തെലുഗു പതാകയോ? ജഗൻ മോഹൻ റെഡ്ഡിയ്‌ക്കെതിരേ അദ്‌നാൻ സാമി
ലോസ് അഞ്ചിലസ്: ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു ഗാനം നേടിയ ഗോള്‍ഡന്‍ ഗ്ലോബ് ആയിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യയെ ഉണര്‍ത്തിയ വാര്‍ത്ത. ശരിക്കും റിഹാന, ടെയ്ലര്‍ ഷിഫ്റ്റ്, ലേഡി ഗാഗ എന്നീ ഗായകരുടെ ഗാനങ്ങളെ പിന്തള്ളിയാണ് ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു ഈ നേട്ടം കൈവരിച്ചത്. ആദ്യമായാണ് പൂര്‍ണ്ണമായും ഇന്ത്യന്‍ നിര്‍മ്മാണത്തില്‍ ഇറങ്ങിയ ചിത്രത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ലഭിക്കുന്നത്. എആര്‍ റഹ്മാന് ശേഷം ഗോള്‍ഡന്‍ ഗ്ലോബ് ലഭിക്കുന്ന ഇന്ത്യന്‍ സംഗീത സംവിധായകനാണ് എംഎം കീരവാണി.
നാട്ടു നാട്ടു സോംഗിനൊപ്പം ഗോള്‍ഡന്‍ ഗ്ലോബ് ഫൈനല്‍ നോമിനേഷനില്‍ എത്തിയത് നിസാര ഗാനങ്ങള്‍ അല്ലായിരുന്നു എന്നതാണ് ഈ നേട്ടത്തിന്‍റെ മധുരം ഇരട്ടിപ്പിക്കുന്നത്. ചന്ദ്രബോസാണ് നാട്ടു നാട്ടു വരികൾ എഴുതിയത്.പിനോച്ചിയോ എന്ന ആനിമേഷന്‍ ചിത്രത്തിലെ ടെയ്‌ലർ സ്വിഫ്റ്റിന്‍റെ കരോലിന. ടോപ്പ് ഗണ്‍ മാവറിക്ക് ചിത്രത്തില്‍ ലേഡി ഗാഗ ആലപിച്ച ഹോൾഡ് മൈ ഹാൻഡ്. വക്കണ്ട ഫോറെവറിലെ റിഹാന പാടിയ ലിഫ്റ്റ് മീ അപ് എന്നീ ഗാനങ്ങളാണ് നാട്ടു നാട്ടുവിനോട് മത്സരിച്ചത്.
ഈ അവാര്‍ഡ് നേടിയതിന് പിന്നാലെ രാജ്യത്തെ വിവിധ തലങ്ങളില്‍ ഉള്ളവര്‍ അഭിനന്ദനവുമായി രംഗത്ത് എത്തി. അതില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി ട്വീറ്റ് ചെയ്തതാണ് ഇപ്പോള്‍ വിവാദമായത്. ട്വീറ്റിലെ തെലുങ്ക് ഫ്ലാഗ് പരാമര്‍ശത്തിനെതിരെ ഗായകനായ അദ്‌നാൻ സമി രംഗത്ത് എത്തിയതോടെയാണ് സംഭവം വിവാദമായത്.
മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ട്വീറ്റ് ഇങ്ങനെ പറയുന്നു – “തെലുങ്ക് പതാക ഉയരത്തിൽ പറക്കുന്നു ആന്ധ്രാപ്രദേശിന് മുഴുവൻ വേണ്ടി എംഎം കീരവാണി, എസ്എസ് രാജമൗലി, ജൂനിയർ എൻടിആർ, രാം ചരൺ , ആർആർആർ മൂവി ടീം എല്ലാവരെയും അഭിനന്ദിക്കുന്നു. മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു!”
എന്നാല്‍ ഈ ട്വീറ്റിലെ തെലുങ്ക് പതാക എന്ന പരാമര്‍ശത്തിലാണ് ഗായകനായ അദ്‌നാൻ സമി വിമര്‍ശനവുമായി എത്തിയത്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ട്വീറ്റിന് മറുപടിയായി സമി ഇങ്ങനെ കുറിച്ചു
“തെലുങ്ക് പതാക? നിങ്ങൾ ഉദ്ദേശിക്കുന്നത് ഇന്ത്യൻ പതാകയല്ലേ? നമ്മള്‍ ഇന്ത്യക്കാരാണ്, അതിനാൽ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ നിന്ന് സ്വയം വേർപെടുത്തുന്നത് നിര്‍ത്തുക. പ്രത്യേകിച്ചും അന്തർദേശീയമായ നേട്ടങ്ങളുടെ കാര്യത്തില്‍, നമ്മൾ ഒരു രാജ്യമാണ്! 1947-ൽ നമ്മൾ കണ്ടതുപോലെ ഈ ‘വിഘടനവാദ’ മനോഭാവം അത്യന്തം അനാരോഗ്യകരമാണ്,!!!നന്ദി…ജയ് ഹിന്ദ്!”.
സമിയെ അനുകൂലിച്ച് ഏറെ പ്രതികരണങ്ങളാണ് ഈ ട്വീറ്റിന് ലഭിക്കുന്നത്. അതേ സമയം തെലുങ്ക് ഭാഷയുടെ കൂടി അഭിമാനമാണ് ഇതെന്നാണ് ഒരു വിഭാഗം ഇതിനെതിരെ ട്വിറ്ററില്‍ വാദിക്കുന്നത്.