6 പേർ ദിലീപിൻ്റെ ബന്ധുക്കൾ, 5 പേർ സിനിമാ സുഹൃത്തുക്കൾ;നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയത് ഇവർ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് ഹര്‍ജി കഴിഞ്ഞ ദിവസമായിരുന്നു വിചാരണക്കോടതി തള്ളിയത്.
ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു, തെളിവ് നശിപ്പിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇതിനെയൊന്നും ശരിവെക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.
കേസില്‍ ദിലീപ് വിചാരണക്കോടതിയെ സ്വാധീനീക്കാന്‍ ശ്രമിച്ചെന്ന വാദം എന്ത് അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നതെന്നും കോടതി ചോദിച്ചു.
കേസിലെ സാക്ഷികളായ വിപിന്‍ ലാല്‍, ജിന്‍സണ്‍, സാഗര്‍ വിന്‍സന്റ്, ശരത് ബാബു, ഡോക്ടര്‍ ഹൈദരാലി, ദാസന്‍ തുടങ്ങിയ സാക്ഷികളെ പ്രതിയായ ദിലീപും അദ്ദേഹത്തിന്റെ അഭിഭാഷകളും സ്വാധീനിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇതിനുള്ള ഏതാനും തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. എന്നാല്‍ വിപിന്‍ ലാല്‍, ജിന്‍സണ്‍ എന്നിവരുടെ കേസ് മറ്റൊരു ഹര്‍ജിയുടെ ഭാഗമായി പരിഗണിച്ചു തള്ളിയതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
സത്യം മറച്ചുവെക്കാന്‍ പണം നല്‍കിയെന്നായിരുന്നു കാവ്യ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനായിരുന്ന സാഗര്‍ വിന്‍സന്റ് നല്‍കിയ മൊഴി. എന്നാല്‍ ഈ മൊഴി പൊലീസ് പീഡിപ്പിച്ചു പറയിച്ചതാണെന്നു സാഗര്‍ പിന്നീടു കോടതിയില്‍ പറഞ്ഞത്. ഇതോടെയാണ് സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനെ സമീപിച്ചത്.
ഹൈദാരിലി എന്ന് പറയുന്നത് ദിലീപിന്റെ കുടുംബ ഡോക്ടറാണ്. ഭിഭാഷകനെ കാണുന്ന കാര്യമാണു ഹൈദരാലി പറയുന്നത്. അടുത്ത ബന്ധുക്കളായതിനാല്‍ തന്നെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവും സുരാജും ദിലീപിനെതിരെ മൊഴി നല്‍കില്ല. പ്രതിയുടെ ബന്ധുക്കള്‍ പൊലീസിനു നല്‍കിയ മൊഴി കോടതിയില്‍ മാറ്റി പറയാറുണ്ട്. പ്രതിയോടുള്ള സ്വാഭാവിക ഇഷ്ടവും അടുപ്പവും കൊണ്ടാണ് അതു സംഭവിക്കാറുള്ളതെന്നും കോടതി നിരീക്ഷിച്ചു.
ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന മറ്റൊരു കാര്യം. അതേസമയം തന്നെ നശിപ്പിച്ച കാര്യങ്ങള്‍ വീണ്ടെടുത്തുവെന്നും സമ്മതിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഫോണുകള്‍ മുംബൈയില്‍ പരിശോധനയ്ക്ക് അയച്ചെന്ന ഒറ്റക്കാരണത്താല്‍ തെളിവ് നശിപ്പിച്ചെന്ന വാദം നിലനില്‍ക്കില്ലെന്നും കോടതി വിധി ന്യായത്തില്‍ വ്യക്തമാക്കി.
തെളിവായി ഏതാനും ശബ്ദ രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇത് ദിലീപിന്റേയും കൂട്ടരുടേതുമാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. കേസില്‍ കൂറുമാറിയെന്ന് പറയപ്പെടുന്ന 22 സാക്ഷികളില്‍ 6 പേര്‍ ദിലീപിന്റെ കുടുംബാംഗങ്ങളും 5 പേര്‍ സിനിമാ മേഖലയിലുള്ളവരും ദിലീപിന്റെ സുഹൃത്തുക്കളുമാണ്. ഇവര്‍ക്ക് പുറമേ ദിലീപുമായി ബന്ധമില്ലാത്ത 4 പേരുമുണ്ട്. എന്നാല്‍ പ്രതിഭാഗത്തിന്റെ ഭാഗത്ത് നിന്നും സ്വാധീനമോ സമ്മര്‍ദ്ദമോ ഉണ്ടായതായി ഇവരാരും പറഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ദിലീപ് സാക്ഷികളെ മാത്രമല്ല കോടതിയേയും സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. ഇതിന് തെളിവായി ദിലീപും അഭിഭാഷകനും തമ്മിലുള്ള സംഭാഷണമാണ് ഹാജരാക്കിയത്. ഇതിലൊന്നായ ‘അവരെ നമ്മള്‍ പതിയെ വിശ്വസിപ്പിച്ചെടുക്കണം’ എന്നു പറയുന്നതിലെ അവര്‍ ആരാണെന്നു പറയുന്നില്ല. അതു ജുഡീഷ്യല്‍ ഓഫിസറെയാണ് എന്നാണു പ്രോസിക്യൂഷന്റെ നിഗമനം. ഈ നിഗമനത്തിലേക്ക് എങ്ങനെയെത്തിയെന്നും കോടതി ചോദിച്ചു.