ്യക്തമാക്കിയത്. എന്നാൽ എതിർപ്പുകളും സമ്മർദ്ദങ്ങളുമെല്ലാം സംസ്ഥാന നേതൃത്വം പൂർണ്ണമായി തള്ളി. പുതിയ മുഖങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ സ്ഥാനാർഥി പട്ടിക അംഗീകാരത്തിനായി ഇന്ന് ജില്ലാ നേതൃത്വത്തിന് മുന്നിലെത്തും.

ചെങ്ങന്നൂർ ഒഴികെ സിപിഎം മത്സരിക്കുന്ന മറ്റ് അഞ്ചിടങ്ങളിലും സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പുകയുന്നുണ്ട്. അമ്പലപ്പുഴയിൽ ജി. സുധാകരൻ മാറിയതിൽ പ്രാദേശികമായ എതിർപ്പ് ശക്തമാണ്. ആലപ്പുഴ സീറ്റിലും ഐസക്കിന്‍റെ അഭാവം കീഴ്ഘടങ്ങളെ അസ്വസ്ഥമാക്കുന്നു. ഇരുവരും അനൗദ്യോഗിക പ്രചാരണം പോലും തുടങ്ങിയപ്പോഴാണ് സംസ്ഥാന നേതൃത്വത്തിന്‍റെ അപ്രതീക്ഷിത നീക്കം.

കായംകുളത്ത് യു. പ്രതിഭയുടെ പേര് ജില്ലാ നേതൃത്വം പിന്തുണച്ചാലും തുടർന്ന് ചേരുന്ന തെരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റിയിൽ എതിർപ്പ് ഉയർന്നേക്കും. മാവേലിക്കരയിൽ ആർ. രാജേഷിന് ഇളവ് നൽകാത്തതിന്‍റെ അതൃപ്തി ഒരുവിഭാഗം നേതാക്കൾക്ക് ഉണ്ട്. അരൂരിൽ ഗായിക ദലീമ ജോജോയ്ക്ക് അവസരം ലഭിച്ചത് ജില്ലാ നേതൃത്വത്തെ പോലും ഞെട്ടിച്ചു. പാർട്ടിക്ക് പുറത്തുള്ള ചിലരുടെ ഇടപെടൽ സ്ഥാനാർത്ഥിത്വത്തിന് പിന്നിലുണ്ടെന്നാണ് ആക്ഷേപം.

ആലപ്പുഴ സിപിഎമ്മിലെ കരുത്തരായ ജി. സുധാകരനെയും തോമസ് ഐസക്കിനെയും ഒതുക്കാൻ, സജി ചെറിയാന്‍റെ നേതൃത്വത്തിൽ നടത്തിയ നീക്കങ്ങളാണ് അപ്രതീക്ഷിത സ്ഥാനാർഥി പട്ടികയ്ക്ക് പിന്നിലെന്നാണ് ഒരുവിഭാഗം നേതാക്കൾ പറയുന്നത്. സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരുടെ പിന്തുണയിൽ ഇവർ പാർട്ടി പിടിച്ചെടുത്തെന്നും ഐസക് സുധാകര പക്ഷ നേതാക്കൾ പറയുന്നു.

അതിനിടെ തരൂരിൽ എ കെ ബാലന് പകരം ഭാര്യ ഡോ. പി കെ ജമീല സ്ഥാനാർത്ഥിയാവുന്നതിൽ പാലക്കാട് തരൂരിലെ പാർട്ടി പ്രവർത്തകർക്കിടയിലും അതൃപ്തി പുകയുന്നു.പട്ടികജാതി ക്ഷേമസമിതിയിൽ ഉൾപ്പെടെ അർഹരായ നേതാക്കളുണ്ടെന്നിരിക്കെ, ജമീലയെ കെട്ടിയിറക്കുന്നത് ദോഷംചെയ്യുമെന്നാണ് ഒരു വിഭാ​ഗം ഉയർത്തുന്ന വാദം.

അപ്രതീക്ഷിതമായിരുന്നു ഡോ. പി കെ ജമീലയുടെ സ്ഥാനാർത്ഥിത്വം. കുഴൽമന്ദം, തരൂർ എന്നിവിടങ്ങളിൽ നിന്നായി നാലുതവണ സഭയിലെത്തിയ എ.കെ.ബാലന്റെ ടേം പൂ‍ർത്തിയായതോടെ മത്സര രംഗത്തുണ്ടാവില്ലെന്ന് ഉറപ്പുണ്ടായിരുന്നു. തരൂരിൽ പി.കെ.എസ് ജില്ലാ അധ്യക്ഷൻ പൊന്നുക്കുട്ടൻ, ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. ശാന്തകുമാരി, എന്നിവരുടെ പേരാണ് ആദ്യഘട്ടത്തിൽ പരിഗണിക്കപ്പെട്ടത്. എന്നാൽ സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമെന്നോണം ജില്ല സെക്രട്ടേറിയേറ്റിൽ ഡോ. പി.കെ ജമീലയുടെ പേര് അവതരിപ്പിക്കപ്പെട്ടു.

സെക്രട്ടേറിയേറ്റിൽ ഒരുവിഭാഗം നിർദ്ദേശത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. ആരോഗ്യവകുപ്പിൽ നിന്ന് വിരമിച്ചയാളാണെങ്കിലും സംഘടനാപ്രവർത്തനം ഇല്ലാത്തയാളെ സിപിഎം കോട്ടയിൽ സ്ഥാനാർത്ഥിയാക്കുന്നതിനായിരുന്നു വിമർശനം. വാർത്ത പുറത്തുവന്നതിന് പിന്നാലെ, വിവാദത്തിന് പുറകിൽ ഗൂഢാലോചയെന്ന വാദം നിരത്തി എ കെ ബാലൻ രംഗത്തെത്തിയിരുന്നു. ജില്ല ഘടകത്തിന്റെ എതി‍ർപ്പ് മറികടന്ന് സംസ്ഥാന സമിതിയിൽ ജമീലയെ തീരുമാനിക്കുന്നതോടെ വരും ദിവസങ്ങളിൽ പാർട്ടിക്കുളളിലെ ഭിന്നത മറനീക്കി പുറത്തുവരുമെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker