33.3 C
Kottayam
Friday, April 19, 2024

ബി.ജെ.പി മടുത്തു ,നടൻ ഭീമന്‍ രഘു സിപിഎമ്മിലേക്ക്; മുഖ്യമന്ത്രിയെ കാണും

Must read

കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച നടൻ ഭീമൻ രഘു സിപിഎമ്മിലേക്ക് ചേക്കേറുന്നു. കുറച്ചുനാളുകൾക്ക് മുൻപാണ് ബിജെപിയ്ക്ക് വേണ്ടി ഇനി മത്സരിക്കില്ലെന്നും ബിജെപിയുടെ രാഷ്ട്രീയത്തോട് താൽപര്യമില്ലെന്നും ഭീമൻ രഘു പറഞ്ഞത്.

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയാൽ പാർട്ടിപ്രവേശത്തെ സംബന്ധിച്ച് നേരിൽ കണ്ടു സംസാരിക്കുമെന്ന് ഭീമൻ രഘു പറഞ്ഞു. ബിജെപിയിലുണ്ടായിരുന്ന കാലത്ത് ജനങ്ങൾക്കിടയിൽ നിന്ന് പ്രവർത്തിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി വിദേശത്ത് നിന്ന് മടങ്ങിയെത്തിയാൽ അദ്ദേഹത്തെ നേരിൽ കാണാൻ തീരുമാനിച്ചിരിക്കുകയാണ്. ബിജെപിയുമായി ഇനി ചേർന്ന് പ്രവർത്തിക്കാനാകില്ലെന്ന് ഞാൻ നേരത്തേ പറഞ്ഞതാണ്. മനസ്സുമടുപ്പിക്കുന്ന ഒരുപാട് അനുഭവങ്ങൾ കേരളത്തിലെ ബിജെപി നേതൃത്വത്തിൽ നിന്നുണ്ടായി. തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുപോയി.

നമുക്ക് ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കാൻ അവസരം ലഭിച്ചില്ല. രാഷ്ട്രീയപ്രവർത്തനം ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. അതുകൊണ്ടു തന്നെയാണ് ഞാൻ ഈ മേഖലയിലേക്ക് വന്നതും. എന്നാൽ ഞാൻ പ്രതീക്ഷിച്ചതല്ല ബിജെപിയിൽ അംഗത്വമെടുത്തതിന് ശേഷം സംഭവിച്ചത്.

എനിക്ക് വളരെ ഇഷ്ടമുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ഞാൻ എല്ലായ്പ്പോഴും പ്രശംസിച്ചിട്ടുണ്ട്. കേരളത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങളാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാകണമെന്ന് എനിക്കാഗ്രഹമുണ്ട്- ഭീമൻ രഘു പറഞ്ഞു.

സംവിധായകൻ രാജസേനനും ഈയിടെ ബിജെപിയിൽ നിന്ന് രാജിവച്ച് സിപിഎമ്മിൽ ചേരുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. നരേന്ദ്രമോദിയിൽ ആകൃഷ്ടനായാണ് ബി.ജെ.പിയിൽ വന്നതെന്നും എന്നാൽ അവിടെ തന്നെ കേൾക്കാൻ ആരും തയ്യാറായിരുന്നില്ലെന്നാണ് രാജസേനൻ പറഞ്ഞത്. സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററെ രാജസേനൻ നേരിൽ കാണുകയും ചെയ്തു.

കഴിഞ്ഞ് ഏഴ് വർഷത്തിൽ അഞ്ചോളം സിനിമകൾ ചെയ്യാൻ ശ്രമിച്ചുവെങ്കിലും ഒന്നും നടന്നില്ലെന്നും രാജസേനൻ പറഞ്ഞിരുന്നു. ബിജെപിയിൽ ചേർന്നത് കൊണ്ടുള്ള അവഗണന മൂലമാണോ എന്ന് പറയാൻ സാധിക്കില്ല. പക്ഷേ കഴിഞ്ഞ വർഷങ്ങളിൽ ആസൂത്രണം ചെയ്ത ഒരു സിനിമ പോലും നടന്നില്ല. ആരൊക്കെയോ എവിടൊക്കെയേ വെട്ടിയിട്ടുണ്ട്- രാജസേനൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week