24.8 C
Kottayam
Wednesday, May 15, 2024

കേരള സര്‍വ്വകലാശാലയില്‍ സി.പി.എം മുന്‍ എം.പിയുടെ ഭാര്യയ്ക്ക് അസിസ്റ്റന്റ് പ്രഫസറായി നിയമനം; പരിഹാസവുമായി അഡ്വ. ജയശങ്കര്‍

Must read

തിരുവനന്തപുരം: മുന്‍ എം.പി കൂടിയായ സി.പി.എം നേതാവിന്റെ ഭാര്യയ്ക്ക് കേരള സര്‍വകലാശാലയില്‍ അസിസ്റ്റന്‍ഡ് പ്രൊഫസറായി നിയമനം നല്‍കിയെന്ന വിഷയത്തില്‍ പ്രതികരണവുമായി അഡ്വ. എ. ജയശങ്കര്‍. സഖാക്കള്‍ക്കു വേണ്ടി സഖാക്കള്‍ നടത്തുന്ന മഹാവിപ്ലവ വിദ്യാഭ്യാസ സ്ഥാപനമാണ് കേരള സര്‍വകലാശാല. അവിടെ ആരെ നിയമിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും. ഏകെജി സെന്ററില്‍ നിന്ന് കൊടുക്കുന്ന ലിസ്റ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗീകരിക്കുമെന്നും ജയശങ്കര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പരിഹസിച്ചു.

അഭിമുഖത്തില്‍ പങ്കെടുത്ത ഉയര്‍ന്ന യോഗ്യതയുള്ളവരെ തഴഞ്ഞാണ് മുന്‍ എംപിയുടെ ഭാര്യയ്ക്ക് നിയമനം നല്‍കിയതെന്നു കാട്ടി സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ പിന്‍ബലത്തിന്റെ പേരിലാണ് നിയമനമെന്നാണ് ആരോപണം. ഈ പശ്ചാത്തലത്തിലാണ് ജയശങ്കര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ആറ്റിങ്ങലെ തോറ്റ എംപിയെ കാബിനറ്റ് റാങ്കോടെ ദല്‍ഹിയില്‍ കേരളത്തിന്റെ സ്ഥാനപതിയായി നിയമിച്ചപ്പോള്‍ ചില വിവരദോഷികള്‍ അത് വിവാദമാക്കി.

ഇപ്പോഴിതാ, ആലത്തൂരെ തോറ്റു തുന്നംപാടിയ എംപിയുടെ ഭാര്യയെ കേരള സര്‍വകലാശാലയില്‍ വെറും ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ നിയമിക്കാന്‍ ഒരുങ്ങുമ്‌ബോള്‍ അതും ചില ഏഴാംകൂലികള്‍ വിവാദമാക്കുകയാണ്.

സഖാക്കള്‍ക്കു വേണ്ടി സഖാക്കള്‍ നടത്തുന്ന മഹാ വിപ്ലവ വിദ്യാഭ്യാസ സ്ഥാപനമാണ് കേരള സര്‍വകലാശാല. അവിടെ ആരെ നിയമിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും. ഏകെജി സെന്ററില്‍ നിന്ന് കൊടുക്കുന്ന ലിസ്റ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗീകരിക്കും. അത്രയേയുള്ളൂ കാര്യം.

ഉയര്‍ന്ന യോഗ്യതയും ഗവേഷണ ബിരുദവുമുളള ഉദ്യോഗാര്‍ത്ഥികള്‍ തഴയപ്പെട്ടു എന്നാണ് കുബുദ്ധികള്‍ പറയുന്നത്. തോറ്റ എംപിയുടെ ഭാര്യ എന്നതിനോളം വലുതല്ല, മറ്റേതു യോഗ്യതയും. അസിസ്റ്റന്റ് പ്രൊഫസറല്ല വൈസ് ചാന്‍സലര്‍ ആകാനുള്ള യോഗ്യതയും ഇതൊക്കെ തന്നെ.

അടിക്കുറിപ്പ്: നാട്ടില്‍ കൊറോണ പടര്‍ന്നു പിടിക്കുന്ന സമയത്താണ്, സര്‍വകലാശാലയിലെ നിയമന വിവാദം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week