‘ഷൈനിന്റെ കോൾ എടുക്കാൻ പറഞ്ഞാൽ സ്ട്രെസ്സാണെന്ന് പറഞ്ഞ് അനിയത്തി ഒഴിഞ്ഞുമാറും’ കഥ പറഞ്ഞ് അഹാന
കൊച്ചി:മലയാളത്തിലെ യുവനടിമാരിൽ ഏറ്റവും ടാലന്റഡായ നടിയാണ് അഹാന കൃഷ്ണ. ഇരുപത്തിയേഴുകാരിയായ അഹാന കൃഷ്ണ സംവിധാനം, പാട്ട്, അഭിനയം, വ്ലോഗിങ്, എഡിറ്റിങ്, സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ തുടങ്ങി നിരവധി മേഖലകളിലാണ് ശോഭിക്കുന്നത്. കൃഷ്ണ സിസ്റ്റേഴ്സിൽ ഏറ്റവും ടാലന്റഡായി വിലയിരുത്തപ്പെടുന്നതും അഹാനയെയാണ്.
വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമെ ചെയ്തിട്ടുള്ളുവെങ്കിൽ കൂടിയും അഹാന ചെയ്ത സിനിമകളും കഥാപാത്രങ്ങും ഹിറ്റായവയാണ്. വളരെ ചുരുക്കം ചില സിനിമകൾ മാത്രമാണ് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയത്.
അന്നും ഇന്നും തന്റെ കരിയർ ബെസ്റ്റായി അഹാന കണക്കാക്കുന്നത് ലൂക്ക സിനിമയും അതിലെ നിഹാരിക എന്ന കഥാപാത്രവുമാണ്. ഇരുപത്തിനാല് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് വളരെ പക്വതയോടെ നിഹാരികയെ അഹാന അവതരിപ്പിച്ചത്.
ടൊവിനോ തോമസായിരുന്നു ചിത്രത്തിൽ നായകൻ. അഹാനയുടെ തുടക്കം ഞാൻ സ്റ്റീവ് ലോപ്സ് എന്ന ചിത്രത്തിൽ ഫർഹാൻ ഫാസിലിന്റെ നായികയായിട്ടായിരുന്നു. സിനിമ പക്ഷെ വലിയ ശ്രദ്ധനേടിയില്ല. പിന്നെ മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിൽ അവസരം അഹാനയ്ക്ക് ലഭിക്കുന്നത്. അതും നായികയായിരുന്നില്ല സഹനടിയായിരുന്നു.
ശേഷമാണ് ലൂക്ക അഹാനയുടെ ജീവിതത്തിൽ സംഭവിക്കുന്നത്. താൻ അരച്ച് കലക്കി കുടിച്ചുവെന്നുള്ള തരത്തിൽ മനപാഠമാക്കിയ സ്ക്രിപ്റ്റ് ലൂക്കയുടേതാണെന്ന് അഹാന പലപ്പോഴും പറയാറുണ്ട്.
പിന്നീട് പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നീ സിനിമകളും അഹാന അഭിനയിച്ച് റിലീസ് ചെയ്തു. അഹാനയുടെ ഏറ്റവും പുതിയ റിലീസ് അടി എന്ന സിനിമയാണ്. അടി വളരെ നാളുകള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചതാണ്. പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ ട്രെന്റിങാണ്.
അഹാന കൃഷ്‍ണയ്‍ക്കും ഷൈനിനുമൊപ്പം ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശോഭ് വിജയന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്.
ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നു. ദുല്‍ഖര്‍ നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. ഇപ്പോഴിത അടിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് അഹാന കൃഷ്ണ ഷൈൻ ടോം ചാക്കോയ്ക്കൊപ്പം നൽകിയ ഏറ്റവും പുതിയ അഭിമുഖമാണ് വൈറലാകുന്നത്.
ഷൈനിന്റെ കോൾ എടുക്കാൻ പറഞ്ഞാൽ സ്ട്രെസ്സാണെന്ന് പറഞ്ഞ് അനിയത്തി ഒഴിഞ്ഞുമാറുമെന്നുമാണ് അഹാന പറയുന്നത്. കുറച്ച് നാൾ മുമ്പ് നടന്ന സംഭവത്തെ കുറിച്ച് ഷൈൻ ചോദിച്ചപ്പോഴാണ് അഹാന വെളിപ്പെടുത്തിയത്. അഹാനയുടെ ഏറ്റവും ഇളയ സഹോദരി ഹൻസികയാണ് ഷൈനിന്റെ ഫോൺകോൾ സ്ട്രസ്സാണെന്ന് പറഞ്ഞ് അറ്റന്റ് ചെയ്യാതെ പോയത്.
‘അച്ഛന്റേയും അമ്മയുടേയും അനിയത്തിമാരുടേയും കൂടെത്തന്നെയാണ് ഞാന്‍ താമസിക്കുന്നത്. മുമ്പൊരിക്കല്‍ ഷൈന്‍ വിളിച്ചപ്പോള്‍ ഹന്‍സുവിനോട് കോൾ എടുക്കാന്‍ പറഞ്ഞു. ഇല്ലില്ല… ഞാന്‍ എടുക്കില്ല. എനിക്ക് സ്‌ട്രെസ്സാണെന്നായിരുന്നു ഹൻസു പറഞ്ഞത്. ആര് വിളിച്ചാലും അവള്‍ ഫോണെടുക്കില്ല. എടുത്ത് സംസാരിക്കാന്‍ മടിയാണ് അവള്‍ക്ക്.’
‘എങ്ങനെ കോൺവർസേഷൻ ബിൽഡ് ചെയ്യണം എന്നതൊക്കെ ആലോചിക്കുമ്പോൾ സ്ട്രെസ്സാണെന്ന് ഹൻസു പറയുമെന്നാണ്’ അഹാന പറഞ്ഞത്. മൂന്ന് സഹോദരിമാരാണ് അഹാനയ്ക്ക്. കൃഷ്ണ സിസ്റ്റേഴ്സ് എന്ന പേരിൽ ഫാൻ പേജ് പോലും അഹാനയ്ക്കും സഹോദരിമാർക്കുമായുണ്ട്. ലൂക്കയിൽ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് ഹൻസികയായിരുന്നു. അമ്മയുടെ കെയറിങാണ് അഹാന തരാറുള്ളത് എന്നാണ് ഹൻസിക ചേച്ചിയെ കുറിച്ച് പറയാറുള്ള കമന്റ്.