ഞങ്ങള്‍ തമ്മിലുള്ള ഒരു സീന്‍ കഴിഞ്ഞപ്പോള്‍ ലാല്‍ പതുക്കെ വന്ന് എന്നോട് ഒരു കാര്യം പറഞ്ഞു; ബ്രോ ഡാഡി ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ലാലു അലക്സ്
പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ബ്രോ ഡാഡിയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രായിരുന്നു ലാലു അലക്സിന്റെ കുര്യന്‍ മാളിയേക്കല്‍. കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ച അന്നയുടെ അച്ഛനായി ജീവിക്കുകയായിരുന്നു ലാലു അലക്സ് സിനിമയിലുടനീളം. പല രംഗങ്ങളിലും സഹതാരങ്ങളുടെ പ്രകടനങ്ങളെപ്പോലും നിഷ്പ്രഭമാക്കി മുന്നേറുകയായിരുന്നു ലാലു അലക്സ്. ബ്രോ ഡാഡിയെന്ന ചിത്രത്തോടൊപ്പം തന്നെ തന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ലാലു അലക്സ്.
ഒപ്പം ഏറെ നാളുകള്‍ക്ക് ശേഷം മോഹലാലിനൊപ്പം, അതും ഒരു മുഴുനീള വേഷം ലഭിച്ചതിന്റെ സന്തോഷവും ലാലു അലക്സ് മാതൃഭൂമി ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്. പണ്ടുമുതല്‍ സ്‌ക്രീനില്‍ ഒന്നിച്ചുകണ്ട രണ്ടുപേര്‍. മോഹന്‍ലാലും ലാലു അലക്സും ഒരിടവേളയ്ക്കുശേഷം നിങ്ങള്‍ വീണ്ടും ഒന്നിക്കുമ്പോള്‍ എന്തുതോന്നിയെന്ന ചോദ്യത്തിന് മോഹന്‍ലാല്‍, അയാളൊരു കൂള്‍ ക്യാറ്റാണെന്നായിരുന്നു ലാലു അലക്സിന്റെ മറുപടി.
‘ലാലും ഞാനും എത്രയോ സിനിമകളില്‍ ഒന്നിച്ചഭിനയിച്ചവരാണ്. എത്രയോ വര്‍ഷത്തെ ബന്ധം ഞങ്ങള്‍ തമ്മിലുണ്ട്. ഞങ്ങള്‍ തമ്മില്‍ പരസ്പരം പ്രത്യേകം സ്നേഹം കാണിക്കേണ്ടവരല്ല. അതിന്റെ കാര്യമില്ല. പരസ്പരം എടാ പോടാ എന്ന് വിളിക്കാവുന്ന ബന്ധമാണ്. ലാലിനെപ്പോലെ ഇന്ത്യ കണ്ട ബെസ്റ്റ് ആക്ടറില്‍നിന്ന് ഷൂട്ടിനിടയില്‍ എനിക്കൊരു അഭിനന്ദനം കിട്ടിയിരുന്നു. ഞങ്ങള്‍ തമ്മിലുള്ള ഒരു സീന്‍ കഴിഞ്ഞപ്പോള്‍ പതുക്കെ എന്നോടുപറഞ്ഞു, ഗംഭീരമല്ല അതിഗംഭീരമായിരുന്നു അഭിനയമെന്ന്. സന്തോഷമല്ലേ അങ്ങനെയൊക്കെ കേള്‍ക്കുന്നത്,’ ലാലു അലക്സ് പറഞ്ഞു.
ഏതൊരു കലാകാരന്റെയും സന്തോഷം എന്നുപറയുന്നത് അയാള്‍ അഭിനയിച്ച സിനിമ നല്ലതാണെന്നും അയാളുടെ കഥാപാത്രം ഗംഭീരമാണെന്നും ജനങ്ങള്‍ അംഗീകരിക്കുമ്പോഴാണ്. അവരുടെ സ്നേഹത്തോടെയുള്ള അഭിനന്ദനങ്ങള്‍ക്ക് നന്ദിയും ഒത്തിരി സന്തോഷവുമുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരു ചിത്രത്തില്‍ മുഴുനീളകഥാപാത്രം ചെയ്യുന്നത്. എന്റെ സിനിമാജീവിതത്തില്‍ ഇടയ്ക്കിടെ ഇങ്ങനെ ചില നല്ല കഥാപാത്രങ്ങള്‍ തേടിയെത്താറുണ്ട്.
അങ്ങനെ ഒത്തുകിട്ടിയ കഥാപാത്രമാണ് കുര്യന്‍ മാളിയേക്കല്‍. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് ആദ്യം എന്നെ വിളിച്ചത്. സിനിമയെക്കുറിച്ച് പൃഥ്വി വിളിച്ച് സംസാരിക്കുമെന്നും പറഞ്ഞു. ഉടനെ പൃഥ്വിരാജ് വിളിച്ചു. ലാലുച്ചായനെ ഹീറോയാക്കി ഞാനൊരു പടം ചെയ്യാന്‍ പോവുകയാണെന്നാണ് പൃഥ്വി പറഞ്ഞത്. കഥയും കഥാപാത്രവും കേട്ടയുടനെ എനിക്കിഷ്ടമായി,’ ലാലു അലക്സ് പറഞ്ഞു. സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നതിനെ കുറിച്ചും അഭിമുഖത്തില്‍ ലാല്‍ ജോസ് മനസുതുറന്നു. ‘ഞാനായിട്ട് സിനിമയില്‍നിന്ന് മാറിനിന്നതല്ല. മലയാള സിനിമ ഇടയ്ക്കിടയ്ക്ക് എന്നോട് വീട്ടിലിരുന്നോളാന്‍ പറയുന്നതാണ്. ഒരു ബ്രേക്ക് തരും. ഞാന്‍ അന്നും ഇന്നും തനിച്ചുപോവുന്നൊരാളാണ്.
നമ്മളെത്തേടി വല്ലപ്പോഴും ചില കഥാപാത്രങ്ങള്‍ വരുന്നു. അത് വരുമ്പോള്‍ അത്രയും സ്നേഹത്തോടെയും സന്തോഷത്തോടെയും ചെയ്യാന്‍ ശ്രമിക്കുന്നു. വര്‍ഷങ്ങളായി സിനിമകള്‍ ചെയ്ത് എന്നും തിരക്കിലായിരുന്നവര്‍ കുറച്ചുനാളുകള്‍ വീട്ടിലിരിക്കുമ്പോള്‍ നിരാശതോന്നും. അതിലൊരു സംശയവുമില്ല. പക്ഷേ, ആ ബുദ്ധിമുട്ടോര്‍ത്തുനടന്നിട്ട് കാര്യമുണ്ടോ. ആ സാഹചര്യത്തെ നേരിട്ട് മുന്നോട്ടുനീങ്ങുക എന്നേയുള്ളൂ.
പൊതുവേ എന്റെ കാറ്റഗറിയിലുള്ളവര്‍ക്ക് ഇടിച്ചുകയറാനുള്ള വാസന വേണം. അതൊരു പ്രത്യേക കഴിവാണ്, ഇടിച്ചിടിച്ച് കേറിപ്പോവുക എന്നുള്ളത്. എനിക്കതിന് ഇച്ചിരി വശക്കുറവുണ്ട്. അതെന്റെ ബലഹീനതയായിട്ടോ ക്രെഡിറ്റായിട്ടോ പറയുന്നതല്ല. എനിക്ക് പറ്റാത്തൊരു കാര്യമാണ്. താത്പര്യവുമില്ല,’ ലാലു അലക്സ് പറയുന്നു.