CrimeKeralaNews

വെടിവെക്കാൻ പരിശീലിച്ചത് ഇന്റര്‍നെറ്റിലൂടെ, മാസങ്ങളോളം; മരണസാധ്യതയും ഡോക്ടർ മനസ്സിലാക്കി

തിരുവനന്തപുരം: പട്ടാപ്പകല്‍ യുവതിയെ വീട്ടില്‍ക്കയറി വെടിവെച്ച വനിതാ ഡോക്ടര്‍ ആക്രമണത്തിനായി നടത്തിയത് മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പ്. എയര്‍പിസ്റ്റള്‍ ഉപയോഗിക്കുന്നതും വെടിവെക്കുന്നതും ഇതിന്റെ ആഘാതത്തെക്കുറിച്ചുമെല്ലാം ഇന്റര്‍നെറ്റിലൂടെ മാസങ്ങളോളം പഠിച്ചശേഷമാണ് പ്രതിയായ ഡോ. ദീപ്തി മോള്‍ ജോസ് ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

ഞായറാഴ്ച രാവിലെ 8.30-ഓടെയാണ് ഡോ. ദീപ്തി, ചെമ്പകശ്ശേരിയിലെ ഷിനിയുടെ വീട്ടിലെത്തി വെടിയുതിര്‍ത്തത്. കൂറിയര്‍ നല്‍കാനെന്ന വ്യാജേന വീട്ടിലെത്തി എയര്‍പിസ്റ്റള്‍ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. മുഖംപൊത്തിയതിനാല്‍ ഷിനിയുടെ വിരലിലാണ് പെല്ലറ്റ് തറച്ചത്.

മുഖം മറച്ചെത്തി ഒരു യുവതി വീട്ടില്‍ക്കയറി വെടിയുതിര്‍ത്ത സംഭവം നാട്ടുകാരെയൊന്നടങ്കം ഞെട്ടിച്ചിരുന്നു. സംഭവത്തില്‍ പോലീസും ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. ആരുമായി ശത്രുതയില്ലെന്നും ആര്‍ക്കും തന്നോട് വ്യക്തിവൈരാഗ്യമില്ലെന്നുമായിരുന്നു വെടിയേറ്റ ഷിനി പോലീസിന് നല്‍കിയ മൊഴി. വീട്ടുകാരും സമാനമായ മൊഴിയാണ് പോലീസിന് നല്‍കിയത്. ഇതിനൊപ്പം അക്രമിയായ യുവതി വന്ന വഴിയിലൂടെയും പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. യുവതി എത്തിയ കാര്‍ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് തിരിച്ചറിഞ്ഞു. ഇതിന്റെ നമ്പര്‍ വ്യാജമാണെന്ന് മനസിലായതോടെ കൂടുതല്‍മേഖലകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.

ആക്രമണത്തിന് ശേഷം ചാക്ക ബൈപ്പാസ്, കഴക്കൂട്ടം വഴിയാണ് പ്രതി കാറില്‍ രക്ഷപ്പെട്ടതെന്ന് മനസിലായതോടെ അന്വേഷണം വ്യാപിപ്പിച്ചു. തുടര്‍ന്നാണ് കൊല്ലത്തെ ആശുപത്രിയില്‍ ജോലിചെയ്യുന്ന ഡോ.ദീപ്തി മോള്‍ ജോസിലേക്ക് അന്വേഷണം എത്തിയത്. പ്രതി സഞ്ചരിച്ച കാര്‍ തിരിച്ചറിഞ്ഞ പോലീസിന് വനിതാ ഡോക്ടറും വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവും ഒരേസ്ഥാപനത്തില്‍ ജോലിചെയ്തിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് കൊല്ലത്തെ ആശുപത്രി പരിസരത്തുനിന്ന് ഡ്യൂട്ടിക്കിടെയാണ് ഡോ.ദീപ്തി മോള്‍ ജോസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് നടത്തിയ പ്രാഥമിക ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് കൃത്യമായ തെളിവുകള്‍ നിരത്തിയതോടെ കുറ്റംചെയ്തതായി ദീപ്തി മോള്‍ മൊഴി നല്‍കുകയായിരുന്നു.

പള്‍മണോളജിയില്‍ എം.ഡി, എയര്‍പിസ്റ്റള്‍ വാങ്ങി പരിശീലനം

അറസ്റ്റിലായ ഡോ.ദീപ്തി മോള്‍ ജോസ് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലാണ് ജോലിചെയ്തിരുന്നത്. എം.ബി.ബി.എസിന് ശേഷം പള്‍മണോളജിയില്‍ എം.ഡി.യെടുത്ത ദീപ്തി ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനിലും സ്‌പെഷ്യലൈസ് ചെയ്തിരുന്നു. ദീപ്തിയുടെ ഭര്‍ത്താവും ഡോക്ടറാണ്.

വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജീത്തും ഡോ.ദീപ്തിയും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. നിലവില്‍ മാലദ്വീപിലുള്ള സുജീത്തും ഡോ.ദീപ്തിയും ഒന്നരവര്‍ഷം മുന്‍പ് കൊല്ലത്തെ മറ്റൊരു ആശുപത്രിയില്‍ ഒരുമിച്ച് ജോലിചെയ്തിരുന്നു. ഈ സമയത്ത് ഇരുവരും സൗഹൃദത്തിലായെന്നും പിന്നീട് ഇതില്‍ പ്രശ്‌നങ്ങളുണ്ടായെന്നുമാണ് വിവരം.

മനസിലെ പക അടങ്ങാതെ മാസങ്ങളോളം നീണ്ട ആസൂത്രണമാണ് പ്രതി നടത്തിയത്. വെടിവെയ്ക്കാന്‍ ഉപയോഗിച്ച എയര്‍പിസ്റ്റള്‍ ഓണ്‍ലൈനായി വാങ്ങി. എയര്‍പിസ്റ്റള്‍ കൈകാര്യംചെയ്യുന്നതും ഇത് ഉപയോഗിച്ച് വെടിവെയ്ക്കുന്നതും ഇന്റര്‍നെറ്റില്‍നിന്ന് മനസിലാക്കി. മാസങ്ങളോളം പരിശീലനം നടത്തി. ഡോക്ടര്‍ ആയതിനാല്‍ എയര്‍പിസ്റ്റള്‍ കൊണ്ട് വെടിയുതിര്‍ത്താല്‍ ശരീരത്തിലേല്‍ക്കുന്ന പരിക്കിനെക്കുറിച്ചും മരണസാധ്യതയെക്കുറിച്ചും പ്രതിക്ക് അറിയാമായിരുന്നു.

സുജീത്തിന്റെ വീട് നേരത്തെ അറിയാമായിരുന്ന പ്രതി ദിവസങ്ങള്‍ക്ക് മുന്‍പ് ഇവിടെ നേരിട്ടെത്തി വീടും പരിസരവുമെല്ലാം നിരീക്ഷിച്ചിരുന്നു. തുടര്‍ന്നാണ് ഞായറാഴ്ച രാവിലെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടത്. തിരുവനന്തപുരത്തേക്ക് പോകാനായി ബന്ധുവിന്റെ വാഹനമാണ് പ്രതി ഉപയോഗിച്ചത്. താത്കാലിക ആവശ്യത്തിനെന്ന് പറഞ്ഞ് ബന്ധുവില്‍നിന്ന് വാഹനം വാങ്ങിയശേഷം എറണാകുളത്തുവെച്ചാണ് ഇതില്‍ വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചത്. ഓണ്‍ലൈനില്‍ വില്‍ക്കാന്‍വെച്ച ഒരു വാഹനത്തിന്റെ നമ്പറാണ് വ്യാജ നമ്പറായി ഉപയോഗിച്ചതെന്നും സൂചനയുണ്ട്.

ഞായറാഴ്ച രാവിലെ എട്ടരയോടെ ഷിനിയുടെ വീട്ടിലെത്തി വെടിവെപ്പ് നടത്തിയശേഷം അതേ കാറില്‍തന്നെ പ്രതി കൊല്ലത്തേക്ക് തിരിച്ചു. ബൈപ്പാസ്, കഴക്കൂട്ടം, കല്ലമ്പലം വഴി കൊല്ലത്തെത്തിയ ദീപ്തി അന്നേദിവസം ആശുപത്രിയില്‍ ഡ്യൂട്ടിക്ക് കയറിയിരുന്നതായാണ് വിവരം. ഒരിക്കലും പിടിക്കപ്പെടില്ലെന്ന അമിതമായ ആത്മവിശ്വാസത്തില്‍ പിന്നീട് പതിവുപോലെ ആശുപത്രിയിലെ ജോലിയിലും മുഴുകി. എന്നാല്‍, കൃത്യം നടന്ന് മൂന്നാംദിവസം അന്വേഷണസംഘം പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker