തുനിവ് സിനിമയുടെ ആഘോഷത്തിനിടെ അജിത്ത് ആരാധകന് ദാരുണാന്ത്യം
ചെന്നൈ: അജിത്ത് കുമാര്‍ നായകനായ തുനിവ് സിനിമയുടെ റിലീസ് ദിനത്തില്‍ നടന്ന ആഘോഷത്തിനിടയില്‍ അജിത്ത് ആരാധകന്‍ മരണപ്പെട്ടു. ചെന്നൈയിലെ രോഹിണി തീയറ്ററിലെ ആഘോഷത്തിനിടെ ലോറിയില്‍ നിന്ന് വീണാണ് മരണം സംഭവിച്ചത്. ഭരത് കുമാര്‍ എന്ന ആരാധകനാണ് മരണപ്പെട്ടത് എന്നാണ് പൊലീസിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാവിലെ നടന്ന ഷോയ്ക്ക് ശേഷം ചെന്നൈയിലെ രോഹിണി തിയേറ്ററിന് മുന്നില്‍ വലിയ ആഘോഷത്തിലായിരുന്ന അജിത്ത് ആരാധകര്‍. അതേ സമയം തീയറ്ററിന് മുന്നിലെ പൂനമല്ലി ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ലോറിയിലേക്ക് അജിത്ത് ആരാധകര്‍ ചാടി കയറി നൃത്തം തുടങ്ങി. ഈ സമയം നിയന്ത്രണം വിട്ട് നിലത്തേക്ക് വീണാണ് ഭരത് കുമാറിന് അത്യാഹിതം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം രോഹിണി തീയറ്റിന് മുന്നില്‍ അതിരാവിലെ വിജയ് അജിത്ത് ആരാധകര്‍ ഏറ്റുമുട്ടിയെന്നും വിവരമുണ്ട്. ഇരുവിഭാഗവും സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡുകള്‍ അടക്കം നശിപ്പിച്ചു. അജിത്തിന്‍റെയും വിജയിയുടെ ചിത്രങ്ങള്‍ കാണാന്‍ അതിരാവിലെ ഫാന്‍സ് ഷോയ്ക്ക് എത്തിയ ആരാധകരാണ് ഏറ്റുമുട്ടിയത് എന്നാണ് വിവരം.
എഎന്‍ഐ ട്വീറ്റ് ചെയ്ത ഒരു വീഡിയോയില്‍ സിനിമ തീയറ്ററിന് പുറത്തുള്ള ഫ്ലെക്സ് ഹോർഡിംഗുകൾ കീറുകയും, ചിലതിന് മുകളില്‍ ആളുകള്‍ കയറി അവഇളക്കാന്‍ ശ്രമിക്കുന്നതും കാണാം. പൊലീസ് ലാത്തി വീശിയാണ് ഇരുകൂട്ടരെയും ഓടിച്ചതും, സംഭവം ശാന്തമാക്കിയത് എന്നുമാണ് റിപ്പോര്‍ട്ട്. തമിഴ്നാടിന്‍റെ പലഭാഗത്തും സമാനമായ സംഭവങ്ങള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട്.
9 വർഷത്തിന് ശേഷമാണ് അജിത്തിന്‍റെയും വിജയിയുടെയും ചിത്രം ഒന്നിച്ച് റിലീസ് ആകുന്നത്. അതേ സമയം അജിത്തിന്‍റെ തുനിവിനും, വിജയ് നായകനാകുന്ന വാരിസിനും വലിയ വരവേല്‍പ്പാണ് തീയറ്ററുകളില്‍ ആദ്യ മണിക്കൂറുകളില്‍ ലഭിക്കുന്നത് എന്നാണ് വിവരം. ഫാന്‍സ് പ്രിമീയര്‍ ഷോകള്‍ കഴിഞ്ഞതോടെ വലിയ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.