നടി മീര നന്ദൻ വിവാഹിതയാവുന്നു
കൊച്ചി:ഗായികയും നടിയുമായ മീര നന്ദൻ വിവാഹിതയാവുന്നു. ശ്രീജുവാണ് വരൻ. വിവാഹനിശ്ചയം കഴിഞ്ഞെന്ന വിവരം മീര നന്ദൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചു. എന്‍ഗേജ്ഡ്, ലവ്, ഫൈനലി എന്നീ ഹാഷ് ടാഗുകളോടെയാണ് മീര ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
‘ഫോർ ലൈഫ്’ എന്ന തലക്കെട്ടോടെയാണ് മീര നന്ദൻ തന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. എൻഗേജ്മെന്റ് ചിത്രങ്ങൾ പകർത്തിയ ‘ലൈറ്റ്സ് ഓൺ ക്രിയേഷൻസ്’ എന്ന ഇൻസ്റ്റ ഹാൻഡ്‌ലിൽ കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂട്ടത്തിൽ ‘പെർഫെക്ഷനിലക്ക് അറേഞ്ച് ചെയ്യപ്പെട്ട സ്നേഹം’ എന്ന ഒരു കുറിപ്പും അവർ പങ്കുവെച്ചിട്ടുണ്ട്.
മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെടുന്നത്. ശേഷം ഇരുവരുടേയും രക്ഷിതാക്കൾ പരസ്പരം സംസാരിച്ചു. തുടർന്ന് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെ കാണാൻ ശ്രീജു ലണ്ടനിൽ നിന്ന് ദുബായിലേക്ക് പറന്നു എന്നാണ് ഫോട്ടോഗ്രഫി കമ്പനിയുടെ പേജിൽ പറയുന്നത്.
നടിമാരായ പേളി മാണി, സ്വാസിക, മഞ്ജു പിള്ള, ഷംന കാസിം, ശിവദ, നമിതാ പ്രമോദ്, അനുമോൾ തുടങ്ങി നിരവധി പേരാണ് മീര നന്ദന് ആശംസകളുമായെത്തിയത്.
കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദനെ മുല്ല എന്ന ചിത്രത്തിലൂടെ സംവിധായകൻ ലാല്‍ജോസാണ് മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയത്. 2008 ലാണ് മുല്ല റിലീസായത്. തൊട്ടടുത്ത വര്‍ഷം വാല്‍മീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ല്‍ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ല്‍ കരോട്‍പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി.
പുതിയ മുഖം, പോത്തൻ വാവ, എല്‍സമ്മ എന്ന ആണ്‍കുട്ടി, അപ്പോത്തിക്കിരി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. നിലവില്‍ ദുബായില്‍ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷന്‍ ഗോള്‍ഡ് 101.3 എഫ്എമ്മില്‍ ആര്‍ജെയാണ്. ഈ വര്‍ഷം പുറത്തെത്തിയ എന്നാലും എന്‍റെളിയാ ആണ് മീര അഭിനയിച്ച് ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം.