CrimeFeaturedHome-bannerKeralaNews

കോട്ടയം പഴയിടം ഇരട്ടക്കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ

കോട്ടയം: മണിമല പഴയിടത്ത് പിതൃസഹോദരിയെയും ഭര്‍ത്താവിനെയും ചുറ്റികകൊണ്ടടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണ്‍ ശശിക്ക് വധശിക്ഷ. 2013 സെപ്റ്റംബര്‍ 28-ന് തീമ്പനാല്‍ വീട്ടില്‍ തങ്കമ്മ (68), ഭര്‍ത്താവ് ഭാസ്‌കരന്‍ നായര്‍ (71) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ഒമ്പത് വര്‍ഷത്തിന് ശേഷം കോടതി വിധി പറഞ്ഞത്. പ്രതിയ്ക്ക് വധശിക്ഷയും 2 ലക്ഷം രൂപ പിഴയും വിധിച്ചു. കൂടാതെ ഭവനഭേദനം 5 വര്‍ഷം കഠിനതടവ് കവര്‍ച്ചയ്ക്ക് 7 വര്‍ഷം തടവ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്ന് കണ്ടെത്തിയാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി രണ്ട് ജഡ്ജ് ജെ.നാസര്‍ വിധി പുറപ്പെടുവിച്ചത്‌.

ശിക്ഷാ വിധിക്ക് മുന്നോടിയായി കുറ്റം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് അരുണ്‍ മറുപടി പറഞ്ഞില്ല. എന്നാല്‍, ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്ന് അപേക്ഷിച്ചു. ഏകസഹോദരിയുടെ ഭര്‍ത്താവ് അര്‍ബുദബാധിതനാണ്. അരുണ്‍മാത്രമേ അവര്‍ക്ക് ആശ്രയമായുള്ളൂ. മനഃപരിവര്‍ത്തനത്തിനുള്ള അവസരം കൊടുക്കണമെന്നും പ്രതിഭാഗം ബോധിപ്പിച്ചു.

എന്നാല്‍, പ്രായവും മറ്റുസാഹചര്യങ്ങളും പരിഗണിക്കരുതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ദമ്പതിമാരെ ക്രൂരമായി കൊന്ന അരുണ്‍ പല കേസുകളിലെ പ്രതിയാണെന്നും, പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. കോടതി ആ വാദം പരിഗണിച്ചാണ് പരമാവധി ശിക്ഷയായ വധശിക്ഷ പ്രതിക്ക് വിധിച്ചത്

പണം മോഹിച്ചാണ്, അടുത്ത ബന്ധുക്കളെ 21 വയസ്സുകാരന്‍ കൊലപ്പെടുത്തിയത്. പൊതുമരാമത്ത് സൂപ്രണ്ടായിരുന്ന ഭാസ്‌കരന്‍ നായരുടെയും കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥയായിരുന്ന തങ്കമ്മയുടെയും കൈവശം പണവും സ്വര്‍ണവും ധാരാളമുണ്ടാകുമെന്ന് പ്രതി കരുതിയിരുന്നു. പഴയൊരു കാര്‍ അപകടത്തില്‍പ്പെട്ട് മോശമായതിനാല്‍ പുതിയതിന് അരുണ്‍ ബുക്കുചെയ്തു. ഇതിന് പണം കണ്ടെത്താന്‍ ഭാസ്‌കരന്‍ നായരെ സമീപിച്ചെങ്കിലും കൊടുത്തില്ല.

സെപ്റ്റംബര്‍ 28-ന് ദമ്പതിമാര്‍ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് പോയി മടങ്ങിയെത്തിയപ്പോള്‍ അരുണ്‍ ചുറ്റിക ശരീരത്തിലൊളിപ്പിച്ച് ഇവരുടെ വീട്ടിലെത്തി. ഇരുവരെയും തലയ്ക്കടിച്ചുവീഴ്ത്തി. ഭാസ്‌കരന്‍ നായരെ തലയണകൊണ്ട് ശ്വാസംമുട്ടിക്കുകയും ചെയ്തു. ഒന്നിലേറെപ്പേര്‍ കൃത്യത്തിനുണ്ടെന്ന് തോന്നിക്കാന്‍ വാക്കത്തിയും കോടാലിയും സംഭവസ്ഥലത്ത് ഉപേക്ഷിച്ചു. കൊലചെയ്യാനുപയോഗിച്ച ചുറ്റിക സ്വന്തം വീട്ടില്‍ ഒളിപ്പിക്കുകയുംചെയ്തു. തെളിവ് നശിപ്പിക്കാന്‍ മൃതദേഹങ്ങള്‍ക്കുസമീപം മഞ്ഞള്‍പ്പൊടി വിതറി.

തങ്കമ്മയുടെ ആഭരണം വിറ്റുകിട്ടിയ രണ്ടുലക്ഷം രൂപ കാറിന് തികയാത്തതിനാല്‍ മോഷണം നടത്തി അധികപണം കണ്ടെത്താന്‍ തീരുമാനിച്ചു. ഭാസ്‌കരന്‍ നായരുടെയും തങ്കമ്മയുടെയും കൊലപാതകികളെ കണ്ടെത്താന്‍ ആവശ്യപ്പെട്ടുള്ള ആക്ഷന്‍ കൗണ്‍സിലും അരുണിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു. വീട്ടിലെ സാഹചര്യംവെച്ച് പോലീസ് അടുത്ത ബന്ധുക്കളെ സംശയിച്ചെങ്കിലും, അരുണിലേക്ക് അന്വേഷണമെത്തിയില്ല.

ഒക്ടോബര്‍ 19-ന് കോട്ടയം റബ്ബര്‍ ബോര്‍ഡിനുസമീപം സ്ത്രീയുടെ മാല പൊട്ടിച്ചോടിയ അരുണിനെ നാട്ടുകാര്‍ പിടികൂടി ഈസ്റ്റ് പോലീസില്‍ ഏല്പിച്ചത് വഴിത്തിരിവായി. ചോദ്യംചെയ്തപ്പോള്‍, മണിമലയിലേതടക്കം പല മോഷണക്കേസുകളും ഇയാള്‍ ഏറ്റെടുത്തു. മണിമല പോലീസ് ഇയാളെ ചോദ്യംചെയ്തപ്പോള്‍ പഴയിടം കൊലപാതകവും സമ്മതിച്ചു.

2014-ല്‍ ജാമ്യം നേടി പുറത്തിറങ്ങി ഒളിവില്‍പ്പോയി. 2016-ല്‍ ഒരു മാളിലെ മോഷണത്തില്‍ തമിഴ്‌നാട് പോലീസ് പിടിച്ചപ്പോഴാണ് നാട്ടില്‍ പിടികിട്ടാപ്പുള്ളിയാണെന്നറിഞ്ഞത്. തമിഴ്‌നാട് പോലീസ് പിന്നീട് ഇയാളെ കേരള പോലീസിന് കൈമാറി. ഏഴുവര്‍ഷമായി ജയിലിലാണ്. ബിനു ഭാസ്‌കര്‍, ബിന്ദു ഭാസ്‌കര്‍ എന്നിവരാണ് ഭാസ്‌കരന്‍ നായര്‍-തങ്കമ്മ ദമ്പതിമാരുടെ മക്കള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker