തൃപ്പൂണിത്തുറ അപകടമരണം, അശ്രദ്ധയ്ക്ക് പിഡബ്ല്യുഡി അസി. എഞ്ചിനീയർ അറസ്റ്റിൽ
കൊച്ചി: തൃപ്പൂണിത്തുറയിൽ നിർമ്മാണത്തിലിരുന്ന പാലത്തിൽ നിന്ന് കുത്തനെ താഴോട്ട് വീണ് യുവാവ് മരിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്‍റ് എഞ്ചിനീയർ അറസ്റ്റിൽ. പാലം വിഭാഗത്തിന്‍റെ ചുമതലയുള്ള വിനിത വർഗീസ് ആണ് അറസ്റ്റിലായത്. തൃപ്പൂണിത്തുറ ഹിൽപ്പാലസ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതുവരെ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
പാലം പണിയുടെ ചുമതലയുള്ള കരാറുകാരൻ, ഓവർസീയർ എന്നിവരെ ഇന്നലെത്തന്നെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. അശ്രദ്ധ കാരണ൦ സ൦ഭവിക്കുന്ന മരണം – ഇതുമായി ബന്ധപ്പെട്ട് വകുപ്പ് 304 ചുമത്തിയാണ് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്‍റ് എഞ്ചിനീയറെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർക്ക് ജാമ്യം നൽകി പൊലീസ് വിട്ടയച്ചിട്ടുണ്ട്.
സ്ഥലത്ത് മുന്നറിയിപ്പ് ബോർഡ് നൽകേണ്ടതായിരുന്നുവെന്നും ഉദ്യോഗസ്ഥ വീഴ്ച പരിശോധിക്കുമെന്നും സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു.
സീപോർട്ട് – എയർപോർട്ട് റോഡിലെ അന്ധകാര തോടിനെ കുറുകെ ഉള്ള പാലമാണ് മരണക്കെണിയായത്. ഏരൂർ സ്വദേശി വിഷ്ണുവിന്‍റെ ജീവനെടുത്തു. സുഹൃത്ത് ആദർശ് ഗുരുതരാവസ്ഥയിൽ ചികിത്സയിലും. ആറ് മാസത്തിലധികമായി പണി തുടർന്നിരുന്ന പാലത്തിൽ നിർമ്മാണ സൂചകങ്ങളായി സ്ഥാപിച്ചിരുന്നത് രണ്ട് വീപ്പകൾ മാത്രം. ഇതും കഴിഞ്ഞ ദിവസം രാത്രി പണി നടന്നിരുന്ന സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇതോടെയാണ് പുതിയകാവിൽ നിന്ന് എത്തിയ ബൈക്ക് യാത്രികർ നേരെ പാലത്തിൽ വന്ന് ഇടിച്ചത്.
തൃപ്പൂണിത്തുറ സ്വദേശിയായ കരാറുകാരന്‍റെ വീഴ്ച ബോദ്ധ്യമായതോടെയാണ് തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തത്. അശ്രദ്ധ കാരണം ഉണ്ടായ മരണത്തിനാണ് കേസെടുത്തത്. സംഭവം വാർത്തയായതോടെ പൊതുമരാമത്ത് വകുപ്പും ഇടപെട്ടു. ജില്ലാ കളക്ടർ പരിശോധിച്ചാണ് എഞ്ചിനീയർക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചത്.
ഏരൂർ സ്വദേശിയായ വിഷ്ണു കൊച്ചി ബിപിസിഎല്ലിൽ കരാർ ജീവനക്കാരനായിരുന്നു. സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് മടങ്ങും വഴിയായിരുന്നു അപകടം. ഈ അവസ്ഥ ഇനിയാർക്കും ഉണ്ടാകരുതെന്നാണ് വിഷ്ണുവിന്‍റെ അച്ഛൻ മാധവൻ പറഞ്ഞത്. വിഷ്ണുവിനൊപ്പം അപകടത്തിൽ പെട്ട ആദർശിന് നട്ടെല്ലിനാണ് പരിക്ക്. ആറ് മാസമായിട്ടും പാലം പണി പൂർത്തിയാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ആണ് ദാരുണസംഭവം.