NationalNews

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളില്‍ പത്തിരട്ടി വരെ വര്‍ധന,വിമാനടിക്കറ്റ് നിരക്ക് വര്‍ധനയില്‍ അനങ്ങാതെ കേന്ദ്രസർക്കാർ.

ന്യൂഡൽഹി:  വിമാനടിക്കറ്റ് നിരക്ക് വര്‍ധനയില്‍ (Air Fare) അനങ്ങാതെ കേന്ദ്രസർക്കാർ. അയ്യായിരം രൂപയില്‍ തുടങ്ങിയിരുന്ന ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളില്‍ പത്തിരട്ടി വരെ വര്‍ധനയുണ്ടായെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. ആഭ്യന്തര യാത്രകള്‍ക്കും കൂടിയ നിരക്ക് തുടരുകയാണ്.

വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരിക്കുകയാണ് കമ്പനികൾ. അന്താരാഷ്ട്ര ടിക്കറ്റ് നിരക്ക് നാൽപ്പത് ശതമാനത്തോളം ഉയര്‍ന്നു.  ആഭ്യന്തര യാത്രാ നിരക്ക് ഇരുപത് ശതമാനവും വര്‍ധിച്ചു. ആഗസ്റ്റ് മാസത്തിലെ ടിക്കറ്റ് നിരക്കും ഇപ്പോൾ തന്നെ കുതിച്ചു കേറി കഴിഞ്ഞു. 

ഗൾഫ് രാജ്യങ്ങളില്‍ അവധിക്കാലമായ ജൂൺ മുതല്‍ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് വിമാനക്കമ്പനികൾ പ്രവാസികളില്‍നിന്നും കൊള്ളലാഭം കൊയ്യുന്നത്. അയ്യായിരം രൂപ മുതല്‍ തുടങ്ങുന്ന ദുബായിലേക്കുള്ള നിരക്കുകൾ ജൂൺ മാസം നാല്‍പതിനായിരം രൂപ വരെയായി ഉയർത്തി. യാത്രക്കാരും, വിവിധ സംസ്ഥാനങ്ങളും നിരക്ക് കുറക്കാന്‍ ഇടപെടണമെന്ന് കേന്ദ്രത്തോടാവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും പ്രതികരണമില്ല.

അവധി കഴിഞ്ഞ് പ്രവാസികൾ തിരിച്ച് ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്നത് ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ്. ഈ സാഹചര്യം മുതലെടുക്കാന്‍ കമ്പനികൾ ഇതിനോടകം തന്നെ നിരക്ക് കൂട്ടി തുടങ്ങി. കോഴിക്കോട് നിന്നും ആഗസ്റ്റ് മാസം ദുബായിലേക്ക് പോകണമെങ്കില്‍ മിനിമം ഇരുപത്തയ്യായിരം രൂപയെങ്കിലും മുടക്കണമെന്നതാണ് ഇന്നത്തെ അവസ്ഥ. പതിവില്‍നിന്നും വ്യത്യസ്തമായി ആഭ്യന്തര യാത്രാ നിരക്കുകളും നന്നായി കൂടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ കുറഞ്ഞത് ഇരുപത് ശതമാനമെങ്കിലും വര്‍ധനയുണ്ടായി.

വിമാന ഇന്ധനവില ഉയർന്നതാണ് നിരക്ക് കാര്യമായി ഉയരാന്‍ കാരണമായി കമ്പനികൾ പറയുന്നത്. ജൂൺ രണ്ടാം വാരം 16 ശതമാനം വിലകൂടി പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോൾ വിമാന ഇന്ധനത്തിന്. കൂടാതെ രൂപയുടെ മൂല്യ തകർച്ചയും ടിക്കറ്റ് നിരക്ക് ഉയർത്താന്‍ കാരണമായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker