31.1 C
Kottayam
Thursday, May 16, 2024

ഗവര്‍ണറുടെ വാഹന വ്യൂഹം കടന്നു പോകാന്‍ വേണ്ടി പോലീസ് മേധാവിയുടെ പത്‌നി നടുറോഡില്‍ കാത്തു കിടക്കേണ്ടി വരുന്നത് എത്ര അപമാനകരമാണ്? പരിഹാസവുമായി ജയശങ്കര്‍

Must read

കൊച്ചി: സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ഭാര്യ ഗതാഗത കുരുക്കില്‍ പെട്ട സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നില്‍പ്പ് ശിക്ഷ നല്‍കിയിതിനെതിരെ പരിഹാസ വര്‍ഷവുമായി അഡ്വ. എ ജയശങ്കര്‍. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ ബെഹ്‌റയുടെ ഭാര്യ ഗതാഗതക്കുരുക്കില്‍പ്പെട്ടെന്ന് ആരോപിച്ച് തലസ്ഥാന നഗരത്തില്‍ നാല് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്കും രണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഡിജിപി അര്‍ധരാത്രി വരെ നില്‍പ്പുശിക്ഷ വിധിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഗവര്‍ണറുടെ വാഹന വ്യൂഹം കടന്നു പോകാന്‍ വേണ്ടി പോലീസ് മേധാവിയുടെ പത്‌നി നടുറോഡില്‍ കാത്തു കിടക്കേണ്ടി വരുന്നത് എത്ര അപമാനകരമാണ്? ബെഹ്‌റയ്ക്ക് വേണമെങ്കില്‍ അസിസ്റ്റന്റ് കമ്മീഷണര്‍മാരെയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയും അപ്പോള്‍ തന്നെ സസ്‌പെന്‍ഡ് ചെയ്യാമായിരുന്നു. കുറ്റപത്രം കൊടുത്തു പിരിച്ചു വിടാന്‍ പോലും കഴിയുമായിരുന്നു. അദ്ദേഹം അതൊന്നും ചെയ്തില്ല. മറിച്ച്, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പോലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തി കാര്യം പറഞ്ഞു മനസിലാക്കി. അത്രയേയുള്ളൂ സംഗതി. അതിനാണ് ഈ മാധ്യമങ്ങള്‍ ഈ പുക്കാറൊക്കെ ഉണ്ടാക്കുന്നത്. ഇങ്ങനെ പോകുന്നു ജയശങ്കറിന്റെ പരിഹാസം.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

 

സൗമ്യനും സ്നേഹ സ്വരൂപനുമാണ് നമ്മുടെ പോലീസ് മേധാവി ലോകനാഥ ബെഹ്റ സാർ. അദ്ദേഹം ആരോടും അങ്ങനെ കോപിക്കുകയില്ല, കീഴുദ്യോഗസ്ഥരെ ശകാരിക്കുകയുമില്ല. അതുകൊണ്ടു തന്നെ, ബെഹ്റ സാർ സർക്കിൾ ഇൻസ്‌പെക്ടർമാരെയും അസിസ്റ്റന്റ് കമ്മീഷണർമാരെയും വിളിച്ചു വരുത്തി പാതിരാ വരെ ‘നിൽപ്പ് ശിക്ഷ’ വിധിച്ചെന്നും മതിയാകും വരെ ശാസിച്ചെന്നുമുളള വാർത്ത നുണയാകാനേ തരമുള്ളൂ.

പ്രോട്ടോക്കോൾ പ്രകാരം, ഗവർണറേക്കാൾ ഉയർന്നതാണ് സംസ്ഥാന പോലീസ് മേധാവിയുടേത്. അതിലും എത്രയോ ഉയരത്തിലാണ് അദ്ദേഹത്തിന്റെ സഹധർമ്മിണി. സ്ത്രീണാം ച ചിത്തം പുരുഷസ്യ ഭാഗ്യം എന്ന് പോലീസ് ആക്റ്റിലും മാന്വലിലും പ്രത്യേകം പറഞ്ഞിട്ടുണ്ട്.

ഗവർണറുടെ വാഹന വ്യൂഹം കടന്നു പോകാൻ വേണ്ടി പോലീസ് മേധാവിയുടെ പത്നി നടുറോഡിൽ കാത്തു കിടക്കേണ്ടി വരുന്നത് എത്ര അപമാനകരമാണ്? ബെഹ്റയ്ക്ക് വേണമെങ്കിൽ അസിസ്റ്റന്റ് കമ്മീഷണർമാരെയും സർക്കിൾ ഇൻസ്പെക്ടർമാരെയും അപ്പോൾ തന്നെ സസ്പെൻഡ് ചെയ്യാമായിരുന്നു. കുറ്റപത്രം കൊടുത്തു പിരിച്ചു വിടാൻ പോലും കഴിയുമായിരുന്നു.

അദ്ദേഹം അതൊന്നും ചെയ്തില്ല. മറിച്ച്, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പോലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തി കാര്യം പറഞ്ഞു മനസിലാക്കി. അത്രയേയുള്ളൂ സംഗതി. അതിനാണ് ഈ മാധ്യമങ്ങൾ ഈ പുക്കാറൊക്കെ ഉണ്ടാക്കുന്നത്. കഷ്ടം!

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week